കൊച്ചി: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ സിനിമാലോകത്ത് വീണ്ടും ചർച്ചയാവുകയാണ് വരുൺ പ്രഭാകർ. ഒരൊറ്റ കഥാപാത്രത്തിലൂടെ ദൃശ്യം ഫ്രാഞ്ചൈസിക്ക് തന്നെ അടിത്തറയിട്ട നടൻ റോഷൻ ബഷീർ സിനിമയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്ന ഈ വേളയിൽ മനസ്സ് തുറക്കുകയാണ്. ആദ്യ ഭാഗത്തിൽ തന്നെ തന്റെ കഥാപാത്രം കൊല്ലപ്പെട്ടു പോയതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് തികച്ചും പ്രായോഗികവും രസകരവുമായ മറുപടിയാണ് റോഷൻ നൽകുന്നത്. "ആദ്യ ഭാഗത്തിൽ വരുൺ പ്രഭാകർ കൊല്ലപ്പെട്ടു പോയതിൽ എനിക്ക് യാതൊരു വിഷമവുമില്ല. എനിക്ക് കരിയറിൽ കിട്ടിയ ഏറ്റവും വലിയ റീച്ചാണ് ആ സിനിമ സമ്മാനിച്ചത്. നമ്മൾ അല്പം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ ഇതിൽ നമുക്കും ഗുണകരമായ ഒരുപാടു കാര്യങ്ങളുണ്ട്. ഈ സിനിമ മറ്റ് ഭാഷകളിലേക്ക് എത്രത്തോളം റിലീസ് ചെയ്യപ്പെടുന്നുവോ, അത്രത്തോളം എനിക്ക് പൈസ ഉണ്ടാക്കാമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദൃശ്യം ടീമുമായി ഇപ്പോഴും നല്ല കോൺടാക്റ്റിലാണ്." – റോഷൻ വ്യക്തമാക്കുന്നു.
ദൃശ്യം 3 എത്തുമ്പോൾ തനിക്ക് മിസ്സിംഗ് ഒന്നും തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ റോഷൻ, ലാലേട്ടനെപ്പോലൊരു ഇതിഹാസ താരത്തിന്റെ സിനിമയിൽ ഇത്രയും വലിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. "എന്റേത് വളരെ ചെറിയൊരു പാർട്ടായിരുന്നു. പക്ഷേ, വരുൺ പ്രഭാകർ ഇല്ലെങ്കിൽ ദൃശ്യം എന്ന സിനിമയ്ക്ക് മുന്നോട്ട് പോകാനാകില്ല. എന്റെ ആ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഇത്രയും വലിയൊരു സിനിമ വരിക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. വരാനിരിക്കുന്ന 21-ാം തീയതി പടം റിലീസാണ്. എല്ലാവരും തിയേറ്ററിൽ പോയി കാണണം, നല്ലൊരു പടമായിരിക്കും ഇത്." – റോഷൻ ബഷീർ പറഞ്ഞു. 'പ്ലസ് ടു' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി ബാങ്കിംഗ് അവേഴ്‌സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും റോഷന്റെ സിനിമാ ജീവിതം മാറ്റിമറിച്ചത് ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന ആന്റി ഹീറോ വേഷമായിരുന്നു.
