ഫരീദാബാദ്: സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന് മരണക്കെണിയാകുന്നു എന്ന പരാതികള്‍ക്കിടയില്‍ ഹരിയാനയില്‍ നിന്നും നട്ടെല്ലു മരവിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവരുന്നു. പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ പ്രസവിക്കേണ്ടി വന്നു. ഫരീദാബാദിലെ സെക്ടര്‍ മൂന്നിലുള്ള ഫസ്റ്റ് റഫറല്‍ യൂണിറ്റ് ആശുപത്രിയിലാണ് മനുഷ്യാവകാശങ്ങളെ പിച്ചിച്ചീന്തുന്ന ഈ ദാരുണ സംഭവം അരങ്ങേറിയത്.
ബദോളി ഗ്രാമത്തില്‍ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പ്രസവ വേദന കഠിനമായതോടെ വീട്ടുകാര്‍ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും കണ്ടത് പൂട്ടിയിട്ട പ്രധാന ഗേറ്റാണ്. അകത്തുകയറാന്‍ ശ്രമിച്ച കുടുംബം ഡോക്ടര്‍മാരെയും നഴ്സുമാരെയും തൊണ്ടപൊട്ടി വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കേണ്ടവര്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ലായിരുന്നു.
യുവതിയുടെ നില വഷളായതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ പിന്‍വാതിലിലൂടെ എങ്ങനെയൊക്കെയോ അകത്തുകടന്നു. എന്നാല്‍ അവിടെയും സഹായത്തിന് ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ ആശുപത്രിയുടെ ഇരുട്ടുനിറഞ്ഞ പാര്‍ക്കിങ് ഏരിയയില്‍ യുവതി പ്രസവിക്കുകയായിരുന്നു. വെളിച്ചം പോലുമില്ലാതിരുന്ന അവിടെ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ചാണ് കുടുംബാംഗങ്ങള്‍ പ്രസവത്തിന് സൗകര്യമൊരുക്കിയത്. ഒരു സര്‍ക്കാര്‍ സംവിധാനം എത്രത്തോളം ജീര്‍ണ്ണിച്ചു എന്നതിന്റെ നേര്‍ചിത്രമാണ് പാര്‍ക്കിങ് ഏരിയയിലെ ആ ദൃശ്യം. സംഭവം വിവാദമായതോടെ അമ്മയെയും കുഞ്ഞിനെയും വാര്‍ഡിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ആരോഗ്യവകുപ്പ്, ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ രണ്ട് ജീവനക്കാരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു.
