'ഈ കൈകള്‍ നോക്കു. ഞാന്‍ എന്നെത്തന്നെ
ഉപദ്രവിച്ച് തുടങ്ങി. എന്റെ മക്കളെ കാണാന്‍ സമ്മതിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍
വാടക വീട്ടില്‍ താമസിക്കുന്നു. എന്റെ മുന്‍ ഭാര്യയും കുടുംബവും നല്ല സുഖമായി
ജീവിക്കുന്നു. ഞാന്‍ കോടിക്കണക്കിന് രൂപ മുടക്കി പണിത വീട്ടില്‍ അവര്‍ സുഖമായി
ഇരിക്കുന്നു. ഇത് എന്തൊരു ലോകമാണ്''- ഞെരമ്പുമുറിച്ച്
ആത്മഹത്യക്ക് ശ്രമിച്ചതിന് കൈത്തണ്ടയിലുള്ള പാടുകള്‍ കാട്ടി കഴിഞ്ഞ ദിവസം, ഈ ലോകത്തോട് വിലപിച്ചത്, തമിഴില്‍ ഏറെ ആരാധകരുള്ള
ഒരു നടനാണ്! പൊന്നിയിന്‍ സെല്‍വനായി വേഷമിട്ട് തമിഴ്മക്കളുടെ മനം കവര്‍ന്ന ജയം രവി
എന്ന ജയമോഹന്‍, ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് വാര്‍ത്താ
സമ്മേളനം വിളിച്ച് പൊട്ടിക്കരഞ്ഞതോടെ തമിഴ് സിനിമാലോകവും രണ്ടായിരിക്കയാണ്. നടന്‍മ്മാരില്‍
ഏറിയ പങ്കും ജയം രവിയെ അനുകൂലിക്കുമ്പോള്‍, നടി
ഖുശ്ബുവിനെപ്പോലുള്ളവര്‍ രവിയുടെ ഭാര്യയുടെ ഭാഗത്താണ്. അതോടൊപ്പം നമ്മുടെ നാട്ടില്‍
നിലനില്‍ക്കുന്ന പുരുഷ പീഡനത്തിന്റെ ഉദാഹരണമായും ഈ സംഭവം എടുത്തുകാണിക്കപ്പെട്ടു.
മുഖ്യമന്ത്രി ജോസഫ് വിജയയുടെ വിവാഹമോചന വിവാദങ്ങള്‍ക്കും നടി തൃഷയുമായുള്ള
ബന്ധത്തിന് അല്‍പ്പം അവധികൊടുത്ത് ഇപ്പോള്‍ ജയം രവിയുടെ ഡിവോഴ്സിന് പിന്നാലെയാണ്
തമിഴക സിനിമാ മാധ്യമങ്ങള്‍.
തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര
പതിപ്പിച്ച നടനാണ് രവിമോഹന്‍ എന്ന ജയം രവി. നടനായും ആക്ഷന്‍ ഹീറോയായും തിളങ്ങിയ
അദ്ദേഹം, കഴിഞ്ഞ രണ്ട്
പതിറ്റാണ്ടിലേറെയായി കോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. എന്നാല്‍
ക്യാമറയ്ക്ക് മുന്നിലെ തിളക്കത്തിനപ്പുറം വലിയ പ്രതിസന്ധികളും വ്യക്തിജീവിതത്തിലെ
കനല്‍വഴികളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതം. ആദ്യഭാര്യ ആരതിയില്‍ നിന്നും
വിവാഹ മോചനം നേടാനുള്ള ശ്രമത്തിനിടെ കോടികളാണ് അദ്ദേഹത്തിന് നഷ്ടമായത്.
