കൊടുംഗുണ്ട ഔറംഗസീബിന്റെ 'ഭാര്യ', പോലീസില്‍ പരാതിപ്പെട്ടാല്‍ തീര്‍ക്കുമെന്ന് ഭീഷണി; ലഹരി-മനുഷ്യക്കടത്ത് കേസ് പ്രതി അലീനയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തവരില്‍ ജയില്‍ ഉദ്യോഗസ്ഥനും; ഫോട്ടോ അടക്കം പുറത്തു വന്നിട്ടും ചട്ട ലംഘനത്തിന് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത ജയില്‍ വകുപ്പ് വെട്ടില്‍; കൊച്ചിയിലെ പെണ്‍വാണിഭ റാക്കറ്റില്‍ ഞെട്ടിക്കുന്ന അധോലോക-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടോ ?

 


കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് കേസില്‍ പിടിയിലായ അലീനയ്ക്ക് പിന്നില്‍ വന്‍ അധോലോക-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടെന്ന് വ്യക്തമായ തെളിവുകള്‍ പുറത്ത്. കൊച്ചിയിലെ കുപ്രസിദ്ധ കൊടുംഗുണ്ട ഔറംഗസീബിന്റെ ഭാര്യയാണ് താനെന്ന് പ്രഖ്യാപിച്ചായിരുന്നു അലീന ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ദുബായിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കാന്‍ തുനിയുന്ന ഇരകളെ, ഔറംഗസീബിന്റെ പേര് പറഞ്ഞ് ജീവനോടെ തീര്‍ക്കുമെന്ന് അലീന ഭയപ്പെടുത്തിയിരുന്നു. ഈ ക്രിമിനല്‍ സ്വാധീനത്തിന്റെ തണലിലാണ് തട്ടിപ്പുകള്‍ മുഴുവന്‍ അരങ്ങേറിയത്

 

 അലീനയുടെ ഈ അധോലോക ബന്ധങ്ങള്‍ക്ക് ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയുണ്ടായിരുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് വെച്ച് ആഡംബരപൂര്‍വ്വം നടന്ന അലീനയുടെ സ്വന്തം സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പ്രമുഖനായ ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് പങ്കെടുത്തിരുന്നു. ജയില്‍ ഉദ്യോഗസ്ഥന്‍, ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള അലീനയുടെ കുടുംബ ചടങ്ങില്‍ വിഐപിയായി എത്തിയത് അന്ന് തന്നെ വിവാദമായിരുന്നു. തിരുവനന്തപുരത്തെ ഒരു എംഎല്‍എയുടെ പിഎയുടെ അനുജനായിരുന്നു അലീനയുടെ സഹോദരിയുടെ കല്യാണത്തിന് എത്തിയ പോലീസുകാരന്‍.

 

ഗുണ്ടാ-ലഹരി മാഫിയകളുമായി ജയില്‍ ഉദ്യോഗസ്ഥന്‍ പുലര്‍ത്തുന്ന ഈ വഴിവിട്ട ബന്ധത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളും തെളിവുകളും സഹിതം ജയില്‍ വകുപ്പ് മേധാവികള്‍ക്ക് മുന്നില്‍ പരാതി എത്തിയിരുന്നു. എന്നാല്‍, ഉന്നത സ്വാധീനങ്ങളുടെ ബലത്തില്‍ ഈ പരാതിയിന്മേല്‍ യാതൊരുവിധ അന്വേഷണമോ നടപടിയോ സ്വീകരിക്കാന്‍ ജയില്‍ വകുപ്പ് തയ്യാറായില്ല. ഇതിനിടെയാണ് അലീനയുടെ അറസ്റ്റും വിവാദങ്ങളും ഉണ്ടാകുന്നത്. അതിനിടെ, കേസില്‍ പൊന്നാനി സ്വദേശിനിയായ മഞ്ജിമ എന്ന യുവതിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. നേരത്തെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനി അലീന (29), ആലുവ സ്വദേശിനി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായ സിന്ധുവിനെ ചൊവ്വാഴ്ചയോടെ മരട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇവരെ ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതോടെ വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പുറത്തുവരുമെന്നാണ് സൂചന

