അന്ധവിശ്വാസത്തിന് പുറകെ യു.ഡി.എഫ് സര്‍ക്കാര്‍; മന്ത്രിമാര്‍ക്ക് '13'-ാം നമ്പര്‍ കാര്‍ വേണ്ട; മന്‍മോഹന്‍ ബംഗ്ലാവും ശാപമോക്ഷം കാത്ത് ഒഴിഞ്ഞുകിടക്കും? രാശിനോക്കലില്‍ സെക്രട്ടേറിയറ്റ്; ശാപപ്പേരുള്ള 'മന്‍മോഹന്‍ ബംഗ്ലാവ്' ഏറ്റെടുക്കാനും ഭയം; വെല്ലുവിളിച്ച ആന്റണി രാജുവിനും ഐസക്കിനും അടിതെറ്റി; രാശിയുള്ള വീടുകള്‍ക്കായി യു.ഡി.എഫില്‍ വടംവലി

 


തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വീണ്ടും 'രാശിനോക്കലും' അന്ധവിശ്വാസങ്ങളും സജീവമാകുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളും വസതികളും തിരഞ്ഞെടുക്കുന്നതില്‍ ശാസ്ത്രബോധത്തിന് പകരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെയാണ് പുതിയ മന്ത്രിമാരെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രിസഭയിലെ പ്രമുഖരായ നേതാക്കള്‍ ആരും തന്നെ തങ്ങളുടെ ഔദ്യോഗിക വാഹനമായി '13'-ാം നമ്പര്‍ കാര്‍ തിരഞ്ഞെടുക്കാന്‍ തയ്യാറായിട്ടില്ല. 13 എന്ന അക്കം 'അശുഭ' സംഖ്യയാണെന്നും ഈ നമ്പരുള്ള വണ്ടിയില്‍ യാത്ര ചെയ്താല്‍ രാഷ്ട്രീയ ഭാവി തകരുമെന്നുമുള്ള ഭയമാണ് മന്ത്രിമാരെ പിന്നോട്ട് വലിക്കുന്നത്. കാറുകളുടെ കാര്യത്തില്‍ മാത്രമല്ല, കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള ആഡംബര മന്ദിരമായ 'മന്‍മോഹന്‍ ബംഗ്ലാവ്' ഏറ്റെടുക്കാനും പുതിയ മന്ത്രിമാര്‍ക്ക് കടുത്ത ഭയമാണ്. അതേസമയം, രാശിയുണ്ടെന്ന് കരുതപ്പെടുന്ന പ്രമുഖ മന്ത്രിമന്ദിരങ്ങള്‍ കൈക്കലാക്കാന്‍ പുതിയ മന്ത്രിമാര്‍ക്കിടയില്‍ അണിയറയില്‍ തര്‍ക്കങ്ങളും വടംവലിയും തുടങ്ങിക്കഴിഞ്ഞു.

 

യു.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം പതിമൂന്നാം നമ്പര്‍ കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതായിരുന്നു കീഴ്വഴക്കം. 2011-ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ടൂറിസം വകുപ്പിന്റെ പൂളില്‍ നിന്ന് 13-ാം നമ്പര്‍ കാര്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ശാസ്ത്രബോധം ഉയര്‍ത്തിപ്പിടിച്ച് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ചില ഇടതുപക്ഷ നേതാക്കള്‍ തയ്യാറായിരുന്നു. എന്നാല്‍ അങ്ങനെ വെല്ലുവിളിച്ച് 13-ാം നമ്പര്‍ കാര്‍ എടുത്തവരുടെയെല്ലാം രാഷ്ട്രീയ ഗതി പിന്നീട് കഷ്ടത്തിലായെന്നാണ് യു.ഡി.എഫ് മന്ത്രിമാര്‍ ഇപ്പോള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നത്. 13-ാം നമ്പര്‍ കാറുപയോഗിച്ചാല്‍ പിന്നീട് മന്ത്രിയാകാനോ നിയമസഭ കാണാനോ കഴിയില്ലെന്ന അന്ധവിശ്വാസത്തിന് ബലം നല്‍കുന്നതാണ് ഈ നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ

 

 കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചാണ് ചില മന്ത്രിമാര്‍ മനഃപൂര്‍വ്വം 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയത്. 2006-ല്‍ വി.എസ്. അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയായിരുന്നു ഈ കാര്‍ ആദ്യമായി ഏറ്റെടുത്തത്. എന്നാല്‍ അതിനുശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും പിന്നീട് നിയമസഭയിലേക്ക് എത്താന്‍ കഴിയാതെ പോവുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 13-ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ പലരും മടിച്ചപ്പോള്‍ വെല്ലുവിളിച്ച് മുന്നോട്ടുവന്നത് ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ഐസക്കിന് സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, പിന്നീട് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാനുമായിരുന്നു അദ്ദേഹത്തിന്റെ വിധി.

