ലണ്ടന്‍: ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട് എന്‍ഡ് സെമികണ്ടക്ടര്‍ ഫേബ്രിക്കേഷന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ടാറ്റ ഇലക്ട്രോണിക്‌സും ഡച്ച് സാങ്കേതിക കമ്പനിയായ അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ മെറ്റീരിയല്‍സ് ലിഥോഗ്രാഫി (എ എസ് എം എല്‍) യും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇന്നലെ അവസാനിച്ച, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡച്ച് സന്ദര്‍ശനത്തിനിടയിലാണെ ഈ കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒരു ബ്ലാങ്ക് സിലിക്കണ്‍ വേഫറിലേക്ക് പ്രത്യേക തരം ലിഥോഗ്രാഫിക് മെഷിനുകള്‍ ഉപയോഗിച്ച് മൈക്രോസ്‌കോപിക് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയേയാണ് ഫ്രണ്ട് എന്‍ഡ് മാനുഫാക്ചറിംഗ് എന്ന് പറയുന്നത്.
അതിവേഗം വളരുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍
മേഖല അനവധി അവസരങ്ങളാണ് നല്‍കുനത് അതുകൊണ്ടു തന്നെ ഇന്ത്യയുമായി ഒരു ദീര്‍ഘകാല
ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എ എസ് എം എല്‍ ചീഫ് എക്‌സിക്യൂട്ടീവ്
ഓഫീസര്‍ ക്രിസ്റ്റോഫ് ഫോക്വെറ്റ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ
ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് സെമികണ്ടക്ടര്‍ ചിപ്പുകള്‍. സ്മാര്‍ട്ട്‌ഫോണുകള്‍
മുതല്‍ ആധുനിക കാറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം, എന്നിവയിലും
പ്രതിരോധ സാങ്കേതിക വിദ്യയിലും വരെ ഇത് ഉപയോഗിക്കുന്നു.
എന്താണ് കരാറില്‍ പറയുന്നത്? ഈ കരാര്‍ അനുസരിച്ച് എ എസ് എം
എല്‍ ഏറ്റവും ആധുനികമായ ലിഥോഗ്രാഫി സാങ്കേതിക വിദ്യ ടാറ്റ ഇലക്ട്രോണിക്‌സിന്
കൈമാറും. 300 എം എം വേഫറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള
സാങ്കേതിക വിദ്യയായിരിക്കും കൈമാറുക. ഗുജറാത്തിലെ ധോലേറയില്‍ ഇന്ത്യയുടെ ആദ്യ
സെമികണ്ടക്ടര്‍ ഫേബ്രിക്കേഷന്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി ടാറ്റ ഇലക്ട്രോണിക്‌സ്
11 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഈ പ്ലാന്റിന്റെ
നിര്‍മ്മാണത്തിലും നടത്തിപ്പിലും ആവശ്യമായ ലിഥോഗ്രാഫി ടൂളുകളും, സാങ്കേതിക വിദ്യയും എ എസ് എം എല്‍ നല്‍കും. വാഹനങ്ങള്‍, മൊബൈല്‍ ഉപകരണങ്ങള്‍, ഏ ഐ ഉപകരണങ്ങള്‍ എന്നിവയ്ക്ക്
വേണ്ടിയുള്ള ചിപ്പുകളായിരിക്കും ഇവിടെ നിര്‍മ്മിക്കുക. നിലവില്‍ ഇത്തരം ചിപ്പുകള്‍
ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ ആഭ്യന്തരമായി
രൂപകല്പന ചെയ്ത വിക്രം 32 എന്ന ആദ്യ ചിപ്
പുറത്തിറക്കിയിരുന്നു. 32 ബിറ്റ് മൈക്രോപ്രോസസ്സര്‍
ചിപ്പായ ഇത് പ്രധാനമായും ബഹിരാകാശ വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത്. വിപണി
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യ കമ്പനിയായ
എ എസ് എം എല്ലിന് കൂടുതല്‍ ആധുനികമായ ചിപ്പുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക
വിദ്യ ഇന്ത്യയ്ക്ക് നല്‍കാനാകും.
അതിനിടയില്‍ ലോകത്തിലെ തന്നെ എറ്റവും വലിയ
മെമ്മറി ചിപ് നിര്‍മ്മാതാക്കളായ തായ്വാനിലെ പവര്‍ചിപ് സെമി കണ്ടക്ടര്‍
മാനുഫാക്ചറിംഗ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഒരു മെമ്മറി ചിപ് നിര്‍മ്മാണ
യൂണിറ്റും ടാറ്റ നിര്‍മ്മിക്കുന്നുണ്ട്. 28 എം എം, 40 എം എം, 55 എം എം, 90 എന്‍ം എം, 110 എം
എം ചിപ്പുകളുടെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യയായിരിക്കും തായ്വാന്‍
കമ്പനി നല്‍കുക. 2028 ല്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ്
കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍
പ്ലാന്റ് ഏറ്റവും ആധുനികമായ 300 എന്‍ എം വേഫറുകളായിരിക്കും ടാറ്റയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മ്മിക്കുക.
