'കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയേയും ഇവിടുത്തെ രണ്ട് വലിയ പാര്‍ട്ടികളേയും എതിര്‍ത്ത് ഒറ്റയ്ക്ക് വിജയിച്ചു; വിജയ്യുടേത് എം.ജി.ആര്‍, എന്‍.ടി.ആര്‍ എന്നിവരുടേതിനേക്കാള്‍ വലിയ നേട്ടം; വിജയ് മുഖ്യമന്ത്രിയാവുന്നതില്‍ എനിക്കെന്ത് അസൂയ?; അത്ഭുതവും സന്തോഷവും നിറഞ്ഞ വികാരമാണ് തോന്നുന്നതെന്നും രജനികാന്ത്; വിവാദങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് തലൈവര്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികളെ പരാജയപ്പെടുത്തി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ പശ്ചാത്തലത്തില്‍, തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളിലും ഊഹാപോഹങ്ങളിലും മൗനം വെടിഞ്ഞ് സൂപ്പര്‍താരം രജനീകാന്ത്. വിജയിന്റെ വന്‍ വിജയത്തിന് ശേഷവും അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴും രജനീകാന്ത് പുലര്‍ത്തിയ മൗനവും, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കൈകൂപ്പി നടന്നുപോയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ അസംതൃപ്തനാണെന്നും, വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ തമ്മില്‍ ലയിപ്പിക്കാന്‍ പിന്നാമ്പുറ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്ന സാഹചര്യത്തിലാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ തന്റെ വസതിയില്‍ ഞായറാഴ്ച രാവിലെ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ താരം നേരിട്ട് നയം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയരുന്ന അസത്യങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ അത് സത്യമായി ജനങ്ങള്‍ സ്വീകരിക്കുമെന്നതിനാലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ രജനീകാന്ത്, ഉയര്‍ന്നുവന്ന ഓരോ വിമര്‍ശനങ്ങളും അക്കമിട്ടു നിരത്തിയാണ് മറുപടി നല്‍കിയത്.

തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ പോയി കണ്ടതാണ് തന്നെ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണമായതെന്ന് രജനീകാന്ത് ചൂണ്ടിക്കാട്ടി. സ്റ്റാലിന്‍ നാല്‍പ്പത് വര്‍ഷത്തോളമായി തന്റെ അടുത്ത സുഹൃത്താണെന്നും തങ്ങള്‍ തമ്മിലുള്ള സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണെന്നും താരം തുറന്നുപറഞ്ഞു. ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ സ്റ്റാലിന്‍ കൊളത്തൂരില്‍ പരാജയപ്പെട്ടതില്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി വലിയ വിഷമം തോന്നിയിരുന്നു. ആ സങ്കടം കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍ വിജയ് മുഖ്യമന്ത്രിയാകരുതെന്ന് പറയാനും, രണ്ട് വലിയ പാര്‍ട്ടികളെ ഒന്നിപ്പിച്ച് വിജയ്യുടെ ഭരണം തടയാനുമാണ് താന്‍ പോയതെന്ന രീതിയില്‍ ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിജയ് മുഖ്യമന്ത്രിയായപ്പോള്‍ താന്‍ അഭിനന്ദനം അറിയിച്ചില്ല എന്ന രീതിയിലുള്ള ആരോപണങ്ങളും പൂര്‍ണ്ണമായി തെറ്റാണെന്ന് രജനീകാന്ത് വ്യക്തമാക്കി. ടി.വി.