ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ; കര്‍ണാടക ഘടകത്തിന്റെ പേരില്‍ ബംഗളൂരുവില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തത് തന്റെ അറിവോടെയല്ലെന്നും ദിപ്‌കെ

ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോള്‍ തനിക്കത് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ദിപ്‌കെ തന്നെയാണ് അറിയിച്ചത്. സി.ജെ.പിയുടെ ബാക്കപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച എക്‌സിലെ ഒരു പോസ്റ്റില്‍, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് 'ഹാക്ക് ചെയ്യപ്പെട്ടു' എന്ന് ദിപ്‌കെ എഴുതി. '@മെറ്റ, എനിക്ക് എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു, പക്ഷേ കഴിയുന്നില്ല' എന്ന് അദ്ദേഹം മറ്റൊരു പോസ്റ്റില്‍ എഴുതി. മെറ്റ ഇതുവരെ ഇക്കാര്യത്തില്‍ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല. മേയ് 15-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാ യുവാക്കളെ 'പരാദജീവികള്‍', 'പാറ്റകള്‍' എന്നീ പദങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചതിന് പിന്നാലെ എക്‌സില്‍ രൂപീകരിച്ച സി.ജെ.പി പെട്ടെന്ന് വൈറലായിരുന്നു. രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര്‍, വിവിധ പ്രായത്തിലുള്ള നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവരുടെ പിന്തുണ നേടുകയും ചെയ്തു. നാല് ദിവസം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം 90 ലക്ഷം കവിഞ്ഞതോടെ എക്‌സിലെ അക്കൗണ്ട് പൂട്ടി. ഫോളോവേഴ്‌സിന്റെ എണ്ണം ബി.ജെ.പി അക്കൗണ്ടിനെ മറികടന്നതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് പിന്നാലെ സി.ജെ.പി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചുവന്നു.

തന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജമായ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്ന ആളുകളെ ലക്ഷ്യം വച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു. പക്ഷേ പാറ്റയെ പ്രതീകമായി സ്വീകരിച്ച സി.ജെ.പി സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. അതേസമയം കര്‍ണാടക ഘടകത്തിന്റെ പേരില്‍ ബംഗളൂരുവില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം. ഇത് തന്റെ അറിവോടെയല്ല എന്ന് ദിപ്‌കെ വ്യക്തമാക്കി. 'പാറ്റ'കളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ല, തെരുവുകളിലുമുണ്ടെന്ന് പോസ്റ്ററില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അനുവാദമില്ലാതെ ഒത്തുകൂടുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പൂനെ സ്വദേശിയായ അഭിജീത് ദിപ്‌കെ എന്ന യുവാവാണ് എക്‌സില്‍ 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന പേജ് ആരംഭിച്ചത്.

നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തെ ട്രോളാന്‍ തുടങ്ങിയ ഈ പ്ലാറ്റ്‌ഫോം ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ഡിജിറ്റല്‍ വിപ്ലവമായി മാറുകയായിരുന്നു. സി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിന് 21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്

ആരാണ് അഭിജിത് ദിപ്‌കെ? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകനും ഇതിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രവുമാണ് 30കാരനായ അഭിജിത് ദിപ്‌കെ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ( പഴയ ഔറംഗബാദ്) സ്വദേശിയാണ്. പുണെയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. നിലവില്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി. ഒരു ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റാണ് അഭിജിത് ദിപ്‌കെ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി രാഷ്ട്രീയ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തതില്‍ വിദഗ്ധനാണ് അഭിജിത്. 2020 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ സന്നദ്ധപ്രവര്‍ത്തകനായിരുന്നു.

2020-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മീം അധിഷ്ഠിത ഡിജിറ്റല്‍ ക്യാംപയിനുകള്‍ക്കു പിന്നില്‍ ഇദ്ദേഹമുണ്ടായിരുന്നു. സി.ജെ.പി ഒരു എ.എ.പി സ്‌പോണ്‍സേര്‍ഡ് പ്രൊജക്റ്റ് ആണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും സ്വതന്ത്രമായ ഒരു യുവജന കൂട്ടായ്മയാണെന്ന് അഭിജിത് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ അഹന്ത നിറഞ്ഞ വാക്കുകളെ ഹാസ്യത്തിലൂടെയും ട്രോളുകളിലൂടെയും നേരിട്ട് ഇന്ത്യന്‍ യുവത്വത്തിന്റെ ഡിജിറ്റല്‍ ശബ്ദമായി മാറിയ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയും അതിന്റെ സ്ഥാപകനായ അഭിജിത് ദിപ്‌കെയും.

ഒരു ഹാസ്യ-രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയില്‍, യുവാക്കളെ ആകര്‍ഷിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ അംഗമാകുന്നതിനായി അതിന്റെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ മുന്നോട്ട് വെച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ തികച്ചും വിചിത്രവും രസകരവുമാണ്. മതമോ ജാതിയോ ലിംഗഭേദമോ ഒന്നും ഇവര്‍ പരിശോധിക്കാറില്ല. പകരം ഇതില്‍ അംഗമാകാന്‍ താഴെ പറയുന്ന 4 യോഗ്യതകള്‍ ഉണ്ടായാല്‍ മതിയാകും: തൊഴില്‍രഹിതന്‍ ആയിരിക്കണം: അത് സാഹചര്യങ്ങള്‍ കൊണ്ടോ , സ്വന്തം ഇഷ്ടപ്രകാരമോ , അതല്ലെങ്കില്‍ ഏതെങ്കിലും തത്ത്വങ്ങളുടെ അടിസ്ഥാനത്തിലോ ആകാം. കാരണം അവര്‍ ചോദിക്കില്ല! മടിയന്‍ ആയിരിക്കണം : ഇത് ശാരീരികമായ മടിയെ മാത്രമാണ് ഉദ്ദേശിക്കുന്നത്. അതേസമയം നിങ്ങളുടെ തലച്ചോറിന് ചിന്തിച്ചുകൂട്ടാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മുഴുവന്‍ സമയവും ഓണ്‍ലൈനില്‍ ഉള്ളയാള്‍ ആയിരിക്കണം : ശുചിമുറിയില്‍ പോകുന്ന സമയം ഉള്‍പ്പെടെ ഒരു ദിവസം കുറഞ്ഞത് 11 മണിക്കൂറെങ്കിലും നിര്‍ബന്ധമായും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈനിലും സജീവമായിരിക്കണം. പ്രൊഫഷണലായി വിമര്‍ശിക്കാന്‍/പ്രതികരിക്കാന്‍ കഴിയണം : നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മൂര്‍ച്ചയുള്ളതും സത്യസന്ധവും സമൂഹത്തില്‍ യഥാര്‍ഥത്തില്‍ പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെ ചൂണ്ടിക്കാണിക്കുന്നതുമായിരിക്കണം. തങ്ങളെ മടിയന്മാരെന്നും പാറ്റകളെന്നും വിളിച്ച് അധിക്ഷേപിക്കുന്ന സിസ്റ്റത്തിന് നേരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ട്രോളുകളിലൂടെയും മീമുകളിലൂടെയും പ്രതികരിക്കാന്‍ കഴിയുന്ന ആര്‍ക്കും ഈ ഡിജിറ്റല്‍ കൂട്ടായ്മയില്‍ പങ്കാളികളാകാം.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items