അതിനിടയിലാണ്, സൈബര്‍ ആക്രമണം താങ്ങാനാവാതെ സുഹൃത്ത് കൂടിയായ
ഗായിക കെനീഷ ഫ്രാന്‍സിനും നടനെ കൈവിടുന്നത്. രവി മോഹനുമായി ഇനി സൗഹൃദമില്ല എന്ന്
കെനീഷ് പോസ്റ്റിട്ടു. ഇതിന് മറുപടിയായി ആരതി പോസ്റ്റിടുകയും നടി ഖുഷ്ബു
കമന്റിടുകയും ചെയ്തതോടെയാണ്, രവിമോഹന്‍ കടുത്ത ഭാഷയില്‍
പ്രതികരിച്ചുകൊണ്ട് വാര്‍ത്താ സമ്മേമളനം നടത്തിയത്. ആരതിയുമായി നിയമപരമായി
വിവാഹമോചനം നേടുന്നതുവരെ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും, ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ പോലും റിലീസ് ചെയ്യില്ലെന്നും
കണ്ണീരോടെ അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയില്‍ വലിയ വിജയങ്ങള്‍ കൊയ്തപ്പോഴും
വ്യക്തിജീവിതത്തില്‍ ജയം രവി ഒരുപരാജയമാവുകയാണെന്നും, അയാളുടെ
കോടികളുടെ സ്വത്തുക്കള്‍ ഭാര്യവീട്ടുകാര്‍ അടിച്ചുമാറ്റിയെന്നതും ഞെട്ടലോടെയാണ്
തമിഴ് സിനിമോലോകം കേട്ടത്.
രവി മോഹനില്‍ നിന്ന് ജയം രവിയിലേക്ക് പ്രശസ്ത
തമിഴ് ചലച്ചിത്ര എഡിറ്റര്‍ മോഹന്റെ മകനായി ജനിച്ച രവിമോഹന്‍, സിനിമാ പശ്ചാത്തലമുള്ള
കുടുംബത്തില്‍ നിന്നാണ് വരുന്നത്. തന്റെ ജ്യേഷ്ഠനും പ്രശസ്ത സംവിധായകനുമായ മോഹന്‍
രാജയുടെ സംവിധാനത്തില്‍ 2003-ല്‍ പുറത്തിറങ്ങിയ 'ജയം' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ഈ ചിത്രത്തിന്റെ വിജയത്തോടെയാണ് രവിമോഹന്‍ എന്ന
പേരിനൊപ്പം ജയം എന്നുകൂടി ചേര്‍ക്കപ്പെടുന്നത്. തുടക്കത്തില്‍ ചോക്ലേറ്റ് ഹീറോ
ഇമേജില്‍ തിളങ്ങിയ ജയം രവി, പിന്നീട് വൈവിധ്യമാര്‍ന്ന
കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി. എം.
കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി (2004) എന്ന ചിത്രത്തിന്റെ വന്‍
വിജയമാണ് രവിയെ കേരളത്തിലടക്കം പ്രശ്തനാക്കിയത്. അമ്മ-മകന്‍ ബന്ധവും ബോക്സിങ്ങും
പശ്ചാത്തലമാക്കിയ ഈ ചിത്രം വലിയ സൂപ്പര്‍ഹിറ്റായി മാറി
2008-ല്‍ ഇറങ്ങിയ സന്തോഷ് സുബ്രഹ്‌മണ്യം എന്ന ചിത്രവും അദ്ദേഹത്തെ
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കി. തൊട്ടുടത്ത വര്‍ഷമിറങ്ങിയ പേരാന്മൈയിലെ
ഫോറസ്റ്റ് ഗാര്‍ഡിന്റെ വേഷം ജയം രവിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി. 2003-2014 വരെയുള്ള കാലത്ത് രവി കുടുംബ പ്രേക്ഷകരുടെ 'സ്വന്തം
മോന്‍' ആയിരുന്നു. അമ്മ-മകന്‍ സെന്റിമെന്റ്സും ശുദ്ധ
പ്രണയവും കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ സിനിമകള്‍ വീട്ടില്‍ എല്ലാവര്‍ക്കും
ഒരുമിച്ചിരുന്ന് കാണാവുന്നതായിരുന്നു. വയലന്‍സ് കുറഞ്ഞ, മാന്യന്‍
ഇമേജ് രവിയെ അമ്മമാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷേ 2015-ലെ തനി ഒരുവനിലൂടെ കാര്യം മാറി. അരവിന്ദ് സ്വാമിക്കൊപ്പമുള്ള മൈന്‍ഡ്
ഗെയിമും സ്റ്റൈലിഷ് ആക്ഷനും രവിയെ 'ക്ലാസ് ആക്ഷന്‍ ഹീറോ'
ആക്കി. മിത്രന്‍ ഐപിഎസ് എന്ന രവിയുടെ കഥാപാത്രം ഇന്നും ചര്‍ച്ചയാവുന്നു.
