കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. കോടതിയില്‍
സ്വന്തം പാര്‍ട്ടിക്കായി വാദിക്കാന്‍ എത്തിയ മമതയുടെ അഭിഭാഷക യോഗ്യതയില്‍ വ്യക്തത
തേടി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. മമതയുടെ എന്റോള്‍മെന്റ് വിവരങ്ങളും
പ്രാക്ടീസ് സംബന്ധിച്ച രേഖകളും ഹാജരാക്കാന്‍ സംസ്ഥാന ബാര്‍ കൗണ്‍സിലിന് ദേശീയ
സമിതി നിര്‍ദ്ദേശം നല്‍കി. 2011 മുതല്‍ 2026 വരെ മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭരണഘടനാ പദവി വഹിച്ചിരുന്ന കാലയളവില്‍ മമതയുടെ എന്റോള്‍മെന്റ്
സസ്പെന്‍ഡ് ചെയ്തിരുന്നോ എന്നതടക്കമുള്ള വിവരങ്ങളാണ് ബാര്‍ കൗണ്‍സില്‍
പരിശോധിക്കുന്നത്.
മുഖ്യമന്ത്രി പദത്തിലിരിക്കെ കോടതിയില്‍ ഹാജരാകുന്നത് സംബന്ധിച്ച
നിയമസാധുതയില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ വസ്തുതകള്‍
പരിശോധിക്കേണ്ടതുണ്ടെന്നും ബാര്‍ കൗണ്‍സില്‍ കത്തില്‍ വ്യക്തമാക്കി. മമതയുടെ
എന്റോള്‍മെന്റ് നമ്പറും തീയതിയും, നിലവില്‍ അവരുടെ പേര്
അംഗങ്ങളുടെ പട്ടികയിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കാനാണ്
സംസ്ഥാന ബാര്‍ കൗണ്‍സിലിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. പശ്ചിമ ബംഗാള്‍
സ്റ്റേറ്റ് ബാര്‍ കൗണ്‍സിലിന് ഇത് സംബന്ധിച്ച ചെക്ക് ലിസ്റ്റും ദേശീയ സമിതി
കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്ന 15 വര്‍ഷത്തിനിടയില്‍
അഭിഭാഷകവൃത്തി അവസാനിപ്പിക്കുന്നതായോ താല്‍ക്കാലികമായി മാറ്റിവെക്കുന്നതായോ
അറിയിപ്പ് നല്‍കിയിരുന്നോ എന്നാണ് ബാര്‍ കൗണ്‍സില്‍ പ്രധാനമായും ആരായുന്നത്.
അത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും ഹാജരാക്കണം.
പ്രാക്ടീസ് പുനരാരംഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തീയതിയും
അറിയിക്കണം. നിലവില്‍ മമതയുടെ കൈവശം പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നും
അത് സാധുവാണോ എന്നും വ്യക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഭരണഘടനാ പദവി ഒഴിഞ്ഞ ശേഷം പ്രാക്ടീസ് ചെയ്യുന്നതിന്
തടസ്സമില്ലെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കെ പാലിക്കേണ്ട
ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് നിയമവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് വാദിക്കാനാണ് മമത
ഇന്ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസുമാരായ സുജോയ് പോള്‍, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു മമതയുടെ
വാദം.
എന്നാല്‍ കോടതി പരിസരത്ത് വച്ച് ബിജെപി അനുകൂലികളായ അഭിഭാഷകര്‍
മമതയ്ക്ക് നേരെ 'കള്ളന്‍' (ചോര്‍)
വിളികളുമായി പ്രതിഷേധിച്ചത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തന്റെ പാര്‍ട്ടി
ഓഫീസുകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കോടതി ഇടപെടണമെന്നാണ് മമത
ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 4 മുതല്‍
സംസ്ഥാനത്തുടനീളം അക്രമങ്ങള്‍ നടക്കുകയാണെന്നും സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും
വേട്ടയാടപ്പെടുകയാണെന്നും മമത കോടതിയില്‍ പറഞ്ഞു. കോടതിയില്‍ നിന്ന് പുറത്തിറങ്ങവെ
താന്‍ കയ്യേറ്റം ചെയ്യപ്പെട്ടതായി മമത മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഷേധക്കാര്‍ തന്നെ വളഞ്ഞുവെന്നും ശാരീരികമായി ഉപദ്രവിക്കാന്‍
ശ്രമിച്ചുവെന്നും മമത ആരോപിച്ചു. എന്നാല്‍ കനത്ത സുരക്ഷയിലാണ് മമത കോടതിയില്‍
എത്തിയതും മടങ്ങിയതും. മമതയെ അനുഗമിച്ച തൃണമൂല്‍ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ
കല്യാണ്‍ ബാനര്‍ജിയും ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി സ്വാധീനത്തിലുള്ള
അഭിഭാഷകര്‍ മുന്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കോടതിയുടെ
പവിത്രത തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇസ്ലാമിക് ഹിസ്റ്ററിയില്‍
ബിരുദാനന്തര ബിരുദത്തിന് പുറമെ വിദ്യാഭ്യാസത്തിലും നിയമത്തിലും മമത ബാനര്‍ജി
ബിരുദം നേടിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലം സജീവ രാഷ്ട്രീയത്തിലും ഭരണപ്പദവിയിലും
തുടര്‍ന്ന മമത, പെട്ടെന്ന് അഭിഭാഷക വേഷത്തില്‍ എത്തിയത്
ചട്ടലംഘനമാണോ എന്ന കാര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കുക.
https://marunadanmalayalee.com/news/special-report/bci-seeks-details-of-mamata-banerjees-legal-practice-after-calcutta-hc-appearance-848040
