കാസര്‍കോട്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിലൂടെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) സുജിത്തിനെതിരെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അടിയന്തര നടപടി സ്വീകരിച്ചത്. മന്ത്രി കെ എം ഷാജി അധികാരമേറ്റയുടനെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ നടത്തിയ രാഷ്ട്രീയ-വ്യക്തിപരമായ അധിക്ഷേപങ്ങളാണ് വലിയ വിവാദത്തിനും തുടര്‍നടപടികള്‍ക്കും വഴിവെച്ചത്.
കാസര്‍കോട്
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും അടങ്ങുന്ന 'POLICE
FRIENDS' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്ത് വിവാദ
സന്ദേശം പോസ്റ്റ് ചെയ്തത്. ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍
പങ്കെടുത്ത പ്രമുഖ നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടുന്നതിനൊപ്പം മന്ത്രി കെ
എം ഷാജിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ്
സന്ദേശത്തിലുണ്ടായിരുന്നത്. മുന്‍പ് നടന്ന രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളും യുഡിഎഫ്
മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചത് അവരുടെ സംസ്‌കാരമാണെന്ന് സന്ദേശത്തില്‍
കുറ്റപ്പെടുത്തുന്നു. അന്നത്തെ ചടങ്ങിലെത്തിയ പിണറായി വിജയനെ കോണ്‍ഗ്രസുകാരും കേരള
കോണ്‍ഗ്രസുകാരും സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാമെന്നും, 'കൊടുംവിഷം' എന്ന് വിശേഷിപ്പിക്കപ്പെട്ട രാജീവ്
ചന്ദ്രശേഖറും 'പരനാറി' എന്ന്
വിശേഷിപ്പിക്കപ്പെട്ട എന്‍ കെ പ്രേമചന്ദ്രനും അവിടെയുണ്ടെന്നും സന്ദേശത്തില്‍
പറയുന്നുണ്ട്.
എന്നാല്‍ അതേ വേദിയില്‍ നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് രക്ഷപ്പെടുന്ന ഒരു വര്‍ഗീയവാദിയെ കാണാമെന്നും, അത് ഉറക്കത്തില്‍ പോലും മതം മാത്രം പുലമ്പുന്ന കെ എം ഷാജിയാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പില്‍ കുറിച്ചത്. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റുമെന്നും പിണറായി വിജയന്‍ എന്ന മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിയുടെ മുട്ടുവിറയ്ക്കുമെന്നും സന്ദേശത്തില്‍ ആക്രോശിക്കുന്നുണ്ട്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും പരസ്യമായി ഉണ്ടായ ഈ രാഷ്ട്രീയ അധിക്ഷേപവും മന്ത്രിക്കെതിരെയുള്ള മോശം പരാമര്‍ശവും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും അത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സിപിഒ സുജിത്തിനെ സസ്പെന്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പരസ്യമായി രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചതും ഒരു മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതും ഗുരുതരമായ അച്ചടക്കലംഘനമായാണ് വകുപ്പ് വിലയിരുത്തുന്നത്.
വാട്‌സ്ആപ്പ്
ഗ്രൂപ്പില്‍ വന്ന സന്ദേശം 'സത്യപ്രതിജ്ഞ ചടങ്ങിനെത്തി
പിണറായി വിജയന്‍. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട്
സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു.
അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ
സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരെയും കേരള കോണ്‍ഗ്രസുകാരെയും എന്തിന് പിണറായി
കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച
പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട്
മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം.
ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക്
കെട്ടി അണികളുടെ മുന്നില്‍ തെറിവിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ. ആ
മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ
നിന്ന് വിറയ്ക്കാന്‍ പോകുന്നതേയുള്ളൂ'.
