കൊച്ചി:
മലയാള സിനിമയിൽ സമീപവർഷങ്ങളിലൊന്നും ഒരു ചിത്രത്തിനും ലഭിക്കാത്ത അത്രയും വലിയ
പ്രീ-റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'എമ്പുരാൻ'. ഇൻഡസ്ട്രി ഹിറ്റായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമെന്നതായിരുന്നു ചിത്രത്തിന്
ലഭിച്ച ഈ വൻ വരവേൽപ്പിന് കാരണം. ബോക്സ് ഓഫീസിൽ മലയാളത്തിലെ എക്കാലത്തെയും വലിയ
കളക്ഷനുകളിലൊന്നിലേക്ക് ചിത്രം എത്തിയെങ്കിലും, ആദ്യ
ഭാഗത്തിന് ലഭിച്ചതുപോലെയുള്ള പൂർണ്ണമായ പ്രേക്ഷകപ്രീതി എമ്പുരാന്
നേടിയെടുക്കാനായില്ലെന്ന ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ മൂന്നാം
ഭാഗത്തെക്കുറിച്ചുള്ള സസ്പെൻസ് അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. 'ദൃശ്യം 3' സിനിമയുടെ റിലീസിന് മുന്നോടിയായി മോഹൻലാൽ ഫാൻസ് ക്ലബ്ബ് എക്സ് സ്പേസിൽ
സംഘടിപ്പിച്ച ചർച്ചയിലാണ് ആന്റണി പെരുമ്പാവൂർ 'അസ്രയേലി'നെക്കുറിച്ച് വ്യക്തത വരുത്തിയത്. ചിത്രമുണ്ടാകുമോ എന്ന ആരാധകരുടെ
ചോദ്യത്തിന് 'ഉറപ്പായും ഉണ്ടാകും' എന്നായിരുന്നു
അദ്ദേഹത്തിന്റെ മറുപടി. "അസ്രയേൽ 100 ശതമാനം ഉണ്ടാവും.
പിന്നെ വേണ്ടേ, ചെയ്യണ്ടേ? ക്ഷീണം
തീർക്കണ്ടേ, അങ്ങനെയുള്ള പടങ്ങൾ വന്നാലല്ലേ ഒരു അനക്കം
ഉണ്ടാവൂ? അതൊക്കെ നമുക്ക് ചെയ്യണം. അത് കുറച്ച് ഗ്യാപ്പിൽ
മതിയെന്ന് മാത്രം. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ"– ആന്റണി പെരുമ്പാവൂർ
പറഞ്ഞു.
അതേസമയം, അസ്രയേൽ ചെയ്യുന്നതിനുള്ള പ്രധാന തടസ്സത്തെക്കുറിച്ച് സംവിധായകൻ
പൃഥ്വിരാജ് മുൻപ് വെളിപ്പെടുത്തിയിരുന്നു. താൻ അതിഥി വേഷത്തിലെത്തിയ ടൊവിനോ ചിത്രം
'പള്ളിച്ചട്ടമ്പി'യുടെ
വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പങ്കുവെച്ചത്.
എമ്പുരാനെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾ മൂന്നാം ഭാഗം ചെയ്യുന്നതിൽ നിന്ന്
പിന്തിരിപ്പിച്ചോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
"ഇല്ല. വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ അങ്ങനെയൊരു
തീരുമാനം എടുക്കുന്ന ആളല്ല ഞാൻ. എമ്പുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ
ഉണ്ടാവും. പക്ഷേ എന്നിരുന്നാലും, പൊതുവായി അതിന്റെയൊരു
അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ടെന്നാണ് എനിക്ക്
തോന്നുന്നത്. അപ്പോൾ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാൻ ഇപ്പോഴും
എവിടെയെങ്കിലും പോയാൽ 'എൽ 3 എന്നാണ്'
എന്നൊരു ചോദ്യമെങ്കിലും ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റിൽ
പോയിട്ടും എൽ 3യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും
കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാൻ എനിക്ക് വലിയൊരു
പ്രചോദനമുണ്ട്.
അതിന്റെ
ഏറ്റവും വലിയ തടസമെന്ന് പറയുന്നത് എന്റെ സമയമാണ്. തീർച്ചയായും ലാലേട്ടന്റെയൊക്കെ
സമയം എന്റെ സമയത്തേക്കാൾ വിലപ്പെട്ടതാണ്. പക്ഷേ ഞാൻ അതിനുവേണ്ടി ഒരു സമയം
മാറ്റിവെക്കുക എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ചലഞ്ച്. പിന്നെ എനിക്ക് അല്ലാതെ
ഒന്നുരണ്ട് കമ്മിറ്റ്മെന്റ്സ് ഉണ്ട്, ഡയറക്റ്റ്
ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാൻ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ്
ഒക്കെയുണ്ട്. അതിന്റെയൊക്കെ കാര്യങ്ങൾ നോക്കണം." മൂന്ന് ഭാഗങ്ങളിലായി
അവസാനിക്കുന്ന ഒരു ഫ്രാഞ്ചൈസിയായാണ് തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫർ ചിത്രങ്ങൾ
എഴുതിയിരിക്കുന്നത്. ഇതിന്റെ മൂന്നാം ഭാഗമായ 'അസ്രയേൽ'
(L3) എന്ന ടൈറ്റിൽ എമ്പുരാന്റെ അവസാനത്തിൽ
എഴുതിക്കാണിച്ചിരുന്നുവെങ്കിലും ചിത്രത്തെക്കുറിച്ച് പിന്നീട് ഔദ്യോഗിക
അറിയിപ്പുകളൊന്നും വന്നിരുന്നില്ല. നിർമ്മാതാവ് കൂടി പച്ചക്കൊടി കാട്ടിയതോടെ,
മോഹൻലാൽ–പൃഥ്വിരാജ്–മുരളി ഗോപി കൂട്ടുകെട്ടിന്റെ മൂന്നാം
അങ്കത്തിനായി ഇനി കാത്തിരിക്കാം എന്ന ആവേശത്തിലാണ് ആരാധകർ.
