മസ്കറ്റ്: മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മസ്കറ്റിൽ എത്തിയ മലയാളി അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം പി(62) ആണ് മരിച്ചത്. മകന്റെ വിവാഹ ചടങ്ങുകൾ മസ്കറ്റിലെ അൽഖുവൈറിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പിതാവിന്‍റെ അപ്രതീക്ഷിത വിയോഗം. ഖുറമിലെ പെർഫ്യൂം ഷോപ്പിലെ മാനേജരായ മകൻ മാസിൻ മഹ്മൂദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മഹ്മൂദും ഭാര്യ റഹ്മത്തും മക്കളായ മെഹ്‌റ, മാജിദ എന്നിവർ ഏതാനും ദിവസം മുമ്പ് മസ്കറ്റിൽ എത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് മഹ്മൂദ് നാട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
മസ്കറ്റിലെത്തി
ഏതാനും ദിവസം കഴിഞ്ഞപ്പോൾ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക്
മാറ്റുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം പെട്ടെന്ന് നിക്കാഹ് നടത്തി. ആശുപത്രിയിൽ
പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ മകൻ മാസിൻ വിവാഹ മഹർ വധുവിന് കൈമാറി. മലയാളി
വേരുകളുള്ള മുംബൈ സ്വദേശിനിയും മസ്കറ്റിൽ പ്രവാസിയുമായ സബ മുനീർ മൂസയാണ് വധു.
മൃതദേഹം ആമിറാത്തിൽ ഖബറടക്കി.
