വെടിയേറ്റ് കൊല്ലപ്പെട്ട പുല്‍വാമ ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പിടികിട്ടാപ്പുള്ളികളും; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനും അല്‍ ബദര്‍ തലവന്‍ ഭക്ത് സമീന്‍ ഖാനുമടക്കം ദൃശ്യങ്ങളില്‍; പാക്കിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത താവളമെന്ന് അടിവരയിട്ട് പുതിയ തെളിവുകള്‍

ഇസ്ലാമാബാദ്: ഭീകരതയുടെ ആഗോള കേന്ദ്രമെന്ന കടുത്ത ആരോപണം നേരിടുന്നതിനിടെ ലോകം തിരയുന്ന കൊടും ഭീകരരുടെ വലിയൊരു സംഗമത്തിന് വേദിയായതോടെ പാക്കിസ്ഥാനെതിരെ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയരാന്‍ സാധ്യത. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന ഹംസ ബുര്‍ഹാന്റെ ശവസംസ്‌കാര ചടങ്ങില്‍ പാക്കിസ്ഥന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്ത്യ തിരയുന്ന കൊടുംഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ അമേരിക്കന്‍ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരതയുടെ സുരക്ഷിത താവളമാണെന്ന ഇന്ത്യയുടെ ദീര്‍ഘകാലത്തെ ആരോപണങ്ങളെ അടിവരയിടുന്ന ശക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അല്‍ ബദറിന്റെ ഉന്നത കമാന്‍ഡര്‍ ഹംസ ബുര്‍ഹാന്റെ (അര്‍ജുമാന്‍ത് ഗുല്‍സാര്‍ ദാര്‍) ശവസംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടുംഭീകരര്‍ പരസ്യമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പാക് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. 

തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍, ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. പാക് മണ്ണില്‍ ഭീകരവാദികള്‍ക്ക് ഭരണകൂടം നല്‍കുന്ന പരസ്യമായ പിന്തുണയും സുരക്ഷയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഹംസ ബുര്‍ഹാനെ കഴിഞ്ഞദിവസമാണ് പാക് അധീന കശ്മീരില്‍ (PoK) അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. 'ഡോക്ടര്‍' എന്ന രഹസ്യപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ രത്നിപോറ സ്വദേശിയാണ്. 2019-ല്‍ 40 സിആര്‍പിഎഫ് (CRPF) ഉദ്യോഗസ്ഥരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ബുര്‍ഹാന്റെ പേര് സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നില്‍ ആദ്യമായി വരുന്നത്. 

കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും, പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതിലും, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദ ഫണ്ടിങ് കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. അല്‍ ബദര്‍ സംഘടനയ്ക്കായി കശ്മീരില്‍ ശക്തമായ ഭീകരശൃംഖല കെട്ടിപ്പടുത്തതിനെ തുടര്‍ന്ന് 2022-ല്‍ ഇന്ത്യ ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ഒരു സ്വകാര്യ കോളേജ് പ്രിന്‍സിപ്പലായി ഒളിവില്‍ കഴിയവേയാണ് വ്യാഴാഴ്ച രാവിലെ കോളേജ് പരിസരത്തുവെച്ച് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് മൂന്ന് വെടിയുണ്ടകളേറ്റ ബുര്‍ഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംശയിക്കപ്പെടുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിട്ടുണ്ട്.

ഹംസ ബുര്‍ഹാന്റെ മരണത്തോടെ ഭീകര സംഘടനകള്‍ക്കിടയില്‍ വന്‍ ഭീതി പടര്‍ന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ അല്‍ ബദര്‍ തലവന്‍ ഭക്ത് സമീന്‍ ഖാനും പങ്കെടുത്തിരുന്നു. ഇയാള്‍ക്ക് ചുറ്റും എകെ-47 അടക്കമുള്ള അത്യാധുനിക ആയുധങ്ങളേന്തിയ വലിയൊരു സായുധ ഭീകരസംഘം കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരുന്നത്. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും അടുത്ത കാലത്തായി ഒട്ടനവധി പ്രമുഖ ഭീകരര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഭീകരത്തലവന്മാരുടെ സുരക്ഷ ഇത്തരത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക സൈന്യത്തെ വെല്ലുന്ന രീതിയിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് ഇസ്ലാമാബാദിലെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദികള്‍ക്കായി ഒരുക്കിയിരുന്നത്. പാക് ഭരണകൂടം ഭീകരര്‍ക്ക് തണലൊരുക്കുന്നത് ഇതാദ്യമായല്ല എന്നതും ശ്രദ്ധേയമാണ്. 

ഏകദേശം ഒരു മാസം മുമ്പ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായിയും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ മകനുമായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് തല്‍ഹ സയീദുമായി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം, ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പാക്കിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുത്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നു എന്ന ആഗോള വിമര്‍ശനങ്ങള്‍ക്ക് പുതിയ ദൃശ്യങ്ങള്‍ ഒരു അനിഷേധ്യ തെളിവായി മാറിയിരിക്കുകയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items