കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന
കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത
ദുരൂഹതകളുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി
ഒമ്പതരയോടെയാണ് പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോന (28) കാറിനുള്ളില്‍ കത്തിയമര്‍ന്നത്.
കാറിന് തീപിടിച്ചയുടന്‍ തോട്ടിലേക്ക് ചാടിയ ഭര്‍ത്താവ് റിജിന്‍ ലാല്‍ (30) നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍ ഐ.സി.യുവില്‍
ചികിത്സയിലാണ്. തോട്ടിലേക്ക് ചാടിയ റിജിന്‍ പറഞ്ഞാണ് കാറിനുള്ളില്‍ സോനയുള്ള വിവരം
നാട്ടുകാര്‍ പോലും അറിയുന്നത്. എന്നാല്‍, സംഭവസ്ഥലത്തുനിന്നും
മോട്ടോര്‍ വാഹനവകുപ്പും ഫോറന്‍സിക് വിദഗ്ദ്ധരും കണ്ടെത്തിയ പ്രാഥമിക വിവരങ്ങളും
സോനയുടെ മുന്‍കാല ജീവിത പശ്ചാത്തലവും ചൂണ്ടിക്കാട്ടി ഇതൊരു ആസൂത്രിത
കൊലപാതകമാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.
അപകടം നടന്ന കാറിന്റെ മുന്‍ഭാഗത്തോ പുറകുവശത്തോ
യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നതുതന്നെയാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
സാധാരണയായി കാറുകള്‍ക്ക് തീപിടിക്കാന്‍ കാരണമാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇന്ധന
ടാങ്കിന്റെ തകരാറോ ഈ അപകടത്തിന് പിന്നിലില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍
വ്യക്തമായിട്ടുണ്ട്. കാറിനുള്ളിലെ വയറിങ്ങും ഇന്ധന പൈപ്പുകളും സുരക്ഷിതമാണ്.
കാറിന്റെ ഉള്‍വശം മാത്രമാണ് കത്തിയത്. തീപിടിത്തമുണ്ടായത് കാറിന്റെ പിന്നില്‍
നിന്നാണെന്നും സോന ഇരുന്ന സീറ്റിന്റെ ഭാഗം കത്തിയുരുകി ഒട്ടിയ നിലയിലായിരുന്നു
കണ്ടെടുത്തതെന്നും തെളിഞ്ഞിട്ടുണ്ട്. കാറിനുള്ളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ തീ
ആളിപ്പടര്‍ന്നത് എങ്ങനെയാണെന്ന ചോദ്യമാണ് കുടുംബം ഉയര്‍ത്തുന്നത്. ഇത് തങ്ങളുടെ
കൊലപാതക ആരോപണങ്ങളെ നൂറുശതമാനം ശരിവയ്ക്കുന്നതാണെന്ന് സോനയുടെ അമ്മാവന്‍ സത്യന്‍
വ്യക്തമാക്കുന്നു
സോനയും റിജിന്‍ ലാലും തമ്മിലുള്ള പ്രണയവും
വിവാഹവുമെല്ലാം കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് കുടുംബം ഓര്‍ക്കുന്നു.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അതിനുമുന്‍പ് ദീര്‍ഘകാലം
പ്രണയത്തിലായിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് വേര്‍പിരിഞ്ഞിരുന്നു. ഈ
ബ്രേക്കപ്പിനിടയില്‍ വിദേശത്ത് ജോലി ചെയ്തിരുന്ന റിജിന്‍ നാട്ടിലെത്തി മറ്റൊരു
യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ സോന തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ
ചെയ്യാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ പോലീസാണ് അന്ന് അവളെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് റിജിനെതിരെ സോന പോലീസില്‍ പരാതി നല്‍കുകയും കേസാവുകയും ചെയ്തു. കേസ്
വന്നതോടെ റിജിന്റെ വിദേശത്തേക്കുള്ള തിരിച്ചുപോക്ക് പ്രതിസന്ധിയിലായി. ഇതോടെ കേസ്
പിന്‍വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിജിന്‍ വീണ്ടും സോനയുമായി
അടുപ്പത്തിലാവുകയും ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സോന കേസ് പിന്‍വലിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ കുടുംബങ്ങള്‍ അറിയാതെ ഇവര്‍ ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി
വിവാഹിതരായി
തുടക്കം
മുതല്‍ക്കേ റിജിന്റെ കുടുംബത്തിന് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു.
രജിസ്റ്റര്‍ വിവാഹം കൂടി ചെയ്തതോടെ സോനയുടെ വീട്ടുകാരുമായി സംസാരിക്കുന്നത്
റിജിന്റെ കുടുംബം കര്‍ശനമായി വിലക്കി. ഭര്‍തൃവീട്ടില്‍ സോന കടുത്ത അവഗണനയും
പീഡനങ്ങളുമാണ് അനുഭവിച്ചിരുന്നതെന്ന് അമ്മ കണ്ണീരോടെ പറയുന്നു. പല ദിവസങ്ങളിലും
ഭര്‍തൃവീട്ടില്‍ മകള്‍ പട്ടിണിയിലായിരുന്നു. സോനയെ സ്വന്തം ഫോണ്‍ ഉപയോഗിക്കാനോ,
കുടുംബത്തെ വിളിക്കാനോ, സ്വന്തം വീട്ടിലേക്ക്
വരാനോ റിജിന്‍ അനുവദിച്ചിരുന്നില്ല. തന്റെ ദുരവസ്ഥയെക്കുറിച്ച് പലപ്പോഴും സോന
ബന്ധുവായ ഒരു പെണ്‍കുട്ടിയെ രഹസ്യമായി വിളിച്ചറിയിക്കാറുണ്ടായിരുന്നു. അടുത്തിടെ
ഗര്‍ഭിണിയായതോടെയാണ് സ്വന്തം വീട്ടുകാരുമായി സോന വീണ്ടും സംസാരിച്ചു തുടങ്ങിയത്.
വിദേശത്തായിരുന്ന റിജിന്‍ ലാല്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. കാര്‍ കത്തി
യുവതി മരിച്ച സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ വലിയ അസ്വാഭാവികതയുള്ളതായി പോലീസും
സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ഉറച്ച നിലപാടിലാണ്
ബന്ധുക്കള്‍. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സംഭവത്തില്‍ വിശദമായ അന്വേഷണം
ആവശ്യപ്പെട്ട് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
നിലവില്‍ ലഭ്യമായ ഫോറന്‍സിക് പരിശോധനാ ഫലങ്ങളും, വരാനിരിക്കുന്ന
വിശദമായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടും സോനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും
പുറത്തുവരുന്നതോടെ ചെറുവണ്ണൂര്‍ കാര്‍ തീപിടിത്തത്തിന് പിന്നിലെ യഥാര്‍ത്ഥ
നിഗൂഢതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
