ജയ്‌പൂർ: ഐപിഎല്ലിൽ പ്ലേ ഓഫ് യോഗ്യത ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടുന്നു. ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന്റെ താൽക്കാലിക നായകൻ യശസ്വി ജയ്‌സ്വാൾ ഫീൽഡിങ് തിരഞ്ഞെടുത്തു. പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങൾ ഇതിനകം ഉറപ്പായ സാഹചര്യത്തിൽ, അവശേഷിക്കുന്ന അവസാന സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മുൻപന്തിയിലാണ് രാജസ്ഥാൻ. ലീഗിൽ ഇനി രണ്ട് മത്സരങ്ങളാണ് രാജസ്ഥാന് ബാക്കിയുള്ളത്. ഇവ രണ്ടും ജയിച്ചാൽ ടീമിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. മറുവശത്ത്, ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് രാജസ്ഥാന് കടുത്ത വെല്ലുവിളിയാകും. പരിക്കേറ്റ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ അഭാവത്തിലാണ് ജയ്‌സ്വാൾ ഇന്ന് രാജസ്ഥാനെ നയിക്കുന്നത്. "ടീമിൽ പൂർണ്ണ ആത്മവിശ്വാസമുണ്ട്, ബാറ്റിങ്ങിന് അനുകൂലമായ മികച്ച വിക്കറ്റാണിത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാലും ബൗൾ ചെയ്യേണ്ടി വന്നാലും സന്തോഷമേയുള്ളൂ. കഴിഞ്ഞ മത്സരങ്ങളിൽ പറഞ്ഞതുപോലെ, ഞങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ തെളിയിക്കാനുണ്ട്. ആരാധകർക്കായി ഓരോ മത്സരവും കളിക്കുന്നതിൽ ഒരു ടീമെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. മികച്ചൊരു ടീം ഞങ്ങൾക്കുണ്ട്, അത് കളത്തിൽ പുറത്തെടുക്കാൻ തന്നെയാണ് ലക്ഷ്യം," ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ടോസ് വേളയിൽ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ഐഡൻ മർക്രം ഇന്നത്തെ മത്സരത്തിനില്ലെന്ന് പന്ത് വ്യക്തമാക്കി. മുഹമ്മദ് ഷമിയും ടീമിലില്ല. പകരക്കാരായി മോഹ്സിൻ ഖാനും, മർക്രത്തിന് പകരം ആയുഷ് ബദോനിയും ലഖ്‌നൗ നിരയിൽ ഇടംപിടിച്ചു.
"ഇതൊരു
നല്ല വിക്കറ്റാണെന്ന് തോന്നുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഞ്ഞ്
വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ റൺസ് പിന്തുടർന്ന് ജയിക്കാനാണ്
ഞങ്ങളുടെ ശ്രമം," രാജസ്ഥാന്റെ താൽക്കാലിക ക്യാപ്റ്റൻ
യശസ്വി ജയ്‌സ്വാൾ പറഞ്ഞു. റിയാൻ പരാഗിന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ
കഴിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇതെന്നെ
സംബന്ധിച്ച് വലിയൊരു കാര്യമാണ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയെ നയിക്കാൻ കഴിയുന്നത്
എപ്പോഴും അഭിമാനകരമാണ്," ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
റിയാൻ പരാഗിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണെന്നും താരം ഉടൻ തന്നെ സുഖം
പ്രാപിക്കുമെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. പരാഗിന് പുറമെ രവീന്ദ്ര ജഡേജയുടെ
പരിക്കിനെക്കുറിച്ചും ജയ്‌സ്വാൾ അപ്ഡേറ്റ് നൽകി. ജഡേജ നിലവിൽ സുഖം പ്രാപിച്ചു
വരികയാണെന്നും ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടെങ്കിലും താരം ഉടൻ തന്നെ ടീമിലേക്ക്
തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിരയിൽ സന്ദീപ് ശർമ്മ, സുശാന്ത് മിശ്ര, ലുവാൻഡ്രെ പ്രിട്ടോറിയസ് എന്നിവർ
ഇന്ന് കളിക്കുന്നുണ്ട്. പ്ലേയിങ് ഇലവൻ: രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ
(ക്യാപ്റ്റൻ), ലുവാൻഡ്രെ പ്രിട്ടോറിയസ്, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ഡോണോവൻ ഫെരേര,
ശുഭം ദുബെ, ദാസുൻ ശനക, ജോഫ്ര
ആർച്ചർ, സുശാന്ത് മിശ്ര, സന്ദീപ് ശർമ്മ,
ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച. (ഇംപാക്ട്
പ്ലേയർ: വൈഭവ് സൂര്യവംശി, യുദ്ധ്‌വീർ സിങ്, അമൻ റാവു പെരാല, രവി ബിഷ്‌ണോയ്, റിയാൻ പരാഗ്) ലഖ്‌നൗ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പുരൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആയുഷ്
ബദോനി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്,
മോഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിങ്, പ്രിൻസ് യാദവ്. (ഇംപാക്ട്
പ്ലേയർ: മുകുൾ ചൗധരി, മണിമാരൻ സിദ്ധാർത്ഥ്, ദിഗ്‌വേശ് സിങ് രാഠി, ഹിമ്മത് സിങ്, അർഷിൻ കുൽക്കർണി)