 

ഏറ്റവും ഒടുവില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദും ഈ വെല്ലുവിളി ഏറ്റെടുത്ത് പതിമൂന്നാം നമ്പര്‍ കാറാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രസാദ് വീണ്ടും എം.എല്‍.എ ആയി ജയിച്ചുവന്നുവെങ്കിലും ഭരണം നഷ്ടപ്പെട്ടതോടെ അദ്ദേഹം ഇപ്പോള്‍ പ്രതിപക്ഷത്താണ്. വരും കാലങ്ങളില്‍ അദ്ദേഹത്തിന് ഇനി മന്ത്രിയാക്കാന്‍ കഴിയുമോ എന്ന കാര്യവും വലിയ സംശയത്തിലാണ്. 13-ാം നമ്പര്‍ കാര്‍ എടുത്ത ഇടതുപക്ഷ നേതാക്കളുടെയെല്ലാം രാഷ്ട്രീയ പതനം കണ്ടതോടെയാണ്, തങ്ങളുടെ കസേരയ്ക്ക് ഭംഗം വരാതിരിക്കാന്‍ പുതിയ യു.ഡി.എഫ് മന്ത്രിമാര്‍ ഈ നമ്പറിനോട് 'തൊട്ടുകൂടായ്മ' പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് ഇത്തവണ വിതരണം ചെയ്ത താല്‍ക്കാലിക നമ്പരുള്ള കാറുകളുടെ പൂളില്‍ ഒദ്യോഗികമായി 13-ാം നമ്പര്‍ കാര്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

 

കാറിന്റെ നമ്പരിനോടുള്ള ഈ ഭയം തിരുവനന്തപുരത്തെ ഏറ്റവും പ്രൗഢവും വിശാലവുമായ മന്ത്രിമന്ദിരമായ 'മന്‍മോഹന്‍ ബംഗ്ലാവി'ലേക്കും നീളുകയാണ്. രാജ്ഭവനോട് ചേര്‍ന്നുനില്‍ക്കുന്ന ഈ ബംഗ്ലാവില്‍ താമസിക്കുന്ന മന്ത്രിമാര്‍ പിന്നീട് നിയമസഭ കാണില്ലെന്ന ശക്തമായ അന്ധവിശ്വാസമാണ് രാഷ്ട്രീയ വൃത്തങ്ങളിലുള്ളത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാല് മന്ത്രിമാരാണ് ഇവിടെ മാറി മാറി താമസിച്ചത്. അവരെയെല്ലാം രാശിപ്പിഴ ബാധിച്ചെന്നാണ് കഥകള്‍. എം.വി. രാഘവനും ആര്യാടന്‍ മുഹമ്മദും തങ്ങളുടെ അവസാന മന്ത്രിപദവി കാലത്ത് താമസിച്ചതും ഇതേ വസതിയിലായിരുന്നു. ഈ ശാപപ്പേര് മാറ്റാന്‍ മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന സമയത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വലിയ വിവാദമായിരുന്നു.

 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്ധവിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനാണ് തോമസ് ഐസക് മനഃപൂര്‍വ്വം മന്‍മോഹന്‍ ബംഗ്ലാവ് താമസത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ അവിടെ താമസിച്ച ഐസക്കിന് അടുത്ത തവണ മത്സരിക്കാന്‍ സീറ്റ് പോലും കിട്ടാതെ പുറത്തുപോകേണ്ടി വന്നത് അന്ധവിശ്വാസങ്ങള്‍ക്ക് പുതിയ ആയുധമായി മാറി. പുതിയ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലഭ്യമായ മന്ത്രിമന്ദിരങ്ങളുടെ കുറവ് മൂലം മന്‍മോഹന്‍ ബംഗ്ലാവ് ആര്‍ക്കെങ്കിലും കൈമാറേണ്ടി വരും. എന്നാല്‍ അതികായര്‍ പോലും അടിതെറ്റി വീണ ഈ ശാപമന്ദിരത്തിലേക്ക് കയറാന്‍ പുതിയ മന്ത്രിമാരില്‍ ആരും ധീരത കാട്ടുന്നില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുത്ത ഗതാഗത മന്ത്രി ആന്റണി രാജുവിനും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞ അദ്ദേഹത്തിന്, പിന്നീട് കുപ്രസിദ്ധമായ 'ജട്ടി കേസ്' (തൊണ്ടിമുതല്‍ കേസ്) സുപ്രീം കോടതിയില്‍ വീണ്ടും സജീവമായതോടെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും പാര്‍ട്ടി സീറ്റ് നല്‍കിയില്ല. ഇതോടെ ബംഗ്ലാവിന്റെ രാശിപ്പിഴ കഥകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുകയായിരുന്നു. ആന്റണി രാജു ഒഴിഞ്ഞ ബംഗ്ലാവിലേക്ക് മാറാന്‍ അന്നത്തെ മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടെങ്കിലും കടുത്ത അന്ധവിശ്വാസം മൂലം അദ്ദേഹം അങ്ങോട്ട് മാറാന്‍ തയ്യാറായില്ല

