സൈനിക സേവനത്തിന് ശേഷം പൊതുസേവനം; ഉത്തരാഖണ്ഡിന്റെ മുന്‍ മുഖ്യമന്ത്രി മേജര്‍ ജനറല്‍ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു! വിടവാങ്ങിയത് ബിജെപിയുടെ മുതിര്‍ന്ന നേതാവ്; ദേശീയ രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ റിട്ട. മേജര്‍ ജനറല്‍ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഡെറാഡൂണിലെ മാക്‌സ് ഹോസ്പിറ്റലില്‍ വെച്ചാണ് അന്തരിച്ചത്. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സൈനികസേവനത്തിന് ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ നിര്യാണത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭുവന്‍ ചന്ദ്രയുടെ വിയോഗം ദേശീയ രാഷ്ട്രീയ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി മേജര്‍ ജനറല്‍ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ വിയോഗ വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് താന്‍ ശ്രവിച്ചതെന്ന് മുഖ്യമന്ത്രി ധാമി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യന്‍ ആര്‍മിയിലെ സേവനകാലത്ത് രാജ്യസേവനം, അച്ചടക്കം, സമര്‍പ്പണം എന്നിവയ്ക്ക് സമാനതകളില്ലാത്ത മാതൃകയാണ് ശ്രീ ഖണ്ഡൂരി കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ സൈനിക ജീവിതം മുതല്‍ പൊതുജീവിതം വരെയുള്ള എല്ലാ ഘട്ടങ്ങളും രാജ്യതാത്പര്യങ്ങള്‍ക്കും പൊതുസേവനത്തിനുമായി പൂര്‍ണ്ണമായും നീക്കിവെച്ചതായിരുന്നുവെന്നും അദ്ദേഹത്തിന്റെ സൈനികസേവനത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കൂട്ടിച്ചേര്‍ത്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items