രാജ്യാന്തര ശാസ്ത്രജ്ഞരും ഗവര്‍ണറും പച്ചക്കൊടി കാട്ടി; എന്നിട്ടും ഡോ. ശങ്കരരാമന്റെ പ്രബന്ധം കുസാറ്റ് സിന്‍ഡിക്കേറ്റ് തള്ളി

 


കൊച്ചി: കേരള സര്‍വകലാശാല ഒപ്‌ടോഇലക്ട്രോണിക്‌സ് ഫിസിക്‌സ് വിഭാഗം മേധാവിയും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. എസ്. ശങ്കരരാമന്‍ സമര്‍പ്പിച്ച ഡോക്ടര്‍ ഓഫ് സയന്‍സ് (ഡിഎസ് സി) ബിരുദത്തിനായുള്ള ഗവേഷണ പ്രബന്ധം കുസാറ്റ് സിന്‍ഡിക്കേറ്റ് അന്തിമമായി നിരസിച്ചതായി റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ ഇടതുപക്ഷ സഖാക്കളുടെ കടുത്ത രാഷ്ട്രീയ ഉപദ്രവങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്ന കോണ്‍ഗ്രസ് അനുഭാവിയായ അധ്യാപകനാണ് ഡോ. ശങ്കരരാമന്‍. യുഡിഎഫ് ഭരണകാലത്ത് പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്ത് ഈ മനുഷ്യനെ ദ്രോഹിച്ചിരുന്നതായി ആക്ഷേപമുണ്ട്. ആ രാഷ്ട്രീയ പകപോക്കലിന്റെ ഒടുവിലത്തെ ഉദാഹരണമായാണ്, വിസിയും അന്താരാഷ്ട്ര വിദഗ്ദ്ധരും ഗവര്‍ണറും വരെ അംഗീകരിച്ച പ്രബന്ധം കുസാറ്റ് സിന്‍ഡിക്കേറ്റ് രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ച് വെട്ടിനിരത്തിയത്. ശങ്കരരാമന് കുസാറ്റ് ഡി എസ് സി നല്‍കിയതായ മാധ്യമ വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

'Time series and complex network approaches to nonlinear signal processing' എന്ന വിഷയത്തില്‍ 2021-ലാണ് ഡോ. ശങ്കരരാമന്‍ തന്റെ പ്രബന്ധം കുസാറ്റില്‍ സമര്‍പ്പിക്കുന്നത്. സാധാരണയായി അഞ്ച് വിദഗ്ദ്ധര്‍ പരിശോധിക്കേണ്ട സ്ഥാനത്ത്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഏഴ് രാജ്യാന്തര മൂല്യനിര്‍ണ്ണയക്കാരെക്കൊണ്ടാണ് കുസാറ്റ് ഈ തീസിസ് പരിശോധിപ്പിച്ചത്. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഈ ഏഴ് വിദഗ്ദ്ധരും പ്രബന്ധത്തെ അതീവ നിലവാരമുള്ളതെന്ന് പ്രശംസിക്കുകയും ഡിഎസ് സി ബിരുദം നല്‍കാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുസാറ്റ് വിസിയുടെ അദ്ധ്യക്ഷതയിലുള്ള ഡീന്‍സ് കൗണ്‍സില്‍ ഈ ശുപാര്‍ശ പൂര്‍ണ്ണമായി അംഗീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തനിക്ക് ബിരുദം അനുവദിച്ചതായി ശങ്കരരാമനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പ്രബന്ധം പൂര്‍ണ്ണമായി നിരസിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയമായോ സാങ്കേതികമായോ യാതൊരു പിഴവും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും, രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സിന്‍ഡിക്കേറ്റ് എടുത്ത ഈ തീരുമാനം സര്‍വകലാശാല ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്.

കുസാറ്റ് തുടര്‍ച്ചയായി പ്രബന്ധം തഴഞ്ഞതിനെ തുടര്‍ന്ന് ശങ്കരരാമന്‍ മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് സിന്‍ഡിക്കേറ്റ് വിഷയം പരിഗണിക്കാന്‍ നിര്‍ബന്ധിതരായത് എങ്കിലും, പ്രതികാര ബുദ്ധിയോടെ പ്രബന്ധം തള്ളാനാണ് അവര്‍ തുനിഞ്ഞത്. വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ വരെ ശുപാര്‍ശ ചെയ്ത അതീവ മൂല്യമുള്ള ഒരു ഗവേഷണ പ്രബന്ധം രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം സിന്‍ഡിക്കേറ്റ് നിരസിച്ച സംഭവം ഗവര്‍ണറുടെ മുന്നിലെത്തിയിരുന്നു. വിസിയുടെ ശുപാര്‍ശയും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെ, എന്ത് സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റ് ഈ അപേക്ഷ നിരസിച്ചതെന്ന് വ്യക്തമല്ല. കുസാറ്റ് ഡിഎസ് സി നിഷേധിച്ച സാഹചര്യത്തില്‍, ഡോ. ശങ്കരരാമന്‍ ഇതേ പ്രബന്ധം കേരള സര്‍വകലാശാലയിലും സമര്‍പ്പിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റിന്റെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയരുന്നത്


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items