ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ പഴയ കൊലക്കേസുകളും പൊടിതട്ടിയെടുക്കുന്നു; വി.എന്‍. വാസവനെ പൂട്ടാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം; അയമനത്തെ പഴയ കൊലപാതകവും അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിന് പിന്നാലെ മുന്‍ ദേവസ്വം മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എന്‍. വാസവനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ അണിയറ നീക്കം. ദേവസ്വം അഴിമതിക്ക് പുറമെ കോട്ടയം ജില്ലയിലെ പഴയ ചില രാഷ്ട്രീയ കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായതോടെ മുന്‍ മന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ഇരട്ടി വേഗതയാണുണ്ടാകുന്നത്.

കോട്ടയത്തെയും ഏറ്റുമാനൂരിലെയും മാഫിയാ ബന്ധങ്ങളെ അറുത്തുമാറ്റാന്‍ ലക്ഷ്യമിട്ടുള്ള അന്വേഷണം അയമനത്തെ പഴയൊരു രാഷ്ട്രീയ കൊലപാതകത്തിലേക്കും വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. മുന്‍പ് വിവാദമായ സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലപാതകക്കേസിലേക്കും നീളണമെന്ന ആവശ്യമാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ശബരിമല കേസിനൊപ്പം ഈ പഴയ കേസുകള്‍ കൂടി പൊടിതട്ടിയെടുക്കപ്പെട്ടാല്‍ കോട്ടയത്തെ ഇടത് കോട്ടകള്‍ പൂര്‍ണ്ണമായും തകരുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഈ കൊലപാതകത്തിന് പിന്നില്‍ ചില ദുരൂഹതകളുണ്ട്. അന്ന് ഇതിന് പിന്നിലുള്ള പലരും ശബരിമല കൊള്ളയിലും ഭാഗഭാക്കാണ്. ഈ സാഹചര്യത്തിലാണ് ഈ കേസും അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവരിലേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം നീങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശബരീശന്റെ തിരുവാഭരണങ്ങളിലും ദേവസ്വം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ ഉരുപ്പടികളുടെ കണക്കുകളിലും വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നതായാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ ഇരിക്കെയാണ്. ഇതിനൊപ്പമാണ് പഴയകാല ക്രിമിനല്‍ മാഫിയാ ബന്ധങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിലെത്തുന്നത്.

പോലീസ് ആസ്ഥാനത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ പുതിയ പരാതികളും ചര്‍ച്ചയായേക്കുമെന്നാണ് സൂചന. രാഷ്ട്രീയ പദവികള്‍ നോക്കാതെ സുതാര്യവും കണിശവുമായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമാകുക അയമനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പഴയൊരു രാഷ്ട്രീയ കൊലപാതകക്കേസാണ്. അന്ന് അധികാരസ്വാധീനവും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലും കാരണം ഉന്നതരിലേക്ക് അന്വേഷണം നീളാതെ ഒതുക്കിത്തീര്‍ത്ത കേസാണിത്.

സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലപാതകക്കേസും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ മരണത്തിന് പിന്നിലും കോട്ടയത്തെ ചില പ്രമുഖ ദേവസ്വം ജീവനക്കാരുടെ പരോക്ഷമായ ഇടപെടലുകളും ഒത്തുകളികളും ഉണ്ടായിരുന്നതായി അക്കാലത്ത് ആക്ഷേപമുയര്‍ന്നിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേസ് കൂടി പുനഃപരിശോധിക്കുന്നത് വഴി ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ദേവസ്വം 'മാഫിയാ' സംഘത്തെ പൂര്‍ണ്ണമായും പൂട്ടാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ കേസുകളെ കുറിച്ചൊന്നും വാസവന് അറിവില്ല.

ദേവസ്വം മന്ത്രിയായ ശേഷമുള്ള വാസവന്റെ ഇടപെടലുകളാകും പരിശോധിക്കുക. അടുത്തിടെ നടന്ന സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി യോഗങ്ങളില്‍ വി.എന്‍. വാസവനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കടുത്ത ആഭ്യന്തര വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫും അണികളെയും ജനങ്ങളെയും അകറ്റി നിര്‍ത്തിയതാണ് തിരുവാര്‍പ്പ്, അയമനം, കുമരകം പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ചോരാന്‍ കാരണമായതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പങ്കെടുത്ത യോഗത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന ഈ ആഭ്യന്തര കലാപത്തിന് തൊട്ടുപിന്നാലെയാണ് ദേവസ്വം സ്വര്‍ണ്ണക്കൊള്ളയും പഴയ കൊലക്കേസുകളും വാസവനെ ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പ് സജീവമാക്കുന്നത്.

ശബരിമലയിലെ സ്‌ട്രോങ് റൂമുകളിലെ പഴയ രജിസ്റ്ററുകളും സ്വര്‍ണ്ണം തൂക്കി തിട്ടപ്പെടുത്തിയതിലെ രേഖകളും എസ്‌ഐടി ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു വശത്ത് കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്വര്‍ണ്ണക്കേസും മറുവശത്ത് പഴയ ക്രിമിനല്‍ കേസുകളുടെ പുനരന്വേഷണവും ഒന്നിച്ചുവരുമ്പോള്‍ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്നുറപ്പാണ്.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items