20 കോടി മുതല്‍മുടക്കില്‍ 105 കോടി
നേടിയ തനി ഒരുവന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സോളോ ഹിറ്റാണ്. പിന്നാലെ ബോഗന്‍,
മിറുതന്‍, ടിക് ടിക് ടിക് എന്നിവയും
വിജയിച്ചു. 2018-ലെ കോമാളിയും നൂറു കോടി ക്ലബ്ബില്‍ ഇടം
നേടി. എല്ലാ താരങ്ങളെയും പോലെ രവിക്കും പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദവന്‍,
അമീന്‍, വനമകന്‍ എന്നിവ തിയേറ്ററില്‍
പരാജയപ്പെട്ടു. പക്ഷെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി വന്നത് 2021 മുതലാണ്. ഭാര്യാമാതാവ് സുജാത വിജയകുമാറിന്റെ 'ഹോം
മൂവി മേക്കേഴ്സ്' ബാനറില്‍ ചെയ്ത ചിത്രങ്ങള്‍ പരാജയമായി. 2021-ലെ കോവിഡ് കാലത്തെ ഭൂമി എന്ന ചിത്രം ഒടിടിയില്‍ നേരിട്ടെത്തി കനത്ത
ട്രോളുകള്‍ ഏറ്റുവാങ്ങി. 2024ലെ സൈറണ്‍ തിയേറ്ററില്‍ ഒരാഴ്ച
പോലും തികച്ചില്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ രവിയുടെ മാര്‍ക്കറ്റിനെയും ബാധിച്ചു.
അതിനുശേഷമാണ് ചരിത്രം കുറിച്ച പൊന്നിയിന്‍ സെല്‍വന്‍
(1 & 2) ഇറങ്ങുന്നത്.
മണിരത്നത്തിന്റെ ഈ ഇതിഹാസ ചിത്രത്തില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന കേന്ദ്ര
കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ജയം രവിയുടെ ഖ്യാതി പാന്‍-ഇന്ത്യന്‍ തലത്തിലേക്ക്
ഉയര്‍ന്നു. 850+ കോടി കളക്ട് ചെയ്ത പിഎസ് സീരീസ് രവിയുടെ
കരിയറിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ വിജയമാണ്. 2025-ന്റെ
തുടക്കത്തില്‍, ഇനി മുതല്‍ തന്നെ തന്റെ യഥാര്‍ത്ഥ പേരായ
രവിമോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്നും ജയം രവി എന്ന് വിളിക്കരുതെന്നും അദ്ദേഹം
ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സിനിമയില്‍ വിജയങ്ങള്‍ കൊയ്യുന്ന ഈ നടന്‍
ജീവിതത്തില്‍ പരാജയമാവുകയായിരുന്നു. വെള്ളിത്തിരയില്‍ കത്തിനില്‍ക്കുന്ന സമയത്താണ്
രവിമോഹന്‍ പ്രണയത്തിലാകുന്നത്. പ്രശസ്ത ടെലിവിഷന്‍ നിര്‍മ്മാതാവ് സുജാത
വിജയകുമാറിന്റെ മകളായ ആരതിയുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായത്. 2009 ജൂണിലായിരുന്നു ഇവരുടെ
വിവാഹം. ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഈ
ദമ്പതികള്‍ക്കുണ്ട്. ഒരു കാലത്ത് തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായിട്ടാണ് ഇവര്‍
ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതെല്ലാം പൊള്ളയായിരുന്നുവെന്നും, മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഫീച്ചറുകള്‍ മാത്രമാണെന്നും പിന്നീട് ലോകം
അറിഞ്ഞു. അത് രവിമോഹന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അത് ഒരു ബ്ലാക്ക് മെയില്‍
വിവാഹമാണെന്നാണ് അദ്ദേഹം പറയുന്നു. 'അവര്‍ ഞരമ്പ് മുറിച്ച്
ആത്മഹത്യ ചെയ്യുമെന്ന് എന്നെ ഭയപ്പെടുത്തി. അവസാനം വിവാഹത്തിന് വഴങ്ങേണ്ടി വന്നു.
