യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗാബാര്‍ഡ് രാജിവെച്ചു; ഭര്‍ത്താവിന്റെ കാന്‍സര്‍ ബാധ മൂലമെന്ന് ഔദ്യോഗിക വീശദീകരണം; ഇറാന്‍ യുദ്ധത്തില്‍ ട്രംപുമായുള്ള ഭിന്നതയും വോട്ടിങ് മെഷീന്‍ വിവാദവും രാജിയിലേക്ക് നയിച്ചെന്ന് സൂചന

 


വാഷിങ്ടണ്‍: യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് രാജിവെച്ചു. അര്‍ബുദം സ്ഥിരീകരിച്ച തന്റെ ഭര്‍ത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജി എന്നാണ് അവര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഫോക്‌സ് ന്യൂസ് ആണ് വാര്‍ത്ത് പുറത്തുവിട്ടത്. ഇതിന് പിന്നാലെ തുള്‍സി ഗബാര്‍ഡ് രാജിക്കത്ത് എക്‌സില്‍ പങ്കുവെക്കുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഭര്‍ത്താവ് എബ്രഹാം കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ പൊതുരംഗത്ത് നിന്ന് മാറി ഭര്‍ത്താവിന് പിന്തുണയുമായി നില്‍ക്കേണ്ടതുണ്ടെന്നും തുള്‍സി ഗബാര്‍ഡ് പറഞ്ഞു. അപൂവ്വമായി ബാധിക്കാറുള്ള അര്‍ബുദമാണ് ഭര്‍ത്താവിനെ പിടികൂടിയിരിക്കുന്നതെന്നും വരും ദിവസങ്ങള്‍ ഏറെ കഠിനമേറിയതാണെന്നും അവര്‍ എക്‌സില്‍ കുറിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ എല്ലാ ഘട്ടത്തിലും എന്നെ താങ്ങി നിര്‍ത്തിയത് അദ്ദേഹം പകര്‍ന്നു തന്ന ശക്തിയും സ്‌നേഹവുമാണ്. അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അത് ഒറ്റക്ക് നേരിടണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. പൂര്‍ണ്ണപിന്തുണയുമായി അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ രാജി സമര്‍പ്പിക്കുന്നുവെന്നും തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗ ഡയറക്ടറായി നിയോഗിച്ചതില്‍ ട്രംപിനും ഗബാര്‍ഡ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനം എന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ചതില്‍ അഗാധമായ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ വിശ്വസ്തയായ തുള്‍സി ഗബാര്‍ഡിന്റെ രാജി വാര്‍ത്തയോട് വൈകാരിക പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. മികച്ച രീതിയിലുള്ള സേവനമായിരുന്നു തുള്‍സി ഗബാര്‍ഡിന്റേതെന്ന് ട്രംപ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം നില്‍ക്കാനുള്ള അവരുടെ തീരുമാനം ശരിയാണെന്നും എത്രയും പെട്ടെന്ന് തന്നെ സുഖപ്പെടട്ടെ എന്നും ട്രംപ് പ്രതികരിച്ചു.

തുള്‍സി പടിയിറങ്ങുന്നതോടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആരോണ്‍ ലുക്കാസ് താല്‍ക്കാലിക ദേശീയ രഹസ്യാന്വേഷണ മേധാവിയായി ചുമതലയേല്‍ക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം തുള്‍സി ഗബാര്‍ഡിനെ രാജിവെക്കാന്‍ വൈറ്റ് ഹൗസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള യുദ്ധത്തില്‍ തുള്‍സിയുടെ നിലപാട് ട്രംപില്‍ നിന്ന് ഭിന്നമാണെന്നുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വോട്ടിങ് മെഷീന്‍ പിടിച്ചെടുക്കല്‍ വിവാദവും മൂലം വൈറ്റ് ഹൗസ് സമ്മര്‍ദ്ദം ചെലുത്തി ഇവരെ പുകച്ചുപുറത്താക്കിയതാണെന്ന കടുത്ത അഭ്യൂഹങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഭര്‍ത്താവിന്റെ രോഗവിവരം ഔദ്യോഗിക കാരണമായി പറയുമ്പോഴും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തുളസിക്ക് കസേര തെറിച്ചതെന്നാണ് ആന്തരിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

 

ട്രംപിന്റെ ഇറാന്‍ യുദ്ധ നയങ്ങളോട് തുളസിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ട്രംപ് പെരുപ്പിച്ചു കാട്ടുകയാണെന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇതിനുപുറമെ, വോട്ടിങ് മെഷീനുകള്‍ നിരോധിക്കാന്‍ ട്രംപിന്റെ ഉപദേശകന്‍ കര്‍ട്ട് ഓള്‍സെന്‍ നടത്തിയ ഗൂഢാലോചനയില്‍ പ്യൂര്‍ട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ തുളസിയുടെ ഓഫീസും കൂട്ടുനിന്നത് വൈറ്റ് ഹൗസിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.

അമേരിക്കയുടെ ചാരക്കണ്ണുകളായ സിഐഎ, എന്‍എസ്എ തുടങ്ങിയ സകല ഏജന്‍സികളുടെയും സുപ്രധാന മേധാവിയായി 15 മാസം മുന്‍പാണ് തുളസി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേശകരുമായി ഇവര്‍ കടുത്ത കൊമ്പുകോര്‍ക്കലിലായിരുന്നു. ട്രംപിന്റെ രണ്ടാം ഭരണകാലയളവില്‍ ഇതോടെ പദവി തെറിക്കുന്ന നാലാമത്തെ കാബിനറ്റ് പദവിയുള്ള ഉദ്യോഗസ്ഥയായി തുളസി ഗാബാര്‍ഡ് മാറി. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എന്നിവര്‍ക്ക് പിന്നാലെയാണ് തുളസിയും പടിയിറങ്ങുന്നത്.

ഒരു വശത്ത് കുടുംബത്തിന്റെ കണ്ണീരും മറുപുറത്ത് വോള്‍സ്ട്രീറ്റും പെന്റഗണും ഭരിക്കുന്ന കോര്‍പ്പറേറ്റ് യുദ്ധപ്പകയും ചേര്‍ന്ന് തുളസിയെ പൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റും ഇറാന്‍ യുദ്ധത്തെ പിന്തുണയ്ക്കാനാകില്ലെന്ന് അറിയിച്ച് രാജിവെച്ചിരുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items