തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടന്ന കള്ളക്കളികളില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് പണിയുറപ്പാകുന്നു. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മാത്രമല്ല, ആദ്യഘട്ടത്തില്‍ തയാറാക്കിയ യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിയുടെ ഓഫീസില്‍ വെച്ച് വലിച്ചുകീറി നശിപ്പിച്ചതായാണ് പുതിയ വിവരം. ഇതിന് ശേഷം പ്രതികളായ ഗണ്‍മാന്‍മാരെ രക്ഷിച്ചെടുക്കാന്‍ വേണ്ടി പുതിയ വ്യാജ റിപ്പോര്‍ട്ട് നിര്‍മ്മിച്ചതായും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖ ചമച്ചതിനും തെളിവ് നശിപ്പിച്ചതിനും എം.ആര്‍. അജിത് കുമാറിനെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. റിപ്പോര്‍ട്ട് വലിച്ചു കീറിയെന്നത് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസ് അട്ടിമറിക്കാന്‍ ആഭ്യന്തര വകുപ്പിലെ ഈ 'ഐപിഎസ് വമ്പന്‍' നേരിട്ട് ഇടപെട്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ അജിത് കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്ധമായി സംരക്ഷിക്കാന്‍ വേണ്ടി ക്രമസാധാന പാലനത്തിന്റെ തലപ്പത്തിരുന്നവര്‍ തന്നെ നിയമവിരുദ്ധമായി ഫയലുകള്‍ തിരുത്തുകയും യഥാര്‍ത്ഥ രേഖകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന വിവരം പോലീസിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്ന അജിത് കുമാറിനെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.
രക്ഷാപ്രവര്‍ത്തന കേസിലെ അന്നത്തെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് തവണ രഹസ്യമായി വിളിച്ചുവരുത്തിയിരുന്നു എന്ന നിര്‍ണ്ണായക വിവരമാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്നത്. ഈ അസ്വാഭാവിക സന്ദര്‍ശനവേളയിലാണ് ഡിവൈഎസ്പി സമര്‍പ്പിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ട് എഡിജിപി നേരിട്ട് വലിച്ചുകീറി എറിഞ്ഞതെന്നാണ് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മൊഴി. മര്‍ദ്ദനത്തിന്റെ വ്യക്തമായ വീഡിയോ പോലീസ് കണ്ടിട്ടില്ലെന്ന കള്ളവാദം പുതിയ റിപ്പോര്‍ട്ടില്‍ തിരുകിക്കയറ്റാന്‍ അജിത് കുമാര്‍ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. കേസില്‍ ഏറ്റവും നിര്‍ണ്ണായക തെളിവാകേണ്ടിയിരുന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ പൂഴ്ത്താനും യഥാര്‍ത്ഥ റിപ്പോര്‍ട്ട് നശിപ്പിക്കാനും എഡിജിപിയുടെ ഓഫീസില്‍ വെച്ച് നേരിട്ട് ഗൂഢാലോചന നടന്നെന്നാണ് എസ്ഐടിയുടെ നിലവിലെ വിലയിരുത്തല്‍.
നിലവില്‍ എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍പ് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുനില്‍ രാജ്, ബന്ധപ്പെട്ട എസ്‌ഐമാര്‍ തുടങ്ങിയ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വിശദമായ മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യ റിപ്പോര്‍ട്ടില്‍ മര്‍ദ്ദനം ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് രേഖപ്പെടുത്തിയിരുന്നതായും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും കാരണമാണ് റിപ്പോര്‍ട്ട് മാറ്റിയെഴുതേണ്ടി വന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ക്രിമിനല്‍ നടപടികളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം വ്യാജരേഖ നിര്‍മ്മിച്ചതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ അജിത് കുമാറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് എസ്ഐടി ഇപ്പോള്‍ ശ്രമിക്കുന്നത്.
സംഭവത്തില്‍
പ്രതികളായ നാല് ഗണ്‍മാന്‍മാര്‍ക്കെതിരെയും കടുത്ത ക്രിമിനല്‍ നടപടികളും
ഡിസ്മിസ്സല്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികളും വരാന്‍ പോവുകയാണെന്ന
സൂചനയുമുണ്ട്. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം തികച്ചും ചട്ടവിരുദ്ധവും ക്രിമിനല്‍
കുറ്റവുമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട്
ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച്
ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
മര്‍ദ്ദിച്ചത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് എസ്ഐടി
സ്ഥിരീകരിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം രാഷ്ട്രീയ ഒത്തുകളികളും ഫയല്‍
തിരുത്തലുകളും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലൂടെ ആഭ്യന്തര വകുപ്പില്‍
വലിയൊരു അഴിച്ചുപണിക്കാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തുടക്കമിട്ടിരിക്കുന്നത്.