ഇന്ന് അവള്‍ എന്നേയും ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചു''- രവിമോഹന്‍ പറയുന്നു. 2024 സെപ്റ്റംബറിലാണ് താന്‍
ആരതിയുമായി വേര്‍പിരിയുകയാണെന്ന് രവിമോഹന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍
ഈ തീരുമാനം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണെന്നും ആരോപിച്ച്
ആരതി രംഗത്തെത്തി. ചെന്നൈയിലെ കുടുംബ കോടതിയില്‍ ഇവരുടെ വിവാഹമോചന കേസ് നിലവില്‍
നടന്നു വരികയാണ്. അതിനുമുന്നേ തന്നെ കോടികളാണ് രവിമോഹന്‍ ഭാര്യക്ക് കൊടുക്കേണ്ടി
വന്നത്. അയാള്‍ എല്ലാം നഷ്ടപ്പെട്ട് പാപ്പരായ അവസ്ഥയിലാണ്്. തന്റെത് ഒരു
വിവാഹമായിരുന്നില്ല ഒരു തരം പര്‍ച്ചേസ് ആയിരുന്നുവെന്നാണ് രവിമോഹന്‍ ഇപ്പോള്‍
പറയുന്നത്. 'കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍
തന്നെ എന്നെ കുടുംബത്തില്‍ നിന്ന് അകറ്റി അവരുടെ അടുത്തേക്ക് കൊണ്ടുവന്നു. വീട്
പണിയൂ, അവിടെ ജോലിക്ക് പോകൂ, ഈ
സിനിമയില്‍ അഭിനയിക്കൂ എന്നെല്ലാം പറഞ്ഞ് ടോര്‍ച്ചറായിരുന്നു. ആര് കാശ് തന്നാലും
വാങ്ങിക്കോളൂവെന്നാണ് പറഞ്ഞിരുന്നത്. സിനിമാ നിര്‍മ്മാണവും അവര് തന്നെ. ഒരു പടം
കഴിയും മുമ്പ് അടുത്തതിന് ഡേറ്റ് കൊടുക്കണം. അതുകൊണ്ട് തന്നെ മറ്റ് സിനിമകളില്‍
അഭിനയിക്കാന്‍ കഴിയാതെ ഭാര്യവീട്ടുകാരുടെ കമ്പനി ആര്‍ട്ടിസ്റ്റായി മാറി ഞാന്‍. ''-
രവി വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് പറഞ്ഞ
വാക്കുകളാണിത്.
'ആ കുടുംബവുമായി ബന്ധം വേണ്ടെന്ന് അമ്മയും
അപ്പയും ഒരുപാട് പറഞ്ഞതാണ്. ഇതിനോടകം എന്റെ പേരില്‍ കേസും കടവും എല്ലാമുണ്ട്.
സ്വന്തം പേരില്‍ ഒരു അക്കൗണ്ട് പോലും എനിക്കില്ല. ഉള്ളത് ജോയിന്റ് അക്കൗണ്ടാണ്.
ഒരു രൂപ വലിച്ചാല്‍ പോലും ഭാര്യയും വീട്ടുകാരും ചോദ്യം ചെയ്യും. ഞാന്‍
സമ്പാദിക്കുന്ന പണമല്ലേ. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത തരത്തിലുള്ള കാര്യങ്ങള്‍
ഞാന്‍ ആ വീട്ടില്‍ അനുഭവിച്ചു. ഞാന്‍ ജീവനോടെ ഇരിക്കരുത് എന്നാണ് അവരുടെ ലക്ഷ്യം.
