'മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ട്; ടേം വ്യവസ്ഥ ഞാനും അനൂപും അംഗീകരിച്ചു; ആദ്യ രണ്ടര വര്‍ഷം ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്'; മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നില്‍ മുന്നണിയിലെ ഒരു നേതാവ് എന്നും മാണി സി കാപ്പന്‍


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും പുതിയ മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വോട്ടര്‍മാരും അണികളും ഫോണില്‍ വിളിച്ച് പരാതിപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് മാണി സി കാപ്പന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

 

തനിക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫ് മുന്നണിയിലെ ധാരണപ്രകാരം രണ്ടര വര്‍ഷം അനൂപ് ജേക്കബിനും, ബാക്കി രണ്ടര വര്‍ഷം തനിക്കുമെന്നാണ് മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ. അനൂപ് ജേക്കബ് തന്നേക്കാള്‍ സീനിയറായതിനാലാണ് ആദ്യ ടേമില്‍ അദ്ദേഹത്തെ പരിഗണിച്ചതെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. അനൂപ് ജേക്കബ് നാലാം തവണയാണ് എംഎല്‍എയാകുന്നത്, താന്‍ മൂന്നാം തവണയും. കൂടാതെ അനൂപ് ജേക്കബ് മുന്‍പ് മന്ത്രിയായിരുന്നിട്ടുമുണ്ട്.

 

അനൂപ് ജേക്കബുമായി തനിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ രണ്ടുപേരും ഒന്നിച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നതായും ടേം വ്യവസ്ഥ ഇരുവരും ചേര്‍ന്നാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കുന്നതുവരെയുള്ള ആദ്യത്തെ രണ്ടര വര്‍ഷക്കാലം തനിക്ക് ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദവി വൈകാതെ തന്നെ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത ഈ ആദ്യ ടേമില്‍ ഭൂരിഭാഗം സമയവും തന്റെ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് തീരുമാനമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

കോണ്‍ഗ്രസിലെ ചില മന്ത്രിമാര്‍ക്കും ഇത്തരത്തില്‍ ടേം വ്യവസ്ഥയുണ്ടെന്നും അത് മുഖ്യമന്ത്രി ഉടന്‍ തന്നെ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുണ്ടെന്നും, മുന്നണിയിലെ ഒരു പ്രമുഖ നേതാവാണ് ഇതിന് പിന്നിലെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. എന്നാല്‍ ആ നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items