തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള നമ്പറുകള്‍ അനുവദിച്ച് ഉത്തരവായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനത്തിന് ഒന്നാം നമ്പറും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം നമ്പര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് നല്‍കിയപ്പോള്‍ മോന്‍സ് ജോസഫിന് മൂന്നും സണ്ണി ജോസഫിന് നാലും നമ്പറുകള്‍ ലഭിച്ചു. എപി അനില്‍കുമാറിന് ഏഴാം നമ്പറും അനുവദിച്ചു.
മന്ത്രിസഭയിലെ പ്രമുഖ നേതാക്കള്‍ തങ്ങള്‍ക്ക് താത്പര്യമുള്ള നമ്പറുകള്‍ക്കായി ശക്തമായ അവകാശവാദം ഉന്നയിച്ചിരുന്നതിനാല്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൊതുഭരണ വകുപ്പ് നമ്പറുകള്‍ നിശ്ചയിച്ചത്. ഒന്നും രണ്ടും മൂന്നും നമ്പറുകളുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ലെങ്കിലും തുടര്‍ന്നുള്ള നമ്പറുകള്‍ക്കായി മന്ത്രിമാര്‍ പിടിമുറുക്കി. കഴിഞ്ഞ തവണ മന്ത്രിയായപ്പോഴും ഒമ്പതാം നമ്പര്‍ കാറാണ് ഉപയോഗിച്ചിരുന്നതെന്നും അതിനാല്‍ തനിക്ക് തന്നെ അത് വേണമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
തനിക്ക്
പതിനൊന്നാം നമ്പര്‍ വേണമെന്ന കെ. മുരളീധരന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ആര്‍എസ്പി
നേതാവ് ഷിബു ബേബി ജോണ്‍ തന്റെ പ്രത്യേക താത്പര്യപ്രകാരം 51-ാം നമ്പറാണ് ആവശ്യപ്പെട്ടത്, ഇത് അദ്ദേഹത്തിന്
അനുവദിച്ചു നല്‍കുകയും ചെയ്തു. എ.പി. അനില്‍കുമാറിന് ഏഴാം നമ്പറാണ് ലഭിച്ചത്.
മറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകള്‍ താഴെ പറയുന്ന ക്രമത്തിലാണ്
അനുവദിച്ചിരിക്കുന്നത്: അനൂപ് ജേക്കബ്- 5, സി.പി. ജോണ്‍- 6,
കെ.എ. തുളസി- 8, പി.സി. വിഷ്ണുനാഥ്- 12,
കെ.എം. ഷാജി- 13, വി.ഇ. അബ്ദുല്‍ ഗഫൂര്‍- 14,
ടി. സിദ്ദീഖ്- 15, റോജി എം. ജോണ്‍- 16,
പി.കെ. ബഷീര്‍- 17, എം. ലിജു- 18, ഒ.ജെ. ജനീഷ്- 19, എന്‍. ഷംസുദ്ദീന്‍- 21, ബിന്ദു കൃഷ്ണ- 27. നമ്പറുകള്‍ ഔദ്യോഗികമായി
നിശ്ചയിച്ചതോടെ വരും ദിവസങ്ങളില്‍ പുതിയ വാഹനങ്ങളിലാകും മന്ത്രിമാരുടെ യാത്ര.