രക്തം ഛര്‍ദ്ദിച്ച് തുടങ്ങി ഞാന്‍. അവര്‍ എനിക്ക് എതിരെ ദുര്‍മന്ത്രവാദം
ചെയ്യുന്നുണ്ട്. അവര്‍ക്കൊപ്പം ഞാന്‍ ജീവിച്ചിരുന്ന സമയത്തും
പ്രതികരിക്കാതിരിക്കാനായി അവര്‍ ഇത് ചെയ്തിരുന്നു.''- രവിമോഹന്‍
നിറകണ്ണുകളോടെ പറയുന്നു. ഗായിക കെനീഷയുമായി പ്രണയം? രവിമോഹനും
ഭാര്യയുമായുള്ള, വേര്‍പിരിയലിന് പിന്നില്‍ ഗായികയും
തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാന്‍സിസാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു
ശരിയല്ലെന്നും, താന്‍ ഭാര്യവീട്ടുകാരില്‍നിന്ന് കടുത്ത
അപമാനങ്ങള്‍ നേരിട്ട് മനസുതകര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു ആശ്വാസമായി എത്തിയതാണ്
കെനിഷയെന്നും അദ്ദേഹം പറയുന്നു. കെനിഷ ആലപിച്ച 'ഇതൈ യാര്‍
സൊല്‍വാറോ' എന്ന തമിഴ് മ്യൂസിക് ആല്‍ബത്തിന്റെ ലോഞ്ച്
ചടങ്ങില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഈ പാട്ടിന്റെ റിലീസ് നിര്‍വ്വഹിച്ചത്
രവിയായിരുന്നു. 'ദി സ്റ്റേജ്' എന്ന
പ്രശസ്തമായ ഇംഗ്ലീഷ് റിയാലിറ്റി ഷോയിലൂടെയാണ് കെനീഷ ശദ്ധേയയായത്. ലൈവ് പെര്‍ഫോര്‍മര്‍
എന്ന നിലയില്‍ അവര്‍ ഏറെ പേരെടുത്തിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിലെ ഗാനങ്ങളിലും
കെനിഷയുടെ ശബ്ദം ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്, ഇംഗ്ലീഷ്,
ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി കവര്‍
സോങ്ങുകളും ലൈവ് ഷോകളും അവര്‍ ചെയ്യാറുണ്ട്. ഗായികക്കൊപ്പം ഒരു തെറാപ്പിസ്റ്റ്
കൂടിയാണ് കെനിഷ. സി.ബി.ടി എന്ന കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിചെയ്യുന്നവരാണ്
അവര്‍. ചിന്തകളിലെയും പെരുമാറ്റത്തിലെയും വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് മാനസിക
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മനശാസ്ത്രപരമായ ചികിത്സാരീതിയാണ് ഇത്. അതുപോലെ
സ്പിരിച്വല്‍ ഹീലിംഗ് & മെഡിറ്റേഷനും കെനീഷ നല്‍കുന്നുണ്ട്.
റെയ്കി തെറാപ്പിയും, ടുത്ത ഡിപ്രഷന്‍, ട്രോമ
തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗും വൈകാരിക
പിന്തുണയും അവര്‍ നല്‍കിവരുന്നു.
ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, 2024 ജൂണ്‍ മാസത്തിലാണ് ജയം
രവി കെനിഷയെ സമീപിക്കുന്നത്. തന്റെ ദാമ്പത്യ ജീവിതത്തിലെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും
തകര്‍ച്ചയും മൂലം കൗണ്‍സിലിംഗിനും വൈകാരിക പിന്തുണയ്ക്കുമായാണ് അദ്ദേഹം കെനിഷയുടെ
സഹായം തേടിയത്. ഈ പ്രൊഫഷണല്‍ ബന്ധമാണ് പിന്നീട് ശക്തമായ സൗഹൃദമായി മാറിയത്.
പിന്നെ ഇരുവരും ഒരുമിച്ച് സ്റ്റേജ് ഷോകളിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ
അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. പക്ഷേ കെനിഷയുമായി തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന്
ആണയിട്ട് പറയുകയാണ് രവി മോഹന്‍.
'23 വര്‍ഷം പേരില്‍ ഒരു ബ്ലാക്ക് മാര്‍ക്ക്
പോലും വീഴാതെയാണ് ഞാന്‍ ജീവിച്ചത്. നാല്‍പ്പത്തിയഞ്ച് വയസില്‍ ഞാന്‍
സൗന്ദര്യത്തിന് പിന്നാലെ പായുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്റെ കഷ്ട കാലത്ത് ഒപ്പം നിന്ന പെണ്ണാണ് കെനീഷ. എന്നെ മനസിലാക്കിയ
പെണ്ണാണ് അവള്‍. ഞാന്‍ കാണാത്ത പെണ്ണുങ്ങളുണ്ടോ? എന്റെ ജോലി
തന്നെ സുന്ദരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കുക എന്നതാണ്. ഇത്രയും കാലം ഞാന്‍
മുന്‍ ഭാര്യയ്ക്കൊപ്പം ജീവിച്ചിരുന്നതല്ലേ. അപ്പോള്‍ ഞാന്‍ ഏതെങ്കിലും സ്ത്രീയില്‍
മയങ്ങി അവര്‍ക്ക് പിന്നാലെ പോയോ?. ഇല്ലല്ലോ. എന്തെങ്കിലും
ഒരു കാരണം എന്ന രീതിയിലാണ് കെനീഷയുടെ കാര്യം അവര്‍ എടുത്തിട്ടത്. എല്ലാത്തിനും
തെളിവുണ്ട്. അവരുടെ കുടുംബത്തിലുള്ളവര്‍ തന്നെ അവര്‍ക്ക് എതിരെ വരും നാളുകളില്‍
സംസാരിക്കും. എനിക്ക് അവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. മക്കളെ ഓര്‍ത്ത് മാത്രമാണ്
മിണ്ടാതിരുന്നത്. ആ വീട്ടില്‍ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ക്ക്
എല്ലാം അറിയാം. '' -രവിമോഹന്‍ പറയുന്നു. സൈബര്‍ ബുള്ളിയിങ്
ശക്തമായതോടെ രവിയുമായുള്ള സൗഹൃദം അവസാനിപ്പിക്കയാണെന്ന് കെനീഷ പോസ്റ്റിട്ടുണ്ട്.
