കൊച്ചി: പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍
ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. 'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍
കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോണ്‍ അതുമതി'യെന്നും ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി
ട്രോളിയാണ് ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ്
ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നാണ് ജിന്റോ ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി
എത്തിയിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ 'വടശേരി ദാമോദരന്‍ മേനോന്‍
സതീശന്‍' എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് വലിയ
വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സതീശന്റെ പേരില്‍ ഇതുവരെയില്ലാത്ത മേനോന്‍
എവിടെ നിന്ന് വന്നുവെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. ജാതിപ്പേര് ഒഴിവാക്കി
വടശ്ശേരി ദാമോദരന്‍ എന്നുമാത്രം പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തം കേരളത്തിന്റെ
മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സതീശന്‍ ആര്‍എസ്എസ്-സംഘപരിവാറുകളെ
തൃപ്തിപ്പെടുത്തിയെന്നും ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഴുവന്‍ പേര്
പറഞ്ഞതില്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു ഒരു വിഭാഗം ചോദിച്ചത്.
സതീശന്റെ അഛന്റെ പേര് ദാമോദര മേനോന്‍ ആയത്
കൊണ്ട് അങ്ങനെ പറഞ്ഞു.. താങ്കളുടെ അപ്പന്റെ പേര് ജോണ്‍ റോമന്‍ കാത്തലിക്ക്
എന്നാണെങ്കില്‍ താങ്കള്‍ക്കും അങ്ങനെ പറയാമെന്നാണ് പലരും കമന്റായി കുറിച്ചത്. കെസി
ഗ്രൂപ്പാണോ ജിന്റോയെന്ന് ചോദിക്കുന്നവരും ഉണ്ട്.