ചിപ്പുകള്‍ നിര്‍മ്മിക്കപ്പെടുന്ന, സര്‍ക്കുലര്‍ ആയ കനം
കുറഞ്ഞ സിലിക്കോണ്‍ കഷണങ്ങളാണ് 300 എം എം വേഫറുകള്‍
എന്നറിയപ്പെടുന്നത്. ഓരോ പ്രൊഡക്ഷന്‍ സൈക്കിളിലും കൂടുതല്‍ ചിപ്പുകള്‍
ഉദ്പാദിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ വലിയ വേഫറുകള്‍ക്ക് പ്രാധാന്യം കൂടുതലാണ്.
എ ഐ സര്‍വ്വറുകള്‍, ഡാറ്റ സെന്ററുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ആധുനിക വാഹനങ്ങള്‍ എന്നിവയില്‍
ഉപയോഗിക്കുന്ന ചിപ്പുകള്‍ എല്ലാം നിര്‍മ്മിക്കുന്നത് 300 എം
എം വേഫറുകളിലാണ്.
സെമി കണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ 300 എം എം ഫേബ്രിക്കേഷന്‍ അതീവ
പ്രാധാന്യമുള്ള ഒന്നാണ്. ഡിസൈനിംഗ്, സിലിക്കോണ്‍ വേഫറുകളില്‍
ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഫേബ്രിക്കേറ്റ് ചെയ്യുക, ചിപ്പുകള്‍
കട്ട് ചെയ്യുക, അവയുടെ ഗുണ നിലവാരം പരിശോധിക്കുക
തുടങ്ങിയവയെല്ലാം ഗുജറാത്ത് പ്ലാന്റിലെ പ്രക്രിയകളില്‍ ഉള്‍പ്പെടുന്നു
ഇന്ത്യയ്ക്ക്
ഈ കരാര്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടും? ഇന്ത്യയെ
സംബന്ധിച്ച് ഇതൊരു വ്യാവസായിക കരാര്‍ മാത്രമല്ല, മറിച്ച്
തന്ത്രപ്രധാനമായ കരാര്‍ കൂടിയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ യൂണിയനുമായി
ഒപ്പുവച്ച, കരാറുകളുടെ മാതാവ് എന്നറിയപ്പെടുന്ന സ്വതന്ത്ര
വ്യാപാരകരാറിനു ശേഷം ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന
ഒന്നായിരിക്കും ഇത് എന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സ്വന്തമായി ഒരു സെമികണ്ടക്ടര്‍ മേഖല വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന
ഇന്ത്യയ്ക്ക് അവിചാരിതമായി കിട്ടിയ ഒരു പിന്തുണയായി വ്യവസായ രംഗത്തുള്ളവര്‍ ഈ
കരാറിനെ വിശേഷിപ്പിക്കുന്നു.
മാത്രമല്ല, ഇത് എ ഐ സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് കൂടുതല്‍
കരുത്തുറ്റതാക്കുമെന്നാണ് വിശകലന വിദഗ്ധനായ ഹര്‍ഷ് വി പന്ത് പറയുന്നത്. ഇതുവരെ ഈ
മേഖലയില്‍ ഇന്ത്യയുടെ പങ്ക് സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നതിലും, മേഖലയ്ക്ക് ആവശ്യമായ വിദഗ്ധരെ സൃഷ്ടിക്കുന്നതിലും മാത്രമായി ഒതുങ്ങി
നിന്നിരുന്നു. ഇപ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു
പുറകിലെ ഭൗതിക ഉത്പന്നങ്ങളുടെ ഉദ്പാനരംഗത്തും ഇന്ത്യ കുതിച്ചു കയറ്റത്തിന്
ഒരുങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. ഒരു രാത്രി ഇരുണ്ടുവെളുക്കുമ്പോഴൊന്നും
ഇന്ത്യ സെമി കണ്ടക്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രധാന കക്ഷിയാകില്ല. പക്ഷെ, വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് ശക്തമായ ചുവടുകളുറപ്പിക്കാനുള്ള ഇന്ത്യയുടെ
ശ്രമത്തെ ത്വരിതപ്പെടുത്തുന്ന ഒന്നായിരിക്കും ഈ കരാര്‍ എന്നാണ് ഹര്‍ഷ് വി പന്ത്
പറയുന്നത്.
ഇന്ത്യയെ ആഗോള തലത്തില്‍ തന്നെ സാങ്കേതിക
വിദ്യയിലും നിര്‍മ്മിതി ബുദ്ധി മേഖലയിലും മുന്‍പന്തിയില്‍ എത്തിക്കുന്ന എന്ന
കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ കരാര്‍. എ ഐ
രംഗത്ത് മത്സരത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ അമേരിക്കയും ചൈനയും മാത്രമാണ്
ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകത്തിലെ ചിപ്പ് ഡിസൈനര്‍മാരില്‍ 20 ശതമാനം പേരും
ഇന്ത്യാക്കാരാണെന്നുള്ളത് ഇന്ത്യയ്ക്ക് അധിക പ്രയോജനം ചെയ്യും. അധികം താമസിയാതെ
തന്നെ സെമികണ്ടക്ടര്‍ ഗവേഷണ വികസന രംഗത്ത് ഇന്ത്യ അതുല്യ ശക്തിയായി മാറുമെന്നും ഈ
രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നു.
