മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു പോയ കെ സി വേണുഗോപാല്‍ മന്ത്രിസ്ഥാനങ്ങളില്‍ പിടിമുറുക്കുമോ? മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റി ചെന്നിത്തല ആഭ്യന്തരം കൈയാളാന്‍ എത്തുമോ? മന്ത്രിസ്ഥാനത്തേക്ക് പേരുകള്‍ പരിഗണിക്കുക ജാതി മതസമവാക്യങ്ങള്‍ കണക്കിലെടുത്ത്; അഞ്ച് മന്ത്രിസ്ഥാനം നേടാന്‍ ലീഗ്


തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. എംഎല്‍എമാരുടെ പിന്തുണയില്‍ മുന്നില്‍ കെ സി വേണുഗോപാലിനാണെങ്കിലും ജനകീയ വികാരം കണക്കിലെടുത്താണ് വി ഡി സതീശനിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. മുഖ്യമന്ത്രി കസേര കൈമോശം വന്ന കെ സി വേണുഗോപാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പിടിമുറുക്കുമോ എന്നാണ് അറിയേണ്ടത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് ആലോചന. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകും. ആഭ്യന്തരവകുപ്പ് രമേശിന് നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചെന്നിത്തല വിഡിക്ക് കീഴില്‍ മന്ത്രിയാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദ്ദേഹം മാറി നിന്ന് തന്റെ അടുപ്പക്കാരെ പിന്തുണയ്ക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

 മന്ത്രിസഭയില്‍ കെസി പക്ഷത്തുള്ള കൂടുതല്‍ പേര്‍ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. എന്‍ ശക്തന്‍, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, മാത്യു കുഴല്‍നാടന്‍, എപി അനില്‍കുമാര്‍, ടി സിദ്ദിഖ്, കെ ജയന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ സ്പീക്കറാകും. ജാതി മതസമവാക്യങ്ങള്‍ കണക്കിലെടുത്താകും മന്ത്രി സ്ഥാനത്തേക്കുള്ള പേരുകള്‍ പരിഗണിക്കുക. മുസ്ലീംലീഗ് അഞ്ച് മന്ത്രിമാരെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ഇതിനകം തന്നെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അനുപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സിഎംപിയില്‍ നിന്ന് സിപി ജോണ്‍, എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മാണി സി കാപ്പന്‍, കെകെ രമ എന്നിവര്‍ക്ക് എല്‍ഡിഎഫിന്റെ മാതൃകയില്‍ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് ആലോചനയിലുണ്ടെന്നാണ് സൂചന. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് ലീഗിന്റെ പരിഗണനയിലുള്ളത്. മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നീ പേരുകള്‍ക്കാണ് ജോസഫ് വിഭാഗത്തില്‍ മുന്‍ഗണന.

അതേസമയം വി ഡി സതീശന്‍ മുഖ്യമന്ത്രി ആയതില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കാതെ കരുതലോടെ പ്രതികരിക്കുകയാണ് മുസ്ലിംലീഗ്. പ്രഖ്യാപനം വന്നതോടെ ലീഗിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി - എന്‍എസ്എസ് നേതാക്കള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ലീഗ് കരുതലെടുക്കുന്നത്. . വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് തുടക്കം മുതല്‍ ഉറച്ചു വിശ്വസിച്ചിരുന്നത് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ മാത്രമാണ്. ആ നാടകങ്ങള്‍ക്കിടയിലും നിലപാട് ജനകീയ വികാരമായി അടിക്കടി ഹൈക്കമാന്റിനെ ലീഗ് നേതൃത്വം അറിയിച്ചു. സതീശന്‍ മുസ്ലിംലീഗിന്റെ നോമിനിയാണ് എന്നു വരുത്തി തീര്‍ക്കാന്‍ മറുഭാഗം ഇതോടെ ശ്രമം തുടങ്ങിയിരുന്നു. പക്ഷേ സാമുദായിക താല്‍പര്യമല്ല ജനവിധിയാണ് പ്രധാനം എന്ന നിലപാടില്‍ ലീഗ് ഉറച്ചുനിന്നു. പ്രഖ്യാപനം ഉണ്ടായതോടെ കരുതലോടെയായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും ലീഗ് പ്രതികരിച്ചു. ഇനി 5 വര്‍ഷം യു ഡിഎഫിന്റെ ഭരണമാണ് ജനവിധി മാനിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലീഗിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത് എന്ന ആക്ഷേപമുയര്‍ത്താനാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ശ്രമിക്കുന്നത്. അവര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സതീശന്‍ മുഖ്യമന്ത്രിയാകുന്നത് ഇരു സംഘടനകള്‍ക്കും ഒട്ടും സ്വീകാര്യമല്ല എന്നത് തന്നെയാണ് കാരണം.

ലീഗിന്റെ നിലപാട് മാത്രമാണ് സതീശനെ തുണച്ചത് എന്ന് പറയാന്‍ ആകില്ല. പക്ഷേ ഒരു പങ്ക് ലീഗിനും അവകാശപ്പെട്ടതാണ്. മറു പങ്ക് കേരളത്തിലെ ജനവികാരം ദേശീയ നേതാക്കളെ വൈകിയെങ്കിലും അറിയിച്ച സുധീരനെ പോലുള്ള നേതാക്കള്‍ക്ക് ഉള്ളതാണെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. ഭരണത്തിലും ലീഗിന്റെ പിന്തുണ സതീശന് നിര്‍ണായകമാകും. അതേസമയം കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎല്‍എമാര്‍. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നില്‍ ഒരു കേന്ദ്രം പ്രവര്‍ത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിര്‍മ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items