'മെസ്സിയോ വന്നില്ല, ഇനി ലോകകപ്പും കാണാൻ കഴിയില്ലേ..'; അർദ്ധരാത്രിയിലെ കളിയും കോടികളുടെ തർക്കവും; ഇന്ത്യയിൽ മത്സരങ്ങൾ കാണാൻ ചാനലില്ല; മലയാളി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സംപ്രേഷണാവകാശത്തിലെ അനിശ്ചിതത്വം;

 


തിരുവനന്തപുരം: ജൂൺ 12-ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയിലെ സംപ്രേഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇത് ഫുട്ബോൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരെ ഉള്ളത് കേരളത്തിലാണ്. ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിലും കളിക്കാരുടെ പങ്കാളിത്തത്തിലും മുന്നിൽ നിൽക്കുന്നതും കേരളത്തിലാണ്. പ്രാദേശിക ലീഗ് മത്സരങ്ങൾക്ക് പോലും വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ സംസ്ഥാനത്തിന് സാധിക്കാറുണ്ട്. ലോകകപ്പ് കൊടിയേറുമ്പോൾ കേരളത്തിലും വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. പ്രിയ താരങ്ങളുടെ ഫ്ലക്സ് ബോർഡുകളും ബാനറുകളും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉയരും.

ഇഷ്ട ടീമുകളുടെ ജേഴ്സികൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. മെസ്സിക്കും റൊണാൾഡോയ്ക്കും തന്നെയാണ് കേരളത്തിൽ കൂടുതൽ ആരാധകർ. ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീലിനും, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും, ഇതിഹാസ താരം നയിക്കുന്ന പോർച്ചുഗലിനും വലിയ പിന്തുണയാണ് കേരളത്തിലുള്ളത്. ലോകകപ്പ് സീസൺ കേരളത്തിൽ ശരിക്കും ഒരു ആവേശം തന്നെയാണ്. ബിഗ് സ്‌ക്രീനുകളിൽ മത്സരങ്ങൾ പ്രദർശിപ്പിക്കാനും, തോരണങ്ങൾ കെട്ടി അവ ആഘോഷമാക്കാനും സ്പോർട്സ് ക്ലബുകൾ അടക്കം മുൻപന്തിയിലുണ്ട്.

ഇന്ത്യയിൽ ഫുട്ബോളിന് ക്രിക്കറ്റിന്റെ അത്ര ജനപ്രീതിയില്ല എന്നത് വ്യക്തമാണ്. നിലവിൽ പുരുഷ ഫുട്ബോളിൽ 136-ാം സ്ഥാനത്തും വനിതാ ഫുട്ബോളിൽ 69-ാം സ്ഥാനത്തുമാണ് ഇന്ത്യ. ഇതുവരെ ഒരു ഫിഫ ലോകകപ്പിന് പോലും യോഗ്യത നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുമില്ല. എന്നാൽ കേരളത്തിൽ ഫുട്ബോളിന് വലിയ സ്വീകാര്യതയാണ്. ഓരോ ലോകകപ്പ് സീസൺ എത്തുമ്പോഴും ഏതാണ്ട് ഒന്നര മാസക്കാലം സംസ്ഥാനം ഫുട്ബോൾ ലഹരിയിലാവുക പതിവാണ്. കേരളം കൂടാതെ. ഗോവ, കർണാടക, കൊൽക്കത്ത, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഫുട്ബോൾ വലിയ ആവേശമാണ്. എന്നാൽ ബ്രോഡ്കാസ്റ്റിന്റെ പേരിൽ തുടരുന്ന അനിശ്ചിതത്വത്തിൽ ആരാധകർ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

 ലോക ഫുട്ബോൾ ഇതിഹാസം മെസ്സി കേരളത്തിൽ വരുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നടന്നിരുന്നില്ല. നവംബറിൽ താരം കേരളത്തിൽ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ മെസിയുടെ കേരള സന്ദർശനം അടുത്ത വിൻഡോയിൽ നോക്കാമെന്ന് സ്പോൺസർ പറഞ്ഞിരുന്നു. നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാർച്ച് വിൻഡോയിലേക്കുള്ള അപ്ലിക്കേഷൻ ഫിഫയ്ക്ക് നൽകിയിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു . എന്നാൽ മാർച്ചിലും മെസ്സി കേരളത്തിലെത്തിയില്ല. ഈ നിരാശ ആരാധകരിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലോകകപ്പ് മത്സരങ്ങളും കാണാൻ കഴിയില്ലെന്ന ആശങ്കയിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.

അതേസമയം, സംപ്രേഷണാവകാശം സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ കാണാൻ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് ഷാജി പ്രഭാകരൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. "ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയൊരു വാർത്ത! ഒടുവിൽ നമ്മുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ചർച്ചകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ഇന്ത്യയിലെ സംപ്രേഷണ പങ്കാളി ആരാണെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകും. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആരാധകർക്ക് ഇനി സമാധാനിക്കാം. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ പൂർണ്ണമായും ലഭ്യമാകും. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനായി ഇനി നമുക്ക് ഒരുങ്ങാം." - ഷാജി പ്രഭാകരൻ കുറിച്ചു.

ജൂൺ 12 മുതൽ ജൂലൈ 19 വരെയാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. കളി തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഒരിന്ത്യൻ ചാനൽ പോലും സംപ്രേഷണാവകാശം സ്വന്തമാക്കാതിരുന്നത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് ആരാധകർക്ക് ആശ്വാസമേകി പുതിയ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്.

