കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ നിര്‍ണായക ചര്‍ച്ചകള്‍; കര്‍ണാടകയില്‍ അധികാരമാറ്റത്തിന് അരങ്ങൊരുങ്ങുന്നു? ഹൈക്കമാന്റുമായി കൂടിക്കാഴ്ചയ്ക്ക് സിദ്ധരാമയ്യ; ഡി കെയെ പൂട്ടാന്‍ ദളിത് കാര്‍ഡുമായി ജി. പരമേശ്വര പക്ഷം; മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സമ്മര്‍ദ്ദതന്ത്രം

 


ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി പദവിയില്‍ ഏറ്റുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

 

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറുമെന്ന വാഗ്ദാനം മുന്‍പ് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നുവെന്നും, അത് പാലിക്കണമെന്നുമാണ് ശിവകുമാര്‍ പക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കര്‍ണാടകയിലെ ഈ നേതൃമാറ്റത്തെക്കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തിലെ നേതാക്കളുമായും ഹൈക്കമാന്‍ഡ് പ്രതിനിധികളുമായും ഉള്ള ഈ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് കര്‍ണാടകയിലെ നീക്കങ്ങള്‍ വേഗത്തിലായത്.

 

വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സിദ്ധരാമയ്യ ഇതിനകം തന്നെ സംസാരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെയും മറ്റ് കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി വേണമെന്ന കര്‍ശനമായ ആവശ്യം സിദ്ധരാമയ്യ മുന്നോട്ട് വെച്ചേക്കും. എന്നാല്‍, സിദ്ധരാമയ്യയെ മാറ്റുകയാണെങ്കില്‍ ഡി.കെ. ശിവകുമാറിന് പകരം നിലവിലെ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗം എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഡി.കെ. ശിവകുമാറിന് പകരം ഒരു ദളിത് മുഖ്യമന്ത്രി വരണമെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

 

കര്‍ണാടകയിലെ നേതൃമാറ്റ വിവാദങ്ങള്‍ക്ക് ഉടന്‍ 'തിരശ്ശീല വീഴുമെന്ന്' മന്ത്രി സതീഷ് ജാര്‍ക്കിഹോളി പ്രതികരിച്ചു. ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ എല്ലാ കാര്യങ്ങളും തീരുമാനമാകുമെന്നും നിലവിലുള്ള അനിശ്ചിതത്വം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമാകും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items