മോഡലിങ്ങിന്റെ മറവില്‍ രാജ്യാന്തര പെണ്‍വാണിഭം; കൊച്ചി കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ്; അലീനയുടെ ശബ്ദരേഖ വാണിഭ മാഫിയയ്ക്ക് തെളിവ്

 


കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവില്‍ നടന്നുവന്ന രാജ്യാന്തര പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ ചാരുംമൂട് സ്വദേശി ശ്രീകുമാര്‍ എന്ന ബിലാല്‍ കേരളത്തില്‍ നിന്ന് നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍.

ഇരകളാകുന്ന ഓരോ യുവതിയെയും വിദേശത്ത് എത്തിക്കുമ്പോള്‍ പ്രധാന ഏജന്റായ ബിലാലിന് ഒരു ലക്ഷം രൂപ വരെയാണ് കമ്മീഷനായി ലഭിച്ചിരുന്നത്. ഇതിനു പുറമെ വിദേശത്തെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് മാസംതോറും വന്‍ തുക കമ്മീഷനായി ഇയാള്‍ക്ക് വേറെയും ലഭിച്ചിരുന്നതായി കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണ സംഘം വ്യക്തമാക്കി. കേസില്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെ സിനിമാ-ഫാഷന്‍ രംഗത്തുള്ള പ്രമുഖരടക്കം കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കേസിലെ മൂന്നാം പ്രതിയായ അലീന ഈ പെണ്‍വാണിഭ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ഞെട്ടിക്കുന്ന ശബ്ദ സന്ദേശങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. യുവതികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്നതിനും അവരെ ഭീഷണിപ്പെടുത്തി സംഘത്തിന്റെ ഭാഗമാക്കുന്നതിനും അലീന നേരിട്ടാണ് ഇടപെട്ടിരുന്നത്. കേസില്‍ വിപുലമായ രീതിയിലുള്ള ഉന്നതതല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൊച്ചിയിലെ മോഡലിങ് മേഖലയിലെ എല്ലാ തട്ടിപ്പ് സംഘങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഷോകള്‍, ഫോട്ടോഷൂട്ടുകള്‍ എന്നിവയില്‍ നേരിട്ടെത്തിയാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും എന്നാല്‍ ഗ്ലാമര്‍ ലോകത്ത് തിളങ്ങാന്‍ ആഗ്രഹിക്കുന്നതുമായ യുവതികളുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും മുതലെടുത്താണ് പ്രതികള്‍ വലവിരിച്ചിരുന്നത്. ബിലാലും സംഘവും വിദേശത്ത് ലക്ഷങ്ങളുടെ പ്രതിഫലവും വന്‍ അവസരങ്ങളും വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തിയിരുന്നത്. കൊച്ചിയില്‍ ഇയാള്‍ക്കായി പെണ്‍കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തില്‍ വലയിലാകുന്ന യുവതികളെ ദുബായിലുള്ള 'എലൈസ ഇവന്റ്‌സ്' എന്ന സ്ഥാപനത്തിലേക്കാണ് സംഘം അയച്ചിരുന്നതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. വിസയ്ക്കും ടിക്കറ്റിനുമെന്ന പേരില്‍ ഇരകളില്‍ നിന്ന് 4,70,000 രൂപയോളം സിന്ധു നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. 

പോലീസ് പിടിയിലാകാതിരിക്കാന്‍ ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും വ്യാജ മേല്‍വിലാസത്തില്‍ എടുത്ത സിം കാര്‍ഡുകളും ഉണ്ടായിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയുള്ള അന്വേഷണവും പോലീസ് ആലോചിക്കുന്നുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items