'ചെറിയ വേഷം വേണ്ട, തരുമ്പോൾ വലുത് തരണം'; ക്രിക്കറ്റ് കഴിഞ്ഞാൽ അവന്റെ കോൾ വരും, ആ ഷോട്ട് ശരിയായില്ലെന്ന് പറയും; ഇനി അവന്റെ സിനിമ കണ്ട് ഞാനും കുറ്റം പറയും; ചിരി പടർത്തി സഞ്ജു-ബേസിൽ കോമ്പോ

 


ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസിൽ ജോസഫും തമ്മിലുള്ള ആത്മബന്ധം പരസ്യമാണ്. സഞ്ജുവിന്റെ മൈതാനത്തെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ബേസിൽ ആഘോഷമാക്കാറുണ്ട്. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ 'അതിരടി' കേരളത്തിലെ വൻ വിജയത്തിന് ശേഷം തമിഴിലേക്ക് മൊഴിമാറ്റി എത്തുമ്പോൾ, ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ട്രെയിലർ ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് ഉറ്റസുഹൃത്തായ സഞ്ജു സാംസണായിരുന്നു.

 

ചടങ്ങിൽ സഞ്ജുവും ബേസിലും തമ്മിൽ വേദിയിൽ പങ്കുവെച്ച രസകരമായ കൗണ്ടറുകളും വെളിപ്പെടുത്തലുകളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'അതിരടി' എന്ന ചിത്രത്തിലെ ഒരു അതിഥി വേഷത്തിലേക്ക് സഞ്ജു സാംസണെ ആദ്യം ആലോചിച്ചിരുന്നതായി ബേസിൽ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ആ വേഷം ചെയ്യാതിരുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് തനതായ ശൈലിയിൽ സഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "വളരെ ചെറിയൊരു വേഷമാണ് ബേസിൽ എനിക്ക് തന്നത്. അതുകൊണ്ടാണ് ഞാൻ അത് ചെയ്യാതിരുന്നത്. തരുമ്പോൾ കുറച്ചുകൂടി വലിയ വേഷം തരണമെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ ഭയങ്കര വലിയ സംവിധായകനാണ്, അതുകൊണ്ട് എനിക്ക് എങ്ങനെയുള്ള വേഷമാണ് നൽകേണ്ടതെന്ന് അവന് കൃത്യമായി അറിയാം."


സഞ്ജുവിന് ഏതുതരം വേഷമാണ് നൽകാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, നല്ല 'മാസ്' ആയ സ്റ്റൈലിഷ് വേഷമായിരിക്കുമെന്നായിരുന്നു ബേസിലിന്റെ മറുപടി. ഉടൻ തന്നെ ബേസിൽ അടുത്ത കൗണ്ടറുമിട്ടു, "ഇതും മാസാണ്, ഒരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു അത്." എന്നാൽ വിട്ടുകൊടുക്കാൻ സഞ്ജുവും തയ്യാറായില്ല; "തമിഴ്‌നാട്ടിൽ പണ്ടുമുതലേ ഓട്ടോ ഡ്രൈവർ വേഷങ്ങൾ സൂപ്പർ മാസാണ്'' എന്നായിരുന്നു സഞ്ജുവിന്റെ തകർപ്പൻ മറുപടി. ഇതുപോലൊരു സിനിമാ ചടങ്ങിൽ താൻ മുൻപ് പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ സഞ്ജു, സുഹൃത്ത് വിളിച്ചതുകൊണ്ട് മാത്രമാണ് എത്തിയതെന്നും കൂട്ടിച്ചേർത്തു. "ബേസിലിനെ എനിക്ക് വർഷങ്ങളായി അറിയാം. എല്ലാ സാധാരണ സൗഹൃദങ്ങളെയും പോലെ തന്നെയാണ് ഞങ്ങളും. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ എങ്ങനെയെന്ന് അവനും, സിനിമക്കാരൻ എന്ന നിലയിൽ അവൻ എങ്ങനെയെന്ന് എനിക്കും നന്നായി അറിയാം. എല്ലാവർക്കും ബേസിൽ എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന ഒരാളാണ്, എന്നാൽ ശരിക്കും അവൻ ജോലിയുടെ കാര്യത്തിൽ കടുത്ത കണിശക്കാരനും സീരിയസുമായ വ്യക്തിയാണ്." – സഞ്ജു പറഞ്ഞു.

'അതിരടി' ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ഇതിനായി അവൻ എടുത്ത കഠിനാധ്വാനം നേരിട്ടറിയാവുന്നത് കൊണ്ടാണ് താൻ ഇവിടെ എത്തിയതെന്നും, ബേസിൽ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ അതിനായി നൂറു ശതമാനം സമർപ്പിക്കുന്ന ആളാണെന്നും സഞ്ജു ഓർമ്മിപ്പിച്ചു. സിനിമ തമിഴിലും മലയാളത്തിലും കണ്ട് എല്ലാവരും വിലയിരുത്തണമെന്ന് സഞ്ജു അഭ്യർത്ഥിച്ചു. ഒപ്പം മറ്റൊരു രസകരമായ കാര്യം കൂടി താരം വെളിപ്പെടുത്തി: "എന്റെ ഓരോ ക്രിക്കറ്റ് മാച്ച് കഴിയുമ്പോഴും ബേസിൽ എന്നെ ഫോണിൽ വിളിക്കും. എന്നിട്ട് 'നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല, ഈ ഷോട്ട് ഇങ്ങനെ കളിക്കണമായിരുന്നു' എന്നൊക്കെ പറഞ്ഞ് വിലയിരുത്തും. അതുകൊണ്ട് ഇനി ഇവന്റെ സിനിമ കണ്ട് എനിക്കും അതുപോലെ തിരിച്ച് കമന്റുകൾ പറയണം." – സഞ്ജു ചിരിയോടെ പറഞ്ഞുനിർത്തി


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items