'നെറ്റ്സ് വീഡിയോ കാട്ടി ആരാധകരെ പറ്റിക്കരുത്, ആ യുഗം അവസാനിച്ചു'; കളിയിൽ ധോണിയെ ആരും മിസ്സ് ചെയ്യുന്നില്ല'; സിഎസ്‌കെ മാനേജ്‌മെന്റിനെതിരെ ശ്രീകാന്ത്


ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഒരു മത്സരത്തിൽ പോലും മുൻ നായകൻ എം.എസ്. ധോണി കളിക്കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ വ്യാഴാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. ഈ നിർണായക മത്സരത്തിന് മുൻപ് തന്നെ ധോണി ചെന്നൈ ടീമിന്റെ ക്യാമ്പ് വിട്ടിരുന്നു. ധോണിയുടെ അഭാവം ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയ പശ്ചാത്തലത്തിലാണ്, സിഎസ്‌കെ മാനേജ്‌മെന്റിന്റെ ഒളിച്ചുകളിക്കെതിരെ മുൻ ഇന്ത്യൻ നായകനും 1983-ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. ധോണിയുടെ പരിക്കിനെക്കുറിച്ച് മാനേജ്‌മെന്റ് ആരാധകർക്ക് കൃത്യമായ വ്യക്തത നൽകണമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു.

 സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ധോണിക്ക് പരിക്കേറ്റത്. ആദ്യ രണ്ട് ആഴ്ചത്തെ വിശ്രമമാണ് മാനേജ്‌മെന്റ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പരിക്കിൽ നിന്ന് മുക്തനാകുന്നതിനിടെ വീണ്ടും സമാനമായ പരിക്കേറ്റതായി ചെന്നൈ കോച്ചുമാരിൽ ഒരാൾ വെളിപ്പെടുത്തി. ഇതോടെ ധോണിയുടെ തിരിച്ചുവരവ് വീണ്ടും നീണ്ടുപോയി. ഈ ആഴ്ച ചെന്നൈയിൽ നടന്ന അവസാന ഹോം മത്സരത്തിന് മുൻപ് ധോണിക്ക് കൈവിരലിന് പരിക്കേറ്റതായി മാനേജ്‌മെന്റ് അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആ അവസാന മത്സരത്തിൽ ധോണി സ്റ്റേഡിയത്തിൽ എത്തിയിരുന്നെങ്കിലും അത് വെറുമൊരു ഫോട്ടോ സെഷന് വേണ്ടി മാത്രമായിരുന്നു

 ധോണിയുടെ പരിക്കിനെച്ചൊല്ലി ചെന്നൈ മാനേജ്‌മെന്റ് നാടകം കളിക്കുകയായിരുന്നു എന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "ധോണി അടുത്ത മത്സരത്തിൽ കളിക്കുമെന്ന് അവർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതിന് ശേഷം ധോണി നെറ്റ്സിൽ പരിശീലിക്കുന്ന ചില വീഡിയോകൾ പുറത്തുവിട്ട് അവർ ആരാധകരെ വിഡ്ഢികളാക്കും. പിന്നീട് പറയും അദ്ദേഹത്തിന് വീണ്ടും പരിക്കേറ്റുവെന്ന്. ആദ്യം ഈ വിഡ്ഢിത്തങ്ങളെല്ലാം അവസാനിപ്പിക്കണം. ഇതിന് പകരം ധോണി ഈ സീസണിൽ മുഴുവനായി കളിക്കില്ലെന്ന് നേരിട്ട് പറയാമായിരുന്നു." "അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആരാധകർ മാനസികമായി അതിന് തയ്യാറെടുക്കുമായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും ഓരോ മത്സരത്തിന് മുൻപും പറഞ്ഞത് ധോണി അടുത്ത കളിയിൽ ഉണ്ടാകുമെന്നാണ്. ഇവിടെയാണ് മാനേജ്‌മെന്റും ക്യാപ്റ്റനും സത്യസന്ധത കാണിക്കേണ്ടിയിരുന്നത്. ധോണി കളിക്കില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ആരാധകർ അത് അംഗീകരിച്ച് മുന്നോട്ട് പോകുമായിരുന്നു. സത്യം പറഞ്ഞാൽ മത്സരങ്ങളിൽ ആരും ഇപ്പോൾ ധോണിയെ മിസ്സ് ചെയ്യുന്നില്ല. അദ്ദേഹം എന്തുകൊണ്ട് ഡ്രസ്സിങ് റൂമിൽ ഇല്ലെന്ന് മാത്രമാണ് ആളുകൾ ചോദിക്കുന്നത്. അതല്ലാതെ എന്തുകൊണ്ട് കളിക്കുന്നില്ലെന്ന് ആരും ചോദിക്കുന്നില്ല. ധോണി യുഗം അവസാനിച്ചു കഴിഞ്ഞു." ശ്രീകാന്ത് വ്യക്തമാക്കി. ധോണി ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീകാന്ത് ചെന്നൈ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞത്.




 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items