 

പണമില്ലാത്ത സംസ്ഥാന ഖജനാവില്‍ നിന്ന് മാസം 85,000 രൂപ വാടക നല്‍കി തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്സ് അസോസിയേഷനിലെ ഒരു സ്വകാര്യ വാടക വീട്ടിലാണ് സജി ചെറിയാന്‍ കഴിഞ്ഞ കാലമത്രയും താമസിച്ചത്. മന്‍മോഹന്‍ ബംഗ്ലാവ് ഒഴിഞ്ഞുകിടന്നിട്ടും അങ്ങോട്ട് മാറിയാല്‍ തന്റെ മന്ത്രിസ്ഥാനവും രാഷ്ട്രീയവും തകരുമെന്ന് സജി ചെറിയാന്‍ ഭയപ്പെട്ടിരുന്നു. ഭരണഘടനയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരിക്കല്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിട്ടും, വാടക വീട്ടില്‍ താമസിച്ചതുകൊണ്ട് മാത്രമാണ് പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്താനും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ചുകയറാനും കഴിഞ്ഞതെന്നാണ് അണികളുടെ സംസാരം. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും മന്‍മോഹന്‍ ബംഗ്ലാവ് ഭയന്ന് കവടിയാറില്‍ 45,000 രൂപ മാസവാടകയുള്ള വീട്ടിലായിരുന്നു താമസം. മന്‍മോഹന്‍ ബംഗ്ലാവിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ വീണ അതികായരുടെ പട്ടിക നീളുന്നതാണ്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വസതിയും മന്‍മോഹന്‍ ബംഗ്ലാവ് ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒരു മാസത്തിനുള്ളില്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്ന് ഇറങ്ങേണ്ടി വന്ന ചരിത്രവുമുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടിയേരി ഇവിടെ നിന്നും താമസം മാറ്റുകയും തുടര്‍ന്ന് വന്ന പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിളയ്ക്ക് ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ടി വരികയും ചെയ്തു. പകരമെത്തിയ മോന്‍സ് ജോസഫിനും പിന്നീട് പി.ജെ. ജോസഫിനും കാലാവധി തികയ്ക്കാനായില്ല.

 

2011-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച ആര്യാടന്‍ മുഹമ്മദ് കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സോളാര്‍ അഴിമതിക്കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയ ജീവിതം അതോടെ അവസാനിക്കുകയും അടുത്ത തവണ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്തു. ആന്റണി രാജു ഒഴിഞ്ഞതോടെ കാടുപിടിച്ചു കിടക്കുന്ന ഈ ബംഗ്ലാവ് ഏറ്റെടുക്കാന്‍ പുതിയ യു.ഡി.എഫ് മന്ത്രിമാരില്‍ ആരും തന്നെ തയ്യാറാകുന്നില്ല. രാശിയുള്ള മറ്റ് മന്ദിരങ്ങള്‍ക്കായി കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും പ്രമുഖര്‍ തമ്മില്‍ വലിയ വടംവലിയാണ് ഇപ്പോള്‍ തലസ്ഥാനത്ത് നടക്കുന്നത്. ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചാലരാകുന്ന ജനപ്രതിനിധികള്‍ തന്നെ നമ്പറുകളുടെയും ബംഗ്ലാവുകളുടെയും പേരില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ജനാധിപത്യ കേരളത്തിന് ഒട്ടും അനുയോജ്യമല്ലെന്നാണ് സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. 13-ാം നമ്പര്‍ കാര്‍ ഒഴിവാക്കിയതിലൂടെ തങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാണെന്ന് പുതിയ മന്ത്രിമാര്‍ തുടക്കത്തില്‍ തന്നെ തെളിയിച്ചിരിക്കുകയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items