കാന്‍പൂര്‍: ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) പരീക്ഷകളില്‍ വിജയം വാഗ്ദാനം ചെയ്ത വന്‍ തട്ടിപ്പ് സംഘത്തെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടി. ഗ്രേറ്റര്‍ നോയിഡയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് തട്ടിപ്പിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ ഏഴുപേരടങ്ങുന്ന സംഘം അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 50 ലക്ഷത്തോളം രൂപ, ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ എന്നിവ അധികൃതര്‍ കണ്ടെടുത്തു.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ്, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് കോണ്‍സ്റ്റബിള്‍, അസം റൈഫിള്‍സ് റൈഫിള്‍മാന്‍-2026 എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷകളിലാണ് സംഘം വ്യാപകമായി ക്രമക്കേട് നടത്തിയത്. ഒരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും നാല് ലക്ഷം രൂപ വീതം വാങ്ങിയാണ് സംഘം പരീക്ഷ എഴുതി നല്‍കിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരീക്ഷാ സമയത്ത് തന്നെ തത്സമയം ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ എത്തിച്ചു നല്‍കുകയായിരുന്നു പ്രതികളുടെ രീതി. എസ്.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകളില്‍ സംഘടിതമായി ക്രമക്കേട് നടക്കുന്നതായി എസ്.ടി.എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് മേഖലയിലുള്ള 'ബാലാജി ഡിജിറ്റല്‍ സോണ്‍' എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്. മേയ് 22-ന് നടത്തിയ റെയ്ഡില്‍ പ്രദീപ് ചൗഹാന്‍, അരുണ്‍ കുമാര്‍, സന്ദീപ് ഭാട്ടി, നിഷാന്ത് രാഘവ്, അമിത് റാണ, ഷാക്കിര്‍ മാലിക്, വിവേക് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ എസ്.എസ്.സി പരീക്ഷാ സംവിധാനം നേരിട്ട് ഹാക്ക് ചെയ്യുകയല്ല ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രത്തിലെ മെയിന്‍ സെര്‍വര്‍ മറികടന്ന് ഇവര്‍ ഒരു 'പ്രോക്‌സി സെര്‍വര്‍' സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന്
സ്‌ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ വഴി ചോദ്യപേപ്പറുകള്‍ പരീക്ഷാ കേന്ദ്രത്തിന്
പുറത്തിരിക്കുന്ന വിദഗ്ദ്ധര്‍ക്ക് കൈമാറി. ഇവര്‍ തയാറാക്കുന്ന ശരിയായ ഉത്തരങ്ങള്‍
പ്രോക്‌സി സെര്‍വര്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു.
പിടിയിലായ സംഘം ദീര്‍ഘകാലമായി ഈ രീതിയില്‍ പരീക്ഷാ തട്ടിപ്പ്
നടത്തിവരികയായിരുന്നുവെന്നും സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന്
അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
