കോഴഞ്ചേരി: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ടര വര്‍ഷം മുന്‍പ് കുത്തിവയ്പ് എടുത്ത രോഗിയുടെ ശരീരത്ത് നിന്നും ഒടിഞ്ഞനിലയില്‍ സൂചി കണ്ടെത്തി. ആറന്മുള ഇടശ്ശേരിമല മണക്കാലില്‍ വത്സലയുടെ (62) നടുവിനാണ് സൂചി കുടുങ്ങിയത്. അസഹ്യമായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് സൂചി കുടുങ്ങിയതായി കണ്ടെത്തിയത്. അതികഠിനമായ വേദനയെ തുടര്‍ന്ന് കഴിഞ്ഞ 19നു വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണു സൂചി ഒടിഞ്ഞു ശരീരത്തിനുള്ളില്‍ ഇരിക്കുന്നതു കണ്ടത്. 2023ലാണ് ഇവരുടെ ശരീരത്തില്‍ സൂചി കുടുങ്ങിയത്.
വയറിളക്കവും ഛര്‍ദിയും വന്നതോടെ 2023 ഒക്ടോബര്‍ 9നാണു ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. നാലു ദിവസത്തോളം കിടത്തിച്ചികിത്സ നടത്തിയെന്നു വത്സല പറഞ്ഞു. ഒക്ടോബര്‍ 11നു നടുവിനു ഇന്‍ജക്ഷന്‍ എടുത്തപ്പോഴാണു സൂചി ഒടിഞ്ഞു ശരീരത്തിനുള്ളില്‍ കുടുങ്ങിയതെന്നാണു വത്സലയുടെയും കുടുംബത്തിന്റെയും ആരോപണം. വേദന ഉണ്ടായിരുന്നെങ്കിലും ഇന്‍ജക്ഷനു ശേഷമുള്ള സാധാരണ വേദനയാകുമെന്നാണു കരുതിയത്. ഇക്കാലമത്രയം വേദന സഹിച്ചെങ്കിലും സൂചി ഒടിഞ്ഞ് ഇരിക്കുന്നതാണെന്ന് ഇവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
കഴിഞ്ഞ ദിവസം ശരീരത്തില്‍ തടവി നോക്കിയപ്പോഴാണു സൂചി പോലെ എന്തോ കയ്യില്‍ തടഞ്ഞത്. തുടര്‍ന്നു ജില്ലാ ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ സൂചി കണ്ടെത്തുകയായിരുന്നു. പിന്നാലെ നഴ്‌സുമാര്‍ പഴുപ്പ് ഞെക്കിക്കളയുകയും ചെയ്തു. 20ന് ആശുപത്രിയിലെത്തി സര്‍ജനെ കണ്ടു വീണ്ടും എക്‌സ്‌റേ എടുത്തപ്പോള്‍ ശരീരത്തിനുള്ളിലെ സൂചി രണ്ടായി ഒടിഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ടാമത്തെ ഭാഗം ഇപ്പോഴും ശരീരത്തിലുണ്ട്. ഇതു പുറത്തെടുക്കാന്‍ ഒരാഴ്ചയ്ക്കുശേഷം വീണ്ടും എത്താനാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ, ഇതേ ആശുപത്രിയില്‍ 2018ല്‍ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയയില്‍ ഗ്രന്ഥികള്‍ മുറിഞ്ഞു എന്ന ആരോപണവുമായി വത്സലയുടെ ബന്ധു ശാന്തമ്മയും (56) രംഗത്തെത്തി.
സംഭവത്തില്‍
അന്വേഷണം നടത്തണമെന്നു മന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ അബിന്‍
വര്‍ക്കി എംഎല്‍എ മന്ത്രിയെ നേരിട്ടു കണ്ട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ഡപ്യൂട്ടി ഡിഎംഒ തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്നു
ഡിഎംഒ എല്‍.അനിതാകുമാരി പറഞ്ഞു. ചികിത്സാരേഖകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ ബോര്‍ഡ്
പരിശോധിക്കും. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആറന്മുള പൊലീസിനു വിവരം നല്‍കിയെങ്കിലും
വത്സലയും കുടുംബവും പരാതി നല്‍കിയിട്ടില്ല.
