തിരുവനന്തപുരം: സ്‌കൂള്‍ വാഹനത്തിലെ ജീവനക്കാരുടെ നിയമനത്തില്‍ കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണം. ജീവനക്കാര്‍ക്ക് ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ നിര്‍ദേശം പുറത്തുവന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു
മയക്കുമരുന്ന് ഉപയോഗിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുരുതര ട്രാഫിക് നിയമലംഘന കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരെ നിയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന നിര്‍ദേശം. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന പാലിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കണമെന്നും പറയുന്നു.
എല്‍.കെ.ജി, യു.കെ.ജി, പ്രമൈമറി തലത്തിലുള്ള കുട്ടികള്‍ യാത്ര
ചെയ്യുന്ന ബസുകളില്‍ പരിശീലനം ലഭിച്ച വനിത അറ്റന്‍ഡര്‍മാരുടെ സാന്നിധ്യം
ഉറപ്പാക്കണം. കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യല്‍, അപകടങ്ങള്‍
ഉണ്ടാകുന്ന പക്ഷം പ്രാഥമിക ശുശ്രൂഷ നല്‍കല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ
പരിചരണം എന്നീ വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം ഉറപ്പുവരുത്തണമെന്നും
വകുപ്പ് നിര്‍ദേശിക്കുന്നു. അധ്യയന വര്‍ഷത്തിനിടയില്‍ ജീവനക്കാര്‍ ജോലി നിര്‍ത്തിപ്പോകുന്ന
സാഹചര്യം കുറക്കാന്‍ ഒരു അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
