വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി ഒരുമിച്ച് ജീവിക്കാന്‍ സ്വര്‍ണം മോഷ്ടിച്ച് ജ്വല്ലറി ജീവനക്കാരി; മണിക്കൂറുകള്‍ക്കിടെ കവര്‍ന്നത് 1.66 കോടിയുടെ സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍; കുളിക്കാന്‍ പോയ നേരം നോക്കി കാമുകന്റെ ചതി; ജ്വല്ലറി ജീവനക്കാരിയുടെ പ്രതികാരം


അഹമ്മദാബാദ്: കാമുകനൊപ്പം ആഡംബര ജീവിതം നയിക്കാന്‍ വേണ്ടി ജോലി ചെയ്തിരുന്ന ജ്വല്ലറിയില്‍ നിന്ന് ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന യുവതിയും കാമുകനും ഒടുവില്‍ പോലീസിന്റെ പിടിയില്‍. അഹമ്മദാബാദിലെ നിക്കോള്‍ പ്രദേശത്തുള്ള പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ് വുമണായി ജോലി ചെയ്തിരുന്ന ഹര്‍ഷിദ ഷെട്ടിയാണ് ഈ സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ചാ കേസിലെ പ്രധാന പ്രതി. വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ യുവതി ആസൂത്രണം ചെയ്ത വലിയ പദ്ധതിയാണ് ഒടുവില്‍ ജയിലഴിക്കുള്ളില്‍ അവസാനിച്ചത്.

 

മേയ് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിക്കോളിലെ അന്‍മോള്‍ സര്‍ക്കിളിന് സമീപമുള്ള ഗ്രാവിറ്റി ഷോപ്പിംഗ് മാളിലെ ജ്വല്ലറി ഷോറൂമിലാണ് വന്‍ കവര്‍ച്ച നടന്നത്. ഈ ഷോറൂമിന്റെ ഉടമയായ ദര്‍ശന്‍ ഷാ, ഏകദേശം 11 മാസം മുന്‍പാണ് ഹര്‍ഷിദയെ ഇവിടെ സെയില്‍സ് ഗേളായി ജോലിക്ക് എടുത്തത്. കഴിഞ്ഞ 11 മാസമായി സ്ഥാപനത്തില്‍ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്ന ഹര്‍ഷിദ, ആരും സംശയിക്കാത്ത രീതിയിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.

 

മേയ് 11-ന് ഉച്ചയ്ക്ക് ജ്വല്ലറി ഉടമ ദര്‍ശന്‍ ഷാ ഉച്ചഭക്ഷണത്തിനായി പുറത്തുപോയ സമയം മുതലെടുത്താണ് ഹര്‍ഷിദ മോഷണം നടത്തിയത്. സാധാരണ രീതിയില്‍ ജോലി ചെയ്യുന്നത് പോലെ അഭിനയിച്ച ഹര്‍ഷിദ, ഡിസ്‌പ്ലേ ട്രേകളില്‍ നിന്നും അലമാരകളില്‍ നിന്നും സ്വര്‍ണ്ണമാലകള്‍, മോതിരങ്ങള്‍, ലോക്കറ്റുകള്‍, മംഗല്യസൂത്രങ്ങള്‍, പാദസരങ്ങള്‍ എന്നിവ ആസൂത്രിതമായി എടുത്തു മാറ്റുകയായിരുന്നു. മറ്റുള്ള ജീവനക്കാരുടെ ശ്രദ്ധ തിരിയുമ്പോള്‍ ആഭരണങ്ങള്‍ ഓരോന്നായി എടുത്ത് തന്റെ യൂണിഫോമിനുള്ളിലും ബാഗിലും ഒളിപ്പിച്ചു. ഏകദേശം 1.66 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ, വജ്രാഭരണങ്ങളാണ് ഇവര്‍ കൈക്കലാക്കിയത്. തുടര്‍ന്ന് വ്യക്തിപരമായ ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് വൈകുന്നേരം 4.30 ഓടെ ഹര്‍ഷിദ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു

 

 അന്ന് വൈകുന്നേരം അഞ്ചു മണിയോടെ ഒരു ഉപഭോക്താവ് ഷോറൂം സന്ദര്‍ശിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഡിസ്‌പ്ലേ ട്രേകളില്‍ ഒന്നില്‍ നിന്ന് ഒരു സ്വര്‍ണ്ണ നാണയം കാണാതായത് സഹജീവനക്കാരനായ കാഞ്ചി പട്ടേലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഉടന്‍ തന്നെ ഉടമയായ ദര്‍ശന്‍ ഷായെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് ഹര്‍ഷിദയുടെ ഞെട്ടിക്കുന്ന മോഷണവിവരം പുറത്തുവന്നത്.

 

മോഷണത്തിന് തൊട്ടുപിന്നാലെ ഹര്‍ഷിദ കാമുകനൊപ്പം അഹമ്മദാബാദില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും പണവും ഉപയോഗിച്ച് ഇരുവരും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഹോട്ടലുകളിലും ഹില്‍ സ്റ്റേഷനുകളിലും താമസിച്ചു. എന്നാല്‍, ഇതിനിടെ ഇവരുടെ ബന്ധത്തില്‍ നാടകീയമായ വഴിത്തിരിവുണ്ടായി. യാത്രയ്ക്കിടയില്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഹര്‍ഷിദ കുളിക്കാന്‍ പോയ സമയം നോക്കി കാമുകന്‍ മോഷ്ടിച്ച ആഭരണങ്ങളില്‍ ഭൂരിഭാഗവുമായി അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

 

താന്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ ഹര്‍ഷിദ ഹോട്ടലില്‍ ഒറ്റപ്പെടുകയും, തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് കാമുകനെ കാണാനില്ലെന്ന് പരാതി നല്‍കുകയും കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. സാങ്കേതിക നിരീക്ഷണത്തിന്റെയും പ്രാദേശിക രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ അഹമ്മദാബാദ് പോലീസ് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ കാമുകനെ ഉടന്‍ തന്നെ പൊക്കി. ഇതിന് പിന്നാലെ, തന്റെ പക്കലുണ്ടായിരുന്ന ആഭരണങ്ങളുടെ ബാക്കി ഭാഗം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഹര്‍ഷിദയും ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items