രവിമോഹന്റെ ദാമ്പത്യം തകര്‍ക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സുഹൃത്ത്
എന്ന നിലയില്‍ അദ്ദേഹത്തിന് മാനസിക പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും കെനിഷ
വ്യക്തമാക്കി. അവര്‍ക്ക് നല്ലതുവരട്ടെ എന്ന് ആശംസിക്കയാണ് രവിമോഹന്‍ ചെയ്യുന്നത്.
ഖുശ്ബുവിനു കടുത്ത വിമര്‍ശനം 'പതിനാല് വര്‍ഷത്തോളമുണ്ടായിരുന്നു
ഞങ്ങളുടെ ദാമ്പത്യം. അപ്പോഴെല്ലാം എന്റെ മുന്‍ ഭാര്യ പറഞ്ഞത് ഞാന്‍ ദൈവമാണ് വഴക്ക്
പറയാറേയില്ല എന്നാണ്. ഇപ്പോള്‍ പേരില്‍ മൂന്ന് അക്ഷരമുള്ള ഇഡ്ഡലി നടി, പേര് പറഞ്ഞാല്‍ കേസാകും എന്നതുകൊണ്ട് പേര് പറയുന്നില്ല, അവര്‍ എന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു, എന്ത്
യോഗ്യതയുണ്ട് അവര്‍ക്ക്?''- നടന്‍ രവിമോഹന്‍ തന്റെ വാര്‍ത്താസമ്മേളനത്തില്‍,
'പേരില്‍ മൂന്ന് അക്ഷരമുള്ള ഇഡ്ഡലി നടി' എന്ന്
പരോക്ഷമായി പരാമര്‍ശിച്ച് രൂക്ഷമായി വിമര്‍ശിച്ചത് തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായി.
അത് നടി ഖുശുബു സുന്ദറിനെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്. ( നേരത്തെ ഖുശുബുവിന്റെ
പേരില്‍ ആരാധകര്‍ ഇഡ്ലി ഉണ്ടാക്കിയതാണ് രവിമോഹന്‍ ഇവിടെ സൂചിപ്പിച്ചത്) തന്റെയും
മറ്റ് മൂന്ന് നടന്മാരുടെയും ജീവിതം തകര്‍ക്കാന്‍ ഫെമിനിസത്തിന്റെ മറവില്‍ ഖുശ്ബു
ശ്രമിച്ചെന്നും ഭാര്യ ആരതിയുമായുള്ള വേര്‍പിരിയലില്‍ അവര്‍ ഇടപെട്ടെന്നും രവി
ആരോപിക്കുന്നു. 'മൂന്ന് നായകന്മാരുടെ ജീവിതം തകര്‍ക്കാന്‍
ശ്രമിച്ച ആ സ്ത്രീക്ക് എന്നെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവരും എന്നെ
അറ്റാക്ക് ചെയ്യുന്നുണ്ട്. അവരുടെ ജനറേഷനില്‍ ഉണ്ടായിരുന്ന മൂന്ന് ഹീറോസ് എന്നോട്
അവരെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബം ഇല്ലാതാക്കാന്‍ ഈ
നടി ശ്രമിച്ചിട്ടുണ്ട്. അവര്‍ ആ നടിയെ വൃത്തികെട്ട ഭാഷയിലാണ് അഭിസംബോധന ചെയ്തത്.
