പാലക്കാട്: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വ സുന്ദര നിമിഷത്തിനാണ് പാലക്കാട് കൽമണ്ഡപം മീനാനഗറിലെ 'കൃഷ്ണനിവാസ്' എന്ന വീട് സാക്ഷ്യം വഹിക്കുന്നത്. ഒരേ മേൽക്കൂരയ്ക്കു കീഴിൽ നിന്ന് ഒരേസമയം ഒരാൾ രാജ്യത്തിന്റെ പാർലമെന്റിലേക്കും മറ്റൊരാൾ കേരള നിയമസഭയിലേക്കും അതിന്റെ തലപ്പത്ത് മന്ത്രിപദവിയിലേക്കും എത്തുന്നു. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ഭാര്യ കെ.എ. തുളസിയും ഇനി കേരളത്തിലെ ആദ്യ 'എംപി - മന്ത്രി' ദമ്പതികൾ.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കോങ്ങാട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടി യുഡിഎഫ് പതാക പാറിച്ച ചരിത്രനേട്ടവുമായാണ് കെ.എ. തുളസി നിയമസഭയിലേക്കും ഒപ്പം വി.ഡി. സതീശൻ മന്ത്രിസഭയിലേക്കും അർഹതയോടെ നടന്നു കയറുന്നത്. "കേരളത്തിലെ ഒരു വീട്ടിൽ നിന്ന് തന്നെ ഒരേസമയം എംപിയും എംഎൽഎയും വന്നാൽ അത്ഭുതപ്പെടേണ്ടതില്ല" എന്ന് വോട്ടെണ്ണലിന് തലേന്ന് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പലരും അതൊരു വെറും രാഷ്ട്രീയ ആത്മവിശ്വാസ പ്രകടനമായേ കണ്ടുള്ളൂ. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആ പ്രവചനം അക്ഷരംപ്രതി ചരിത്രമായി മാറി.
2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതുപക്ഷം മാത്രം ജയിച്ചുപോന്ന, കഴിഞ്ഞ തവണ 27,000-ൽ പരം വോട്ടുകളുടെ വൻ ഭൂരിപക്ഷമുണ്ടായിരുന്ന കോങ്ങാട് മണ്ഡലമാണ് തുളസി യുഡിഎഫിനായി തിരിച്ചുപിടിച്ചത്. സിറ്റിങ് എംഎൽഎയായ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തുളസി പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ ശാന്തകുമാരിക്ക് 59,028 വോട്ടുകൾ മാത്രമാണ് നേടാനായത്. കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണിത്. കോളേജ് അധ്യാപിക, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ തിളങ്ങിയ തുളസി, ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ ആദ്യ അങ്കത്തിൽ തന്നെയാണ് വൻവിജയത്തോടെ മന്ത്രിപദവിയിലേക്ക് എത്തുന്നത്. പ്രാദേശിക, സാമൂഹിക സമവാക്യങ്ങൾ കൃത്യമായി പാലിച്ച വി.ഡി. സതീശൻ മന്ത്രിസഭയിലെ രണ്ട് വനിതാ പ്രതിനിധികളിൽ ഒരാളാണ് കെ.എ. തുളസി. അധ്യാപന രംഗത്തെ പരിചയസമ്പത്തും ജനങ്ങളോടുള്ള അടുത്ത ബന്ധവും പുതിയ മന്ത്രിപദവിയിൽ തിളങ്ങാൻ തുളസിക്ക് കരുത്താകും.
2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വി.കെ. ശ്രീകണ്ഠന്റെയും കെ.എ. തുളസിയുടെയും വിവാഹം. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലം അവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ്. നെന്മാറ എൻ.എസ്.എസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയായും പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ച തുളസി, ചരിത്രം പഠിപ്പിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുക കൂടിയാണെന്ന് ഈ വിജയത്തിലൂടെ തെളിയിച്ചു. ഒരേ കുടുംബത്തിൽ നിന്ന് ഒരേസമയം ഒരാൾ പാർലമെന്റിലേക്കും മറ്റൊരാൾ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത് കേരള രാഷ്ട്രീയത്തിൽ ആദ്യത്തെ സംഭവമല്ല. മുൻപും കേരളം ഇത്തരം അപൂർവ്വമായ രാഷ്ട്രീയ കുടുംബസൗഭാഗ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കെ. കരുണാകരൻ, കെ.എം. മാണി തുടങ്ങിയ അതികായന്മാരുടെ കുടുംബവഴികളിലൂടെ സഞ്ചരിച്ചാൽ സമാനമായ നിരവധി ചരിത്രമുഹൂർത്തങ്ങൾ കാണാം. കേരള രാഷ്ട്രീയത്തിലെ 'ലീഡർ' കെ. കരുണാകരനും മകൻ കെ. മുരളീധരനും ഒരേസമയം നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളായിരുന്ന ചരിത്രമുണ്ട്. 1991-ൽ കെ. കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായി ഭരണം നിയന്ത്രിക്കുമ്പോൾ, മകൻ കെ. മുരളീധരൻ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ ഉണ്ടായിരുന്നു.
മറ്റൊരു പ്രമുഖ രാഷ്ട്രീയ കുടുംബമായ കെ.എം. മാണിയുടെ വീട്ടിലും ഈ സമാനത കാണാം. 1965 മുതൽ തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെ.എം. മാണി നിയമസഭയിൽ തിളങ്ങിനിന്നപ്പോൾ, 2009 മുതൽ 2019 വരെയുള്ള ഒരു പതിറ്റാണ്ട് കാലം മകൻ ജോസ് കെ. മാണി കോട്ടയത്തു നിന്നുള്ള പാർലമെന്റ് അംഗമായി ഡൽഹിയിലുണ്ടായിരുന്നു. ഇനി ഒരേസമയം ഒരേ നിയമസഭയിൽ ജനപ്രതിനിധികളായ അച്ഛന്മാരും മക്കളും ദമ്പതികളും കേരളത്തിലുണ്ടായിട്ടുണ്ട്. 2001-ൽ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ നിന്നും മകൻ കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്തു നിന്നും ഒരേസമയം വിജയിച്ച് ഒന്നിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാൽ, കേരള നിയമസഭയിലെ ആദ്യത്തെ എന്ന ഖ്യാതി വിപ്ലവ നായകരായ ടി.വി. തോമസിനും കെ.ആർ. ഗൗരിയമ്മയ്ക്കുമാണ്. ഇരുവരും കേരളത്തിലെ ആദ്യ നിയമസഭയിൽ (1957) ഒന്നിച്ച് അംഗങ്ങളാവുക മാത്രമല്ല, ഇരുവരും ഒരേസമയം മന്ത്രിമാരാവുകയും ചെയ്തു. പിന്നീട് 1967-ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും ഈ ദമ്പതികൾ ഒന്നിച്ച് മന്ത്രിപദവി അലങ്കരിച്ച് ചരിത്രത്തിൽ ഇടംപിടിച്ചു. ആ ചരിത്രവഴികളിലേക്കാണ് ഇപ്പോൾ പാലക്കാട്ടെ ശ്രീകണ്ഠൻ-തുളസി ദമ്പതികളും തങ്ങളുടെ പേരുകൾ കൂട്ടിച്ചേർക്കുന്നത്.
