ആഘോഷത്തിമിര്‍പ്പില്‍ പ്രവര്‍ത്തകര്‍ കാട്ടിയ അശ്രദ്ധ; ഒടുവില്‍ അനാഥമായത് ഒരു കുടുംബം! പൊട്ടാത്ത പടക്കം കൊണ്ടുള്ള കുട്ടികളുടെ 'പാര്‍ട്ടി പോപ്പര്‍' പരീക്ഷണം ഉഗ്രസ്‌ഫോടനമായി; നാലാം ക്ലാസുകാരന്റെ മരണം വരുത്തി വച്ച ദുരന്തം; വളപട്ടണം പോലീസ് അന്വേഷണത്തില്‍


കണ്ണൂര്‍: തിരുവനന്തപുരത്ത് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോള്‍ അങ്ങ് കണ്ണൂരില്‍ യുഡിഎഫ് അണികള്‍ ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. എന്നാല്‍, ആ ആഹ്ലാദ പ്രകടനം ചെന്നവസാനിച്ചത് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദാരുണമായ ദുരന്തത്തിലാണ്. അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് നാലാം ക്ലാസുകാരനായ അമാന്‍ (8) കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

തിങ്കളാഴ്ച രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയില്‍ പൊട്ടാതെ പോയ ചില പടക്കങ്ങളാണ് കുട്ടികളുടെ കൈകളില്‍ അകപ്പെട്ടത്. കളിസ്ഥലത്തുനിന്നും കിട്ടിയ ഈ പടക്കങ്ങള്‍ കുട്ടികള്‍ പുന്നക്കപ്പാറ നിക്‌സസ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബിനടുത്തുള്ള ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, സാധാരണ പാര്‍ട്ടികളിലും ആഘോഷങ്ങളിലും കളറായി ഉപയോഗിക്കുന്ന 'പാര്‍ട്ടി പോപ്പറിനുള്ളില്‍' (Party Popper) ഈ പടക്കങ്ങളില്‍ നിന്നുള്ള വെടിമരുന്ന് ശേഖരിച്ച് നിറച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് നാടിനെ കുലുക്കിയ ഉഗ്രസ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പാര്‍ട്ടി പോപ്പറിന്റെ അവശിഷ്ടങ്ങളോ പടക്കത്തിന്റെ കഷ്ണങ്ങളോ അമാന്റെ കഴുത്തിലേക്ക് അതിശക്തമായി തെറിച്ചുകയറുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

 

 അപകടത്തില്‍ അമാനൊപ്പം ഉണ്ടായിരുന്ന ബദാവി (7), അന്‍ഫാല്‍ (12), സല്‍മാന്‍ ഫാരിസ് (12) എന്നീ മൂന്ന് കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വായിപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്റെ വേര്‍പാട് വിശ്വസിക്കാന്‍ പോലുമാകാതെ കണ്ണീരിലാണ് അഴീക്കോട് ഗ്രാമം. കുഞ്ഞിക്കിഴക്കേയില്‍ ഉബൈദ്-റംസീന ദമ്പതികളുടെ മകനാണ് മരിച്ച അമാന്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി സംഭവത്തെ തുടര്‍ന്ന് വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തുനിന്ന് പൊട്ടിയ പടക്കങ്ങളുടെയും പാര്‍ട്ടി പോപ്പറിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത്രയും മാരകമായ പടക്കങ്ങള്‍ എങ്ങനെ കിട്ടി, ആഹ്ലാദ പ്രകടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ കൃത്യമായി നീക്കാതെ അശ്രദ്ധമായി ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items