കല്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ, ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വയനാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ അന്വേഷണം തുടങ്ങി. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തയത്. ടി. സിദ്ധിഖ് എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് കെ.സി. വേണുഗോപാലിനെ പിന്തുണച്ചാല്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ പോസ്റ്ററുകളിലുള്ളത്. കെ.സി. വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരന്‍ മാത്രമാണെന്നും, രാഹുലിന്റെയും പ്രിയങ്കയുടെയും ഇത്തരം വിഡ്ഢിത്തരങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നും പോസ്റ്ററുകളില്‍ കുറിച്ചിട്ടുണ്ട്. 'വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ, ഇനി ഇവിടെ നിന്ന് ജയിക്കില്ല' എന്ന കടുത്ത വെല്ലുവിളിയും പോസ്റ്ററുകള്‍ ഉയര്‍ത്തുന്നു.
ഈ സംഭവത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രാഥമിക വിലയിരുത്തല്‍. ഇംഗ്ലീഷില്‍ ഡി.ടി.പി ചെയ്ത വാചകങ്ങളടങ്ങിയ പോസ്റ്ററുകള്‍ പലയിടത്തും ആസൂത്രിതമായാണ് പതിച്ചിരിക്കുന്നത്. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസിന്റെ ബോര്‍ഡിലാണ് ആദ്യം പോസ്റ്ററുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്നുള്ള പരിശോധനകളില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മുക്കം, കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ പോസ്റ്ററുകള്‍ പതിച്ചതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, കല്പറ്റ പോലീസ് സംഭവസ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ആ സമയത്തെ ഫോണ്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. പോസ്റ്ററുകള്‍ ഡി.ടി.പി ചെയ്ത കേന്ദ്രങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ കെ.സി. വേണുഗോപാല്‍ വിഭാഗവും വി.ഡി. സതീശന്‍ അനുകൂലികളും പരസ്പരം സംശയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തിനിടയില്‍ എതിര്‍വിഭാഗത്തെ വെട്ടിലാക്കാന്‍ ബോധപൂര്‍വ്വം ചെയ്തതാണോ ഇതെന്നാണ് ഇരുവിഭാഗവും സംശയിച്ചത്. വയനാട് മണ്ഡലത്തെയും ഗാന്ധി കുടുംബത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