കെ ഭൂരിപക്ഷം നേടി വിജയി വിജയിച്ചയുടന്‍ തന്നെ താന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. കൂടാതെ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്. ഇത് അറിയാത്തവരാണ് വിമാനത്താവളത്തില്‍ വെച്ച് ആശംസിച്ചില്ല എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നത്. അനാവശ്യമായി മറ്റൊരു കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ താന്‍ അത്ര വിലകുറഞ്ഞ ചിന്താഗതിയുള്ള ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ തനിക്ക് അസൂയയുണ്ടെന്ന പ്രചാരണത്തെയും രജനീകാന്ത് ചിരിയോടെ തള്ളിപ്പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ പോലുമില്ലാത്ത ഒരാളാണ്, പിന്നെന്തിനാണ് രാഷ്ട്രീയത്തിലുള്ള വിജയ്യോട് തനിക്ക് അസൂയ തോന്നുന്നത്? ഒരുപക്ഷേ തന്റെ സമകാലികനായ കമല്‍ഹാസന്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ തനിക്ക് ചിലപ്പോള്‍ ചെറിയ അസൂയ തോന്നിയേക്കാമെന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു. വിജയ്യും താനും തമ്മില്‍ ഏകദേശം 25 വര്‍ഷത്തെ തലമുറ വിടവുണ്ട് (Generation Gap). ചെറുപ്പം മുതല്‍ താന്‍ കാണുന്ന വ്യക്തിയാണ് വിജയ്. അതുകൊണ്ട് തന്നെ തങ്ങള്‍ തമ്മില്‍ ഒരു മത്സരത്തിന്റെയോ അസൂയയുടെയോ ആവശ്യമില്ല. 52-ാം വയസ്സില്‍ എം.ജി.ആറിനും എന്‍.ടി.ആറിനും സാധിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് വിജയ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും സംസ്ഥാനത്തെ രണ്ട് വന്‍ രാഷ്ട്രീയ ശക്തികളോടും ഒറ്റയ്ക്ക് പോരാടിയാണ് നമ്മുടെ സിനിമാ ലോകത്തുനിന്നുള്ള ഈ യുവാവ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയത്. ഈ നേട്ടത്തില്‍ തനിക്ക് അസൂയയല്ല, മറിച്ച് അത്ഭുതവും സന്തോഷവും നിറഞ്ഞ വികാരമാണ് തോന്നുന്നതെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു. നേരത്തെ വിജയ്യുടെ അവസാന ചിത്രമായ 'ജനനായകന്‍' ഇന്റര്‍നെറ്റില്‍ ചോര്‍ന്നപ്പോഴും തമിഴക വെട്രി കഴകം വന്‍ ഭൂരിപക്ഷം നേടിയപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത് വിജയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഗവര്‍ണര്‍ക്ക് മുന്നില്‍ വിജയിന്റെ പാര്‍ട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ പാടുപെടുമ്പോള്‍ സംസാരിക്കാതിരുന്നതിനും, പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനും രജനീകാന്ത് വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് മറുപടിയായി താന്‍ മുന്‍പ് ഒരു മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും അത് തന്റെ ശൈലി അല്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ടെന്നും തീര്‍ച്ചയായും അദ്ദേഹം അത് നിറവേറ്റുമെന്ന വിശ്വാസമുണ്ടെന്നും രജനീകാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ അതിനായി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം. അതോടൊപ്പം വിജയ്യുടെ അനുയായികളും ആരാധകരും വളരെ ശ്രദ്ധിച്ച് വേണം പെരുമാറാന്‍. അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വിജയിക്ക് വലിയ ദോഷം ചെയ്യുമെന്ന് അവര്‍ എപ്പോഴും ഓര്‍ക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. അതേസമയം, കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ വിജയ്യുടെ വസതിയിലെത്തി അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നു. മുഖ്യമന്ത്രി വിജയ് തന്നോട് കാണിച്ച വിനയത്തിലും സ്‌നേഹത്തിലും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കമല്‍ഹാസന്‍ കുറിച്ചിരുന്നു. തമിഴ് സിനിമയിലെ തലമുറ വ്യത്യാസങ്ങള്‍ക്കപ്പുറം പരസ്പര ബഹുമാനത്തോടെയുള്ള ശക്തമായ ബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രജനീകാന്ത് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items