മൂന്ന് പേരുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ആ സ്ത്രീയാണ് ഇപ്പോള്‍ എന്റെ
ജീവിതത്തെ വിലയിരുത്തി സംസാരിക്കുന്നത്. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്നം
വന്നാല്‍ ഉടന്‍ അവര്‍ ഫെമിനിസ്റ്റായി മാറും. എന്തൊരു ഡ്രാമയാണ്. എന്റെ വ്യക്തി
ജീവിതത്തെ തൊടാന്‍ വരണ്ട. എന്റെ കൂടെ അഭിനയിക്കുകയാണെങ്കില്‍ അഭിനയിച്ചിട്ട് പോണം.
ഞാന്‍ നല്ല മനുഷ്യനല്ലെന്ന് പറയാന്‍ നിനക്ക് എന്ത് അര്‍ഹതയുണ്ട്?. എല്ലാവരേയും നിങ്ങളാണോ പ്രസവിച്ചത്. ഇനി എന്നെ കുറിച്ചാല്‍ നിങ്ങള്‍
സംസാരിച്ചാല്‍.. ബ്ലെഡീ..........''- അതിരോഷത്തോടെയാണ് രവി
മോഹന്‍ ഖുശ്ബുവിനെക്കുറിച്ച് പറഞ്ഞത്. ഈ ആരോപണങ്ങള്‍ക്ക് 'ഡിഎന്‍എ
തെളിയിക്കാന്‍ പാടുപെടുന്നവര്‍' എന്ന പരിഹാസത്തോടെയാണ്
ഖുശ്ബു പ്രതികരിച്ചത്. വിഷയത്തില്‍ തുടക്കം മുതലേ ആരതിയ പിന്തുണച്ച ആളാണ് നടി
ഖുശ്ബു സുന്ദര്‍ . ഏറ്റവുമൊടുവില്‍ ആരതി പങ്കുവച്ച പോസ്റ്റിന് താഴെയും, 'ഒരു അമ്മയോട് ഒരിക്കലും കളിക്കാന്‍ നില്‍ക്കരുത്' ന്ന്
പറഞ്ഞാണ് ഖുശ്ബു എത്തിയത്. എന്നാല്‍ ഖുശ്ബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ
വിമര്‍ശനം ഉയര്‍ന്നുണ്ട്. നടി തൃഷയുടെ അടുത്ത സുഹൃത്തായ ഖുശ്ബു സുന്ദര്‍, വിജയ് വിഷയത്തില്‍ നടിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അതേ സമയം ആര്‍തി
വിഷയത്തില്‍ രവി മോഹനെ പഴി പറയുകയും ചെയ്യുന്നു. ഇതെന്ത് നീതി എന്നാണ് സോഷ്യല്‍
മീഡിയയുടെ ചോദ്യം.ആര്‍തി രവിയ്ക്ക് ഒരു ന്യായവും തൃഷ കൃഷ്ണന് ഒരു ന്യായവും ആണോ,
സംഗീത സ്വര്‍ണലിംഗവും രണ്ട് മക്കളുടെ അമ്മയല്ലേ എന്നാണ് പലരും
ചോദിക്കുന്നത്. നൂറുകോടിയുടെ നഷ്ടമെന്ന് ഭാര്യ രവിമോഹനുമായുള്ള സൗഹൃദം വേര്‍പെടുത്തിയെന്ന്
പറഞ്ഞ്, കെനീഷയുടെ പോസ്റ്റ്വന്ന് മിനിട്ടുകള്‍ക്കണം ആരതിയും
തിരിച്ചടിച്ചിട്ടുണ്ട്. -'ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താന്‍
ശ്രമിക്കരുത്. ഇനി അവളൊരു പെണ്‍സിംഹമാണെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ ഒരു ദൈവം
തന്നെ വരേണ്ടിവരും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ അത്
ചൂഷണം ചെയ്യാന്‍ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസിനേയും
സംരക്ഷിക്കാന്‍ ആവശ്യമായി വന്നാല്‍ ഞാന്‍ എന്റെ സുരക്ഷിതവലയത്തില്‍ നിന്നും
പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം സത്യം എപ്പോഴും വിജയിക്കുക
തന്നെ ചെയ്യും'' - ഇങ്ങനെയാണ് ആരതി ആദ്യം കുറിച്ചത്.
