ചെന്നൈ:
ഇന്ത്യൻ മുൻ ഓൾറൗണ്ടർ വിജയ് ശങ്കർ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ
നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിവിധ ട്വന്റി-20 ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നതിന് മുന്നോടിയായാണ് മുപ്പത്തഞ്ചുകാരനായ
താരം ഈ തീരുമാനം എടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് താരം തന്റെ
വിരമിക്കൽ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2019-ലെ ഏകദിന
ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു വിജയ് ശങ്കർ.
വിജയ്
ശങ്കറിന്റെ വൈകാരികമായ വിരമിക്കൽ കുറിപ്പ് ഇങ്ങനെയായിരുന്നു: "ക്രിക്കറ്റാണ്
എന്റെ ജീവൻ. പത്താം വയസ്സിലാണ് ഞാൻ കളി തുടങ്ങുന്നത്. 25 വർഷങ്ങൾക്ക് ശേഷം, എല്ലാ തലങ്ങളിലും പ്രത്യേകിച്ച്
ഏറ്റവും ഉയർന്ന നിലവാരത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ കഴിഞ്ഞതിൽ ഞാൻ
ഭാഗ്യവാനാണ്. ഇന്ത്യൻ ജേഴ്സി അണിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും
സന്തോഷവും നിറഞ്ഞ നിമിഷമാണ്. പുതിയ അവസരങ്ങൾ തേടുന്നതിനും കൂടുതൽ ക്രിക്കറ്റ്
കളിക്കുന്നതിനുമായി ഞാൻ ഐപിഎല്ലിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും
വിരമിക്കുന്നു. എനിക്ക് പ്രിയപ്പെട്ടത് ചെയ്യാൻ അനുവാദം നൽകിയവരോട് വെറുമൊരു നന്ദി
വാക്ക് കൊണ്ട് മാത്രം കടം തീരില്ല."
ഇന്ത്യക്കായി
കളിക്കാൻ അവസരം നൽകിയതിന് ബിസിസിഐയോടും ഇന്ത്യൻ ടീമിനോടും വിജയ് ശങ്കർ നന്ദി
പറഞ്ഞു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും 9 ട്വന്റി-20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
"ഒരുപാട് പഠനങ്ങളും എണ്ണമറ്റ ഓർമ്മകളും പ്രചോദനങ്ങളുമാണ് ഇന്ത്യൻ ടീം എനിക്ക്
നൽകിയത്. നാഗ്പൂരിൽ ഇന്ത്യയുടെ 500-ാം ഏകദിന മത്സരത്തിൽ
അവസാന ഓവർ എറിഞ്ഞതും, 2019 ലോകകപ്പിൽ എറിഞ്ഞ ആദ്യ പന്തിൽ
തന്നെ വിക്കറ്റ് നേടിയതും ഞാൻ എക്കാലവും നെഞ്ചോട് ചേർക്കുന്ന നിമിഷങ്ങളാണ്."
അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ
ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്,
ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി കാപ്പിറ്റൽസ്
എന്നീ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. കുറിപ്പിൽ ഈ ടീമുകൾക്കും താരം നന്ദി
പറയുന്നുണ്ട്. 2014-ലും 2025-ലും സിഎസ്‌കെയിൽ
ഉണ്ടായിരുന്ന താരം, ഏറ്റവും ഒടുവിൽ നടന്ന ഐപിഎൽ ലേലത്തിൽ
അൺസോൾഡ് ആയിരുന്നു. തന്റെ കരിയറിനെ വളർത്തിയ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും
ആഭ്യന്തര ക്ലബ്ബുകൾക്കും കോച്ചുമാർക്കും കുടുംബത്തിനും താരം നന്ദി അറിയിച്ചു.
കരിയറിൽ
ഉടനീളം താൻ നേരിട്ട കടുത്ത വിമർശനങ്ങളെക്കുറിച്ചും വിദ്വേഷങ്ങളെക്കുറിച്ചും വിജയ്
ശങ്കർ തുറന്നുപറഞ്ഞു. 2019 ലോകകപ്പ് ടീമിൽ അമ്പാട്ടി
റായുഡുവിന് പകരം വിജയ് ശങ്കറിനെ തിരഞ്ഞെടുത്തപ്പോൾ അന്നത്തെ സെലക്ടർ എം.എസ്.കെ
പ്രസാദ് താരത്തെ 'ത്രീ-ഡി ക്രിക്കറ്റർ' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് പിന്നീട് വലിയ ട്രോളുകൾക്ക്
കാരണമായിരുന്നു. "കരിയറിൽ ഭാവനയ്ക്കുമപ്പുറമുള്ള വലിയ വിദ്വേഷവും
നെഗറ്റിവിറ്റിയും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം അവഗണിച്ച്
മുന്നോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചത്. എനിക്ക് അതിന് സാധിക്കുമെങ്കിൽ ഈ ലോകത്ത്
ആർക്കും അതിന് സാധിക്കും. പോസിറ്റീവായി ചിന്തിക്കുക, കഠിനാധ്വാനം
ചെയ്യുക. ക്രിക്കറ്റാണ് എന്നെ ജീവിതം പഠിപ്പിച്ചത്. നന്ദി, നിങ്ങളുടെ
3D ക്രിക്കറ്റർ, വിജയ് ശങ്കർ"
എന്ന് കുറിച്ചുകൊണ്ടാണ് താരം വാക്കുകൾ അവസാനിപ്പിച്ചത്. 2012-ൽ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കർ 14 വർഷത്തെ
കരിയറിൽ 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 112 ലിസ്റ്റ് എ മത്സരങ്ങളും 159 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46.73 ശരാശരിയിൽ 13 സെഞ്ചുറികളടക്കം 4,253 റൺസും 43 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.