 

മോഡലിങ് രംഗത്ത് തിളങ്ങാമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി കെണിയില്‍ വീഴ്ത്തുന്ന യുവതികളെ ദുബായിലെത്തിച്ച് അതീവ രഹസ്യകേന്ദ്രങ്ങളില്‍ തടങ്കലിലാക്കുകയാണ് ഇവരുടെ രീതി. അവിടെവെച്ച് പെണ്‍കുട്ടികള്‍ക്ക് മാരകമായ മയക്കുമരുന്നുകള്‍ ബലമായി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വന്‍കിടക്കാര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്താണ് മാസങ്ങളോളം പീഡനം തുടര്‍ന്നിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ക്വട്ടേഷന്‍-ഗുണ്ടാ സംഘങ്ങളുമായി വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് എസിപി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബറില്‍ വൈറ്റിലയിലെ ജെവികെ ബാറില്‍ വടിവാളുമായി എത്തി ക്രൂരമായ അക്രമം അഴിച്ചുവിട്ട കേസില്‍ അലീന രണ്ടാം പ്രതിയാണ്. അന്ന് ബാറില്‍ വെച്ച് അലീനയെയും സുഹൃത്തിനെയും ചിലര്‍ ശല്യം ചെയ്തതറിഞ്ഞ് കൊടുംഗുണ്ട ഔറംഗസീബും സംഘവും വടിവാളുമായി ഇരച്ചുകയറി ബാര്‍ ജീവനക്കാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ കേസിന് ശേഷം ഔറംഗസീബ് ഒളിവില്‍ പോയെങ്കിലും അലീന കൊച്ചിയില്‍ സജീവമായി തുടര്‍ന്നു.

 

ഔറംഗസീബിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇരകള്‍ ഭയപ്പെടുമെന്നത് മുതലെടുത്താണ് അലീന വിദേശത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 'ആരെങ്കിലും പോലീസിനടുത്ത് പോയാല്‍ ഔറംഗസീബ് വെറുതെ വിടില്ല, കുടുംബത്തോടെ ഇല്ലാതാക്കും' എന്നായിരുന്നു അലീനയുടെ സ്ഥിരം ഭീഷണി. ലഹരി മാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും തണലുള്ളതിനാല്‍ തങ്ങളെ പോലീസ് തൊടില്ലെന്ന അമിത ധാര്‍ഷ്ട്യത്തിലായിരുന്നു ഈ ഇരുപത്തൊമ്പതുകാരി. ജയില്‍ ഉദ്യോഗസ്ഥര്‍ വരെ തങ്ങളുടെ കുടുംബ ചടങ്ങുകളില്‍ അതിഥികളായി എത്തുന്നത് അലീന ഇരകളെ കാണിച്ച് ഭയപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടും അലീനയ്ക്ക് എങ്ങനെയാണ് മനുഷ്യക്കടത്ത് നടത്താനും മറ്റും സാധിച്ചതെന്ന ചോദ്യം പോലീസിനെപ്പോലും കുഴക്കുന്നുണ്ട്. കേസിന് അന്താരാഷ്ട്ര തലത്തിലുള്ള വേരുകളുള്ളതിനാല്‍ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിനിമാ-മോഡലിങ് രംഗത്തെ കൂടുതല്‍ പ്രമുഖര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റഡിയിലുള്ള മഞ്ജിമ നല്‍കുന്ന സൂചന. അലീനയെയും സിന്ധുവിനെയും കസ്റ്റഡിയില്‍ വാങ്ങി ദുബായിലെ ഇവരുടെ താവളങ്ങളെക്കുറിച്ചും, ഔറംഗസീബിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്താനാണ് മരട് പോലീസ് നീക്കം നടത്തുന്നത്.

 

അലീനയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത ജയില്‍ ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ക്രിമിനലുകള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്ന ഇത്തരം ഉദ്യോഗസ്ഥരെ പുറത്താക്കിയില്ലെങ്കില്‍ കൊച്ചിയിലെ ലഹരി-അധോലോക മാഫിയകളെ അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items