ലോകകപ്പ് സംപ്രേഷണം ഉറപ്പാക്കണമെന്നും ദൂരദർശൻ, ഡിഡി സ്പോർട്സ് തുടങ്ങിയ പൊതുസംപ്രേഷകരിലൂടെ മത്സരങ്ങൾ സൗജന്യമായി കാണിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഡ്വ. അവ്ധേഷ് ബൈർവ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരം സമർപ്പിച്ച ഈ ഹർജിയിൽ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് കേന്ദ്ര സർക്കാരിനും പ്രസാർ ഭാരതിക്കും നോട്ടീസ് അയച്ചിരുന്നു. ലോകകപ്പ് പോലുള്ള വലിയൊരു കായികമാമാങ്കം സംപ്രേഷണം ചെയ്യാതിരിക്കുന്നത് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആരാധകരോടുള്ള അവഗണനയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2007-ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് ആക്ട് പ്രകാരം ഫിഫ ലോകകപ്പ് ഇതിനകം തന്നെ 'ദേശീയ പ്രാധാന്യമുള്ള കായിക ഇനമായി' പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും, അതിനാൽ ജനങ്ങൾക്ക് കളി കാണാനുള്ള അവസരമൊരുക്കാൻ സർക്കാരിനും പ്രസാർ ഭാരതിക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നും ഹർജിയിൽ വാദിച്ചിരുന്നു.

എന്നാൽ, ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള മത്സരരംഗത്തുനിന്ന് പൊതുസംപ്രേഷകരായ പ്രസാർ ഭാരതി ഔദ്യോഗികമായി പിന്മാറിക്കഴിഞ്ഞു. 2026, 2030 ലോകകപ്പുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ചോദിച്ചത് ഏകദേശം 100 മില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇന്ത്യൻ ചാനലുകൾ താല്പര്യം കാണിക്കാതിരുന്നതിനെ തുടർന്ന് ഫിഫ തുക 35 മില്യൺ ഡോളറായി കുറച്ചിട്ടും അന്തിമ കരാറിലെത്താൻ സാധിച്ചിരുന്നില്ല. ഈ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇത്തവണത്തെ ഫിഫ ലോകകപ്പ് പലവിധത്തിൽ സവിശേഷതകൾ നിറഞ്ഞതാണ്. ചരിത്രത്തിലാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് മൂന്ന് രാജ്യങ്ങളിലെ (കാനഡ, മെക്സിക്കോ, അമേരിക്ക) 16 നഗരങ്ങൾ വേദിയാകുന്നത്.

ഇന്ത്യൻ സമയപ്രകാരം ജൂൺ 12 മുതൽ ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മുൻപത്തെ 32 ടീമുകൾക്ക് പകരം 48 ടീമുകൾ അണിനിരക്കും എന്ന പ്രത്യേകതയുമുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ടെലിവിഷനിലൂടെ ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാറുണ്ട്. എന്നാൽ ഇത്തവണ കളി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഒരു ഔദ്യോഗിക സംപ്രേഷകരെ കണ്ടെത്താൻ ഫിഫയ്ക്ക് സാധിച്ചിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. 2022-ലെ ഖത്തർ ലോകകപ്പ് സമയത്ത് വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഇന്ത്യയിൽ നിന്ന് മാത്രം 74.5 കോടി (745 മില്യൺ) ആളുകൾ കളി കണ്ടിരുന്നു എന്ന കാര്യം ഓർക്കുമ്പോഴാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂടുതൽ വിചിത്രമായി തോന്നുന്നത്. അന്ന് ചൈനയിൽ മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ ഫുട്ബോൾ പ്രേമികൾ കളി കണ്ടത്. 

ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏകദേശം 8.4 കോടി (84 മില്യൺ) ആളുകളാണ് ഇന്ത്യയിൽ ടെലിവിഷനിലൂടെ ലോകകപ്പ് കാണാറുള്ളത്. കഴിഞ്ഞ തവണ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി ജിയോസിനിമ ഏകദേശം 60 മില്യൺ ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് 100 മില്യൺ ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം അത്ര ഉയർന്നതല്ല. പുതിയ തലമുറയ്ക്ക് (Gen Z) ഇടയിൽ ഏറെ ജനപ്രിയമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പോലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് 1500 കോടി രൂപയിൽ താഴെ മാത്രമാണ്. 

ഇന്ത്യയിൽ ലോകകപ്പിന്റെ മീഡിയ അവകാശങ്ങൾ ഇതുവരെ വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സരങ്ങളുടെ സമയക്രമമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സമയക്രമം അനുസരിച്ച് മത്സരങ്ങൾ നടക്കുമ്പോൾ ഇന്ത്യയിൽ അത് അർദ്ധരാത്രിയായിരിക്കും. ഉദാഹരണത്തിന്, ജൂലൈ 20-ന് നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയപ്രകാരം രാത്രി 12:30-നാണ് ആരംഭിക്കുക. ഇത്രയും വൈകിയ വേളകളിൽ കളി കാണുന്നത് ഇന്ത്യൻ പ്രേക്ഷകർക്ക് എളുപ്പമാകില്ല.

 

ടൂർണമെന്റിലെ ആകെ 104 മത്സരങ്ങളിൽ (72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും ഉൾപ്പെടെ) വെറും 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം പാതിരാത്രിയിലോ പുലർച്ചെയോ ആണ് നടക്കുക. ഇത് തന്നെയാണ് സ്പോൺസർമാരെ കിട്ടാൻ പ്രയാസമായതും. ഇതോടെ ഫുട്ബോൾ പ്രേമികൾ കളി എങ്ങനെ കാണുമെന്ന ആശങ്കയിലാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items