ആക്രമണം നടക്കുമ്പോൾ ഭാര്യയും മകളും കൊച്ചു മകനും മാത്രം; കലി കയറി ജനൽ ചില്ലുകൾ അടക്കം അടിച്ചുതകർത്തു; വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതിയെ പിടികൂടാനാവാതെ പോലീസ്

 


തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യവീടിന് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത പ്രതി, പോർച്ചിലിരുന്ന സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 7.30-ഓടെ ആക്രമണമുണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവും തളിക്കുളം സ്വദേശിയുമായ ഷക്കീറാണ് അതിക്രമം നടത്തിയതെന്ന് കുടുംബം പോലീസിൽ പരാതി നൽകി. സംഭവം നടക്കുമ്പോൾ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതീവ അക്രമാസക്തനായി എത്തിയ പ്രതി വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകൾ തകർക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരും പോലീസും എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഒളിച്ചെത്തിയ പ്രതി, വീടിന്റെ പോർച്ചിലിരുന്ന ഇരുചക്രവാഹനം തീയിട്ട് നശിപ്പിച്ച ശേഷം വീണ്ടും കടന്നുകളയുകയായിരുന്നു.

പ്രതിയായ ഷക്കീർ മുൻപും സമാനമായ രീതിയിൽ അതിക്രമങ്ങൾ കാട്ടിയിട്ടുള്ളതായി വീട്ടുകാർ വ്യക്തമാക്കുന്നു. പത്ത് മാസം മുൻപ് ഇതേ വീട്ടിൽ കയറി ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പുറമെ, യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items