കുറിപ്പിന് ആദ്യം കമന്റുമായി എത്തിയത് ഖുശ്ബുവായിരുന്നു. 'ഒരു
അമ്മയോടും ഏറ്റുമുട്ടാന്‍ നില്‍ക്കരുത്. അവള്‍ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു
പെണ്‍സിംഹമാണ്. എന്റെ കുഞ്ഞേ... നിനക്ക് കൂടുതല്‍ ശക്തിയുണ്ടാവട്ടെ'' എന്നാണ് ഖുശ്ബു കുറിച്ചത്. ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ മാധ്യമങ്ങള്‍ക്ക്
നല്‍കിയ ഔദ്യോഗിക വിശദീകരണമനുസരിച്ച്, ജയം രവിയെ
കേന്ദ്രകഥാപാത്രമാക്കി അവര്‍ മൂന്ന് വലിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അടങ്ങ
മാറു, ഭൂമി, സൈറന്‍ എന്നിവയായിരുന്നു ആ
ചിത്രങ്ങള്‍. ഈ സിനിമകളുടെ നിര്‍മ്മാണത്തിനായി മാത്രം വിവിധ ഫിനാന്‍സിയര്‍മാരില്‍
നിന്നായി 100 കോടിയോളം രൂപ കടം വാങ്ങേണ്ടി വന്നതായി സുജാത
വ്യക്തമാക്കി. ഈ മൂന്ന് ചിത്രങ്ങളില്‍ ആദ്യത്തേതായ 'അടങ്ങ
മാറു' ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നുവെന്ന് സുജാത
ആരോപിക്കുന്നു. സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടിട്ടും, തനിക്കായി
കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കണമെന്ന് ജയം രവി നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍
വീണ്ടും കടം വാങ്ങി ഭൂമി, സൈറന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍
തയ്യാറായതെന്നും അവര്‍ പറഞ്ഞു. ഈ സിനിമകള്‍ക്കായി ചെലവഴിച്ച തുകയുടെ 25 ശതമാനത്തോളം ഭാഗം ജയം രവിയുടെ പ്രതിഫലമായും അതിന്റെ നികുതി ഇനത്തിലുമാണ്
പോയതെന്ന് സുജാത വിജയകുമാര്‍ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ കുടുംബത്തില്‍
നിന്ന് അദ്ദേഹം സാമ്പത്തികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നും,
തങ്ങളുടെ പക്കല്‍ ഇതിനെല്ലാം വ്യക്തമായ ബാങ്ക് രേഖകള്‍ ഉണ്ടെന്നും
അവര്‍ പറയുന്നു. 'സൈറന്‍' എന്ന
ചിത്രത്തിന്റെ റിലീസ് സമയത്ത് ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരമായി,
സുജാതയുടെ അടുത്ത ചിത്രത്തില്‍ അഭിനയിച്ച് ഈ നഷ്ടം നികത്താമെന്ന്
കാണിച്ച് ജയം രവി ഒപ്പിട്ട ഒരു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കോടികളുടെ
കടബാധ്യത തിരിച്ചടയ്ക്കാനുള്ള യാതൊരു ഉത്തരവാദിത്തവും അദ്ദേഹം
ഏറ്റെടുത്തിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. അതേസമയം, രവിയോട്
അടുത്ത വൃത്തങ്ങളും അദ്ദേഹവും ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നു. ഈ സിനിമകള്‍
ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും നഷ്ടമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നാണ്
അവരുടെ വാദം. കൂടാതെ, തന്റെ സമ്പാദ്യങ്ങളെല്ലാം ആരതിയുടെയും
അമ്മയുടെയും കണ്‍ട്രോളിലായിരുന്നുവെന്നും, സ്വന്തമായി ഒരു
ബാങ്ക് അക്കൗണ്ട് പോലും ഉപയോഗിക്കാന്‍ തനിക്ക്
സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഈ സാമ്പത്തിക തര്‍ക്കങ്ങളും
ഇപ്പോള്‍ ഫാമിലി കോടതിയുടെ പരിഗണനയിലാണ്. പക്ഷേ ഇതില്‍ നിഷ്പക്ഷരായ സിനിമാ പ്രവര്‍ത്തകര്‍
ജയം രവിയുടെ ഭാഗത്താണ്. സാമ്പത്തിക തട്ടിപ്പുകള്‍ ഒന്നും നടത്താന്‍ കഴിയാത്ത ഒരു
പാവമാണ് അദ്ദേഹമെന്നാണ് അവര്‍ പറയുന്നത്.
