തെന്നിന്ത്യൻ സിനിമാലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിര
നായികയായി തിളങ്ങിനിൽക്കുന്ന തൃഷ കൃഷ്ണൻ പുതിയൊരു കരിയർ റെക്കോർഡിലേക്ക്
കുതിക്കുന്നതായി റിപ്പോർട്ടുകൾ. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത്, സൂര്യ നായകനായ 'കറുപ്പ്' എന്ന
ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നതിനിടയിലാണ് നടിയെ
തേടി പുതിയൊരു അത്യപൂർവ്വ നേട്ടം കൂടി എത്തിയിരിക്കുന്നത്. തമിഴ്, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വലിയ പ്രേക്ഷകപ്രീതിയുള്ള തൃഷയ്ക്ക്
റെഡ് ജയന്റ് മൂവീസ് തങ്ങളുടെ പുതിയ ചിത്രത്തിനായി റെക്കോർഡ് പ്രതിഫലം വാഗ്ദാനം
ചെയ്തതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ്
മൂവീസിന്റെ വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റിൽ തൃഷയെയാണ് നായികയായി
നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി കരിയറിൽ ഇതുവരെ ഒരു തെന്നിന്ത്യൻ നായികയ്ക്കും
ലഭിക്കാത്ത തരത്തിലുള്ള വൻ തുകയാണ് താരത്തിന് ഓഫർ ചെയ്തിരിക്കുന്നത്. 12 കോടി രൂപയാണ് ഈ ചിത്രത്തിനായി തൃഷയ്ക്ക് പ്രതിഫലമായി നൽകാൻ നിർമ്മാതാക്കൾ
തയ്യാറായിരിക്കുന്നത് എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. നിലവിൽ
തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഉൾപ്പെടെയുള്ളവർ വാങ്ങുന്ന
പ്രതിഫലത്തിന് തുല്യമായ തുകയാണിത്.
തൃഷ നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഫലത്തിന്റെ
ഇരട്ടിയിലധികമാണ് ഈ പുതിയ ഓഫർ. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി മികച്ച
പ്രതികരണവും വൻ ഓപ്പണിംഗും നേടിക്കൊണ്ടിരിക്കുന്ന 'കറുപ്പ്'
എന്ന സിനിമയ്ക്കായി തൃഷ വാങ്ങിയത് 5 കോടി
രൂപയാണെന്നാണ് കണക്കുകൾ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും
ഒന്നിച്ച കറുപ്പ് എന്ന ചിത്രത്തിലെ തൃഷയുടെ പ്രകടനവും മേക്കോവറും വലിയ രീതിയിൽ
പ്രശംസിക്കപ്പെടുന്നുണ്ട്. ഈ ചിത്രത്തിന്റെ വൻ വിജയവും താരമൂല്യവും തന്നെയാണ്
പുതിയ പ്രോജക്റ്റിൽ റെക്കോർഡ് പ്രതിഫലം തൃഷയ്ക്ക് ലഭിക്കാൻ കാരണമായത്. ഈ പുതിയ
കരാർ ഒപ്പിടുന്നതോടെ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന
മുൻനിര നായികമാരുടെ പട്ടികയിൽ തൃഷയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കപ്പെടും.
