കാബൂള്‍: ജീവിക്കാന്‍ വേണ്ടി സ്വന്തം മക്കളെ വില്‍ക്കുന്ന മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗം മാതാപിതാക്കള്‍. യുഎന്നിന്റെ കണക്കനുസരിച്ച്, ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ നാലില്‍ മൂന്ന് പേര്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്, ആരോഗ്യരംഗം തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പത്തിലൊന്നിലധികം വരുന്ന, അതായത് ഏകദേശം 47 ലക്ഷം ആളുകള്‍ ക്ഷാമത്തിന്റെ തൊട്ടരികിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പട്ടിണി നിരക്കാണ് നേരിടുന്നത്.
അഫ്ഗാനിസ്ഥാനില്‍ ഏറ്റവും ദുരിതം
അനുഭവിക്കുന്നത് ഘോര്‍ പ്രവിശ്യയിലെ ജനങ്ങളാണ്. ഇവിടുത്തെ പുരുഷന്മാര്‍ അങ്ങേയറ്റം
നിരാശരിലാണ്. ഈ പ്രദേശത്തെ സമീപത്തുള്ള ഒരു ബേക്കറിയില്‍ നിന്ന് വിതരണം ചെയ്യുന്ന
പഴകിയ റൊട്ടി വാങ്ങാന്‍ പോലും വലിയ ജനക്കൂട്ടമാണ്.വിതരണം ചെയ്ത് നിമിഷങ്ങള്‍ക്കകം
ആ റൊട്ടിക്കഷ്ണങ്ങള്‍ ആളുകള്‍ പിടിച്ചുപറിക്കുകയാണ് ചെയ്തത്. നിസാരമായ ഒരു റൊട്ടി
കഷ്ണത്തിന് വേണ്ടി വലിയ തിക്കും തിരക്കുമാണ് അവിടെ ഉണ്ടായത്. ഭക്ഷണത്തിന്റെ
കാര്യത്തില്‍ മാത്രമല്ല, തൊഴില്‍ അന്വേഷിക്കുന്നവരുടെ അവസ്ഥയും സമാനമാണ്. അതിലൊരു സംഭവം
ഇങ്ങനെയായിരുന്നു. ഇഷ്ടിക ചുമക്കാന്‍ ഒരു തൊഴിലാളിയെ ആവശ്യപ്പെട്ട് മോട്ടോര്‍
സൈക്കിളില്‍ ഒരാള്‍ അവിടെയെത്തി. നിരവധി പുരുഷന്മാരാണ് അയാളുടെ അടുത്തേക്ക്
ചാടിവീണത്. എന്നാല്‍ വെറും മൂന്ന് പുരുഷന്മാര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്.
ഭക്ഷണം കൊടുക്കാന്‍ ശേഷിയില്ലാത്തതിനാലും, മക്കള്‍ പട്ടിണിയിലായതിനാലും
തന്റെ പെണ്‍മക്കളെ വില്‍ക്കാന്‍ തയ്യാറാണെന്ന് കരഞ്ഞു കൊണ്ട് പറയുന്ന അബ്ദുള്‍
റഷീദ് അസീമി എന്ന വ്യക്തിയുടെ അനുഭവം ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ക്ക് കഴിക്കാന്‍ ആകെയുള്ളത് റൊട്ടിയും ചൂടുവെള്ളവും മാത്രമാണ്,
ചായ പോലുമില്ലെന്നാണ് അബ്ദുള്‍ റഷീദിന്റെ ഭാര്യ കയ്ഹാന്‍ പറയുന്നു.
അവരുടെ കൗമാരക്കാരായ രണ്ട് ആണ്‍മക്കള്‍ ടൗണ്‍ സെന്ററില്‍ ഷൂ പോളിഷ് ചെയ്യുന്ന ജോലി
ചെയ്യുന്നുണ്ട്. മറ്റൊരു മകന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നു, ഇത് കയ്ഹാന്‍ പാചകം ചെയ്യാനുള്ള ഇന്ധനമായി ഉപയോഗിക്കുന്നു. അപ്പെന്‍ഡിസൈറ്റിസും
കരള്‍ രോഗവും ബാധിച്ചതിനെ തുടര്‍ന്ന്, തന്റെ അഞ്ച് വയസ്സുള്ള
മകള്‍ ഷൈഖയെ ഇതിനകം തന്നെ വില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് സയീദ് അഹമ്മദ്
എന്ന വ്യക്തി ബിബിസിയോട് വെളിപ്പെടുത്തി. 'ചികിത്സാ ചിലവുകള്‍
നല്‍കാന്‍ എന്റെ പക്കല്‍ പണമില്ലായിരുന്നു. അതിനാല്‍ ഞാന്‍ എന്റെ മകളെ ഒരു
ബന്ധുവിന് വിറ്റു,' അദ്ദേഹം പറയുന്നു.
