ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും
സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ചെപ്പോക്കില്‍ നടന്ന ആവേശപ്പോരാട്ടത്തിനിടെ
ചെന്നൈ താരം സഞ്ജു സാംസണും ഹൈദരാബാദ് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനും തമ്മില്‍
ഗ്രൗണ്ടില്‍ വാക്‌പോര്. മുന്‍ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ സുവര്‍ണ്ണകാലത്തെ
ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ സഞ്ജു സാംസണ്‍ നടത്തിയ ലോകോത്തര സ്റ്റംപിങ്ങിലൂടെ
ക്ലാസന്‍ പുറത്തായതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
മത്സരം നിയന്ത്രിച്ച മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഈ സംഭവത്തില്‍
ഇരു താരങ്ങള്‍ക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.
ഹൈദരാബാദ് ഇന്നിങ്‌സിന്റെ 15-ാം ഓവറിലാണ് കളിയിലെ
വഴിത്തിരിവായ വിക്കറ്റും അതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളും ഉണ്ടായത്. ചെന്നൈ
ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ
ഹൈദരാബാദിനായി ഇഷാന്‍ കിഷനും ഹെന്റിച്ച് ക്ലാസനും തകര്‍പ്പന്‍ പ്രകടനമാണ്
പുറത്തെടുത്തത്. ആറ് ഫോറുകളും രണ്ട് സിക്‌സറുകളുമായി 26
പന്തില്‍ 47 റണ്‍സെടുത്ത് ചെന്നൈ ബൗളര്‍മാരെ
നിലംപരിശാക്കുകയായിരുന്ന ക്ലാസനെ പുറത്താക്കാന്‍ ചെന്നൈയ്ക്ക് ആ നിമിഷത്തില്‍ ആ
ബ്രേക്ക് ത്രൂ അനിവാര്യമായിരുന്നു. 15-ാം ഓവര്‍ എറിയാനെത്തിയ
നൂര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ഗൂഗ്ലിയില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ക്ലാസന്‍
ബീറ്റണായ നിമിഷം, കണ്ണടച്ചു തുറക്കും വേഗത്തിലാണ് വിക്കറ്റ്
കീപ്പറായ സഞ്ജു സാംസണ്‍ ബെയില്‍സ് തെറിപ്പിച്ചത്.
ഹൈദരബാദിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്
കീപ്പര്‍ ബാറ്ററായ ക്ലാസന് ഒട്ടും സമയം അനുവദിക്കാതെ സഞ്ജു നടത്തിയ ഈ മിന്നല്‍
സ്റ്റംപിംഗ് ചെപ്പോക്കിലെ ചെന്നൈ ആരാധകരെ തങ്ങളുടെ പ്രിയപ്പെട്ട 'തല' ധോണിയുടെ
സുവര്‍ണ്ണകാലത്തെയാണ് ഓര്‍മ്മിപ്പിച്ചത്. സ്റ്റംപ് ചെയ്തശേഷം ആവേശത്തോടെ
തുള്ളിച്ചാടിയ സഞ്ജു, ടിവി അമ്പയറുടെ റീപ്ലേ കാണും മുന്‍പ്
തന്നെ അത് ഔട്ടാണെന്ന് ഉറപ്പിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിലിരുന്ന് സാക്ഷാല്‍
എം.എസ്. ധോണിയും ഈ മികച്ച സ്റ്റംപിങ്ങിന് സാക്ഷിയായി. ടിവി റീപ്ലേയില്‍ ഔട്ട്
എന്ന് സ്‌ക്രീനില്‍ തെളിഞ്ഞതോടെ നൂര്‍ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങള്‍
സഞ്ജുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കാന്‍ തുടങ്ങി.
എന്നാല്‍ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ
പുറത്തായതിന്റെയും, മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതിന്റെയും കടുത്ത നിരാശയില്‍
ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്ന ക്ലാസന്‍, ടീമംഗങ്ങള്‍ക്കൊപ്പം
ആഘോഷം നടത്തുകയായിരുന്ന സഞ്ജു സാംസണെ തിരിഞ്ഞുനോക്കി എന്തോ പറയുകയായിരുന്നു.
എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും അതുവരെ ചിരിച്ചുകൊണ്ട് നിന്നിരുന്ന
സഞ്ജുവിന്റെ മുഖഭാവം മാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്താണെന്നു
ചോദിച്ചുകൊണ്ട് സഞ്ജുവും മുന്നോട്ട് വന്നതോടെ ക്ലാസന്‍ വീണ്ടും വിരല്‍ചൂണ്ടി
എന്തൊക്കെയോ വിളിച്ചുപറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ സമീപം നിന്ന ചെന്നൈ സഹതാരം
ശിവം ദുബെ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും ക്ലാസനെ
പറഞ്ഞുവിടുകയുമായിരുന്നു. നടന്നു നീങ്ങുന്നതിനിടയിലും ക്ലാസന്‍ തിരിഞ്ഞു നോക്കി
സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെ സഞ്ജു ഫീല്‍ഡ് അമ്പയറോട്
പരാതിപ്പെടുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച്
വിക്കറ്റിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്
തിരഞ്ഞെടുത്ത ചെന്നൈ, ഡിയേവാള്‍ഡ് ബ്രെവിസിന്റെ (27 പന്തില്‍ 44) കരുത്തിലും, തുടക്കത്തില്‍ 13
പന്തില്‍ 27 റണ്‍സുമായി സഞ്ജു നല്‍കിയ മികച്ച
തുടക്കത്തിലുമാണ് 20 ഓവറില്‍ 7
വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയത്. ഹൈദരാബാദിനായി
പാറ്റ് കമിന്‍സ് മൂന്നും സാകിബ് ഹുസൈന്‍ രണ്ടും വിക്കറ്റ് നേടി. മറുപടി
ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (6) നഷ്ടമായെങ്കിലും അഭിഷേക് ശര്‍മയും (21 പന്തില്‍ 26)
ഇഷാന്‍ കിഷനും ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. ക്ലാസന്‍
പുറത്തായ ശേഷവും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ഇഷാന്‍ കിഷന്‍ (47 പന്തില്‍ 70 റണ്‍സ്, 3 സിക്‌സ്,
7 ഫോര്‍) ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഹൈദരാബാദിന്റെ ജയം
ഉറപ്പാക്കുകയായിരുന്നു. ഈ വിജയത്തോടെ 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുത്ത ഹൈദരാബാദ്
പ്ലേഓഫിന് യോഗ്യത നേടി. ഹൈദരാബാദിന്റെ ജയത്തോടെ 16
പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സും പ്ലേഓഫ് ഉറപ്പിച്ചു. എന്നാല്‍, ലീഗ് ഘട്ടത്തിന്റെ അവസാന ഘട്ടത്തില്‍ നേരിട്ട ഈ തോല്‍വി ചെന്നൈ സൂപ്പര്‍
കിങ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
അവസാന മത്സരം വലിയ മാര്‍ജിനില്‍ ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍
അനുകൂലമാകുകയും ചെയ്താല്‍ മാത്രമേ ഇനി ചെന്നൈക്ക് പ്ലേഓഫ് സാധ്യതയുള്ളൂ.
