വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗര്‍ഭം അലസി; തക്കസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നെന്നു പരാതി

 


ആലപ്പുഴ: വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗര്‍ഭം അലസി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്നലെ രാവിലെ വെള്ളക്കിണര്‍ പൂപ്പറമ്പില്‍ തന്‍സീറിന്റെ ഭാര്യ നജ്ലയ്ക്കാണ് (26) വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ച് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റത്.

യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗര്‍ഭിണിയായതിനാല്‍ ഉടന്‍ തന്നെ ബീച്ച് വനിതാശിശു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണു പരാതി. യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ ഇന്നലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഈ ഡോക്ടറുടെ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഡ്യൂട്ടി ഡോക്ടര്‍ യുവതിയെ പരിശോധിക്കാനും തയ്യാറായില്ല. സ്‌കാന്‍ ചെയ്താലേ ഗര്‍ഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകൂ എന്നും ഇതിന് ആശുപത്രിയില്‍ സൗകര്യമില്ലെന്നുമാണു ഡോക്ടര്‍ പറഞ്ഞത്.

ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാല്‍ യുവതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ സ്‌കാന്‍ ചെയ്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടര്‍ന്നു യുവതിയെ അഡ്മിറ്റ് ചെയ്തു. നജ്ലയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ഗര്‍ഭം അലസിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് തുടര്‍ചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാര്‍ പറഞ്ഞു.

ബീച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പരിശോധിച്ച് ജീവന്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം. അവരുടെ പ്രതിഷേധത്തെ തുടര്‍ന്നു പൊലീസെത്തി നജ്ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കെ.സി.വേണുഗോപാല്‍ എംപി ജില്ലാ മെഡിക്കല്‍ ഓഫിസറോടു റിപ്പോര്‍ട്ട് തേടി. ബീച്ച് വനിതാശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നു സൗത്ത് പൊലീസ് അറിയിച്ചു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items