ഒരു കാലത്ത് അഫ്ഗാനിസ്ഥാന് ഏറ്റവും കൂടുതല്‍
സഹായം നല്‍കിയിരുന്ന അമേരിക്ക, കഴിഞ്ഞ വര്‍ഷം രാജ്യത്തിനുള്ള ഏതാണ്ടെല്ലാ സഹായങ്ങളും നിര്‍ത്തലാക്കി.
യുകെ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ദാതാക്കളും തങ്ങളുടെ സംഭാവനകളില്‍ ഗണ്യമായ
കുറവ് വരുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്,
മുന്‍വര്‍ഷത്തെക്കാള്‍ (2025) 70% കുറവ് സഹായം
മാത്രമാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചിട്ടുള്ളത് എന്നാണ്. രാജ്യത്തെ പകുതിയിലധികം
പ്രവിശ്യകളെയും ബാധിച്ചിട്ടുള്ള കടുത്ത വരള്‍ച്ച ഈ പ്രതിസന്ധികളെ വീണ്ടും സങ്കീര്‍ണ്ണമാക്കുന്നു.
2021-ല്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാര്‍,
ഈ പ്രതിസന്ധിയുടെ കുറ്റം അഫ്ഗാനിസ്ഥാനിലെ മുന്‍ ഭരണകൂടത്തിന്റെ
മേലാണ് ചുമത്തുന്നത്. എന്നിരുന്നാലും, താലിബാന്റെ സ്വന്തം
നയങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അവരുടെ
നിയന്ത്രണങ്ങള്‍ എന്നിവ മറ്റ് രാജ്യങ്ങളുടെ സഹായം കുറയാന്‍ കാരണമായ ഘടകമാണ്.
എന്നാല്‍ തങ്ങളുടെ പിഴവാണെന്ന ആരോപണം താലിബാന്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണനിരക്ക്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് മറ്റൊരു
റിപ്പോര്‍ട്ട്. എന്നാല്‍ ഈ മരണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളൊന്നുമില്ല.
ശിശുമരണങ്ങളുടെ വര്‍ദ്ധനവിന് തെളിവ് കണ്ടെത്താന്‍ കഴിയുന്ന ഒരേയൊരു സ്ഥലം ഈ
ശ്മശാനം മാത്രമാണ്. അതിനാല്‍ തങ്ങള്‍ മുന്‍പ് ചെയ്തിട്ടുള്ളതുപോലെ, ചെറുതും വലുതുമായ കല്ലറകള്‍
പ്രത്യേകം എണ്ണിനോക്കി. വലിയ കല്ലറകളേക്കാള്‍ ഏകദേശം ഇരട്ടിയോളം ചെറിയ കല്ലറകള്‍
അവിടെയുണ്ടായിരുന്നു - ഇത് മുതിര്‍ന്നവരേക്കാള്‍ ഇരട്ടി കുട്ടികളാണ് മരണപ്പെട്ടത്
എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചഗ്ചരനിലെ പ്രധാന ആശുപത്രിയില്‍ ഇതിലും വലിയ തെളിവുകള്‍ ഉണ്ടായിരുന്നു. ശിശു
തീവ്രപരിചരണ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ളത്. അവിടെ എല്ലാ കിടക്കകളും
നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്, ചിലതില്‍ രണ്ട് കുഞ്ഞുങ്ങള്‍
വീതമുണ്ട്. അവരില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളും ആവശ്യത്തിന് ശരീരഭാരമില്ലാത്തവരാണ്.
ഭൂരിപക്ഷവും കുഞ്ഞുങ്ങളും സ്വന്തമായി ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്.
ചില ദിവസങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ വരെ
മരിക്കാറുണ്ടെന്ന് നഴ്‌സായ ഫാത്തിമ ഹുസൈനി പറയുന്നു. 'ആദ്യമൊക്കെ കുട്ടികള്‍
മരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍
ഇപ്പോള്‍ ഇത് ഞങ്ങള്‍ക്ക് ഒരു സാധാരണ സംഭവം പോലെയായി മാറിയിരിക്കുന്നു,' അവര്‍ പറയുന്നു. ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭൂരിഭാഗം രോഗികള്‍ക്കുമുള്ള
മരുന്നുകള്‍ ലഭ്യമല്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. സാമ്പത്തികമായി
ശേഷിയില്ലാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചികിത്സാ മനഃപ്പൂര്‍വ്വം നിഷേധിക്കുന്ന
മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്.
