കൊച്ചി: റിലീസ് ചെയ്ത രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടർന്ന് മോഹൻലാൽ ചിത്രം 'ദൃശ്യം 3'. രണ്ടാം ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 11.05 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തിലെ 15.85 കോടിയിൽ നിന്ന് കളക്ഷനിൽ നേരിയ കുറവുണ്ടായെങ്കിലും തീയേറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ രണ്ടു ദിവസത്തെ പ്രദർശനം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 26.90 കോടി രൂപയായി ഉയർന്നു. ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 31.18 കോടി രൂപയാണെന്ന് സിനിമാ ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. വിദേശ വിപണിയിലും ജോർജുകുട്ടിയുടെ മൂന്നാം വരവിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിനത്തിൽ മാത്രം 20 കോടി രൂപയാണ് വിദേശത്തുനിന്ന് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ഇതോടെ രണ്ട് ദിവസത്തെ ആകെ വിദേശ കളക്ഷൻ 45 കോടിയായി.
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്ന് വെറും രണ്ട് ദിവസം കൊണ്ട് 76.18 കോടി രൂപയാണ് ചിത്രം നേടിയത്മലയാളം പതിപ്പിൽ മാത്രം ശരാശരി 56.44 ശതമാനം തിയേറ്റർ ഒക്യുപൻസി (തീയേറ്ററിലെ ആളുകളുടെ എണ്ണം) രേഖപ്പെടുത്തി. രാത്രി ഷോകളിൽ ഇത് 68.33 ശതമാനം വരെയായി ഉയർന്നു. തമിഴ് പതിപ്പിന് 38.05 ശതമാനവും തെലുങ്ക് പതിപ്പിന് 18.42 ശതമാനവും കന്നഡ പതിപ്പിന് 17.58 ശതമാനവും ഒക്യുപൻസി ലഭിച്ചു. 2,875 ഷോകളിലായി പ്രദർശിപ്പിച്ച മലയാളം പതിപ്പ് മാത്രം രണ്ടാം ദിനം 9.85 കോടി രൂപ നേടി. തെലുങ്ക് പതിപ്പ് 70 ലക്ഷവും തമിഴ് 40 ലക്ഷവും കന്നഡ പതിപ്പ് 10 ലക്ഷം രൂപയും കളക്ഷനിലേക്ക് സംഭാവന ചെയ്തു.
കേരളത്തിൽ കൊച്ചിയാണ് ഒക്യുപൻസിയിൽ ഏറ്റവും മുന്നിൽ (85.3%). ഇവിടെ വൈകുന്നേരത്തെ ഷോകളിൽ 93 ശതമാനം തിയേറ്റർ ഒക്യുപൻസിയാണ് ചിത്രം നേടിയത്. കോഴിക്കോട് (82.5%), കോട്ടയം (81%), കൊല്ലം (77.3%), തൃശൂർ (75.8%), ആലപ്പുഴ (73.8%), തിരുവനന്തപുരം (62.8%) എന്നിങ്ങനെ കേരളത്തിലുടനീളം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറത്ത് ചെന്നൈയിൽ 46.3 ശതമാനവും ബെംഗളൂരുവിൽ 31 ശതമാനവും ഒക്യുപൻസി മലയാളം ഷോകൾക്ക് ലഭിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിൽ വറംഗൽ (35.8%), കരീംനഗർ (36.8%) എന്നീ കേന്ദ്രങ്ങളാണ് മുന്നിൽ. തമിഴ്നാട്ടിൽ പുതുച്ചേരിയിൽ രാത്രി ഷോകളിൽ 99 ശതമാനം ഒക്യുപൻസിയോടെ വൻ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്.
കന്നഡയിൽ
ഹുബ്ബള്ളിയും തുമക്കൂരുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജീത്തു ജോസഫ് സംവിധാനം
ചെയ്ത 'ദൃശ്യം 3', ജോർജുകുട്ടിയുടെ ഒളിപ്പിച്ചു വെച്ച
ഭൂതകാലം എങ്ങനെ അയാളുടെ കുടുംബത്തിന്റെ ഭാവിയെ വീണ്ടും ബാധിക്കുന്നു എന്ന കഥയാണ്
പറയുന്നത്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ആശ ശരത്, എസ്തർ അനിൽ, അൻസിബ ഹസൻ, മീനാക്ഷി
തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. 2 മണിക്കൂറും 39 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റാണ്
ലഭിച്ചിരിക്കുന്നത്.
