അഹമ്മദാബാദ്: സിനിമാക്കഥകളെപ്പോലും വെല്ലുന്ന രീതിയില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങി, വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ് പ്രമുഖ നടന്മാരോടൊപ്പം വേഷമിട്ട പ്രതി ഒടുവില്‍ ഗുജറാത്ത് പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായി. 2005-ലെ പ്രമാദമായ കൊലക്കേസിലെ പ്രതിയായ ഹേമന്ത് നാഗിന്‍ദാസ് പുര്‍ഷോത്തംദാസ് മോദി (53) ആണ് 12 വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം അഹമ്മദാബാദില്‍ വെച്ച് അറസ്റ്റിലായത്.
ഒളിവുകാലത്ത്
പേരും വേഷവും മാറി സിനിമാരംഗത്ത് സജീവമായ ഇയാള്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്‌മാണ്ഡ
ചിത്രമായ 'എമ്പുരാനിലും' വേഷമിട്ടിട്ടുണ്ടെന്ന
വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനോരമയാണ് ഈ വാര്‍ത്താ സൂചന നല്‍കുന്നത്.
സിനിമാ മേഖലയില്‍ 'സ്പന്ദന്‍ മോദി' എന്ന
പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ സിനിമാ ലോകത്തെ ആര്‍ക്കും തന്നെ തിരിച്ചറിയാന്‍
സാധിച്ചിരുന്നില്ല എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.
2005 ജൂണ്‍ 15-നാണ് അഹമ്മദാബാദിലെ നരോദയിലുള്ള പാര്‍ശ്വനാഥ് ടൗണ്‍ഷിപ്പില്‍ പൊതുവഴിയിലെ അനധികൃത ഗോവണിയെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ കടുത്ത തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായത്. ഈ സംഘര്‍ഷത്തിനിടയില്‍ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് വാളും ഇരുമ്പ് പൈപ്പുകളും കൊണ്ടുള്ള ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കേസില്‍ മുന്‍പ് അഭിഭാഷകനായിരുന്ന ഹേമന്ത് മോദി, ഇയാളുടെ സഹോദരന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ 2008 ഓഗസ്റ്റ് 27-ന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ആദ്യം സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഹേമന്തിനെ, 2012-ല്‍ ജയിലിനുള്ളില്‍ വെച്ച് ഗ്യാങ്സ്റ്റര്‍ 'ചേതന്‍ ബാറ്ററി' കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ മെഹ്‌സാന ജയിലിലേക്ക് മാറ്റിയിരുന്നു. ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2014 ജൂലൈ 25-ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ പരോളിലിറങ്ങിയ ഹേമന്ത് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്തിയില്ല. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയ ഹേമന്ത് തന്റെ പഴയകാല തീയേറ്റര്‍/നാടക പരിചയം വെച്ചാണ് സിനിമാ ലോകത്തേക്ക് വഴിതുറന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ തന്റെ പേരും വേഷവും നിരന്തരം മാറ്റിക്കൊണ്ടിരുന്നു. പോലീസിന്റെ കണ്ടെത്തല്‍ പ്രകാരം ഒളിവുകാലത്ത് 12-ലധികം വ്യാജ ഐഡന്റിറ്റികളാണ് ഇയാള്‍ ഉപയോഗിച്ചത്. സ്പന്ദന്‍ മോദി, സ്പന്ദന്‍ ജോഷി, സ്പന്ദന്‍ വ്യാസ്, ഹേമാംഗ് മോദി, ഹേമാംഗ് വൈഷ്ണവ്, ഹേമാംഗ് കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇയാള്‍ സിനിമാ മേഖലയില്‍ ഇടപെടുണ്‍ടുണ്ടായിരുന്നു.
സിനിമയുടെ നിര്‍മ്മാതാക്കളുടെയും
സംവിധായകരുടെയും ജാതിപ്പേരുകള്‍ക്ക് അനുസരിച്ചാണ് ഇയാള്‍ തന്റെ വ്യാജ അപ്പേരുകള്‍
തിരഞ്ഞെടുത്തിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. കുടുംബവുമായുള്ള എല്ലാ
ബന്ധങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിച്ച ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ എവിടെയും
അക്കൗണ്ടുകള്‍ എടുത്തിരുന്നില്ല. 2015 വരെ പത്താന്‍
ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പിന്നീട് അഹമ്മദാബാദിലേക്കും 2017-ഓടെ മുംബൈയിലേക്കും താമസം മാറ്റി. അവിടെ വെച്ചാണ് ബോളിവുഡ് സിനിമകളില്‍
സഹനടനായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്.
മുംബൈയില്‍ വെച്ച് അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, സാറാ അലി ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് ചിത്രങ്ങളിലും പ്രമുഖ ഒടിടി വെബ് സീരീസുകളിലും ഹേമന്ത് അഭിനയിച്ചു. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍', 'ജയേഷ്ഭായ് ജോര്‍ദാര്‍', റിലീസാകാനിരിക്കുന്ന 'മെട്രോ ഇന്‍ ദിനോ' എന്നീ ചിത്രങ്ങളിലും ഇയാള്‍ മുഖം കാണിച്ചിട്ടുണ്ട്. മലയാള മനോരമ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, മലയാളത്തില്‍ ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'എമ്പുരാനിലും' ഇയാള്‍ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് മനോരമാ വാര്‍ത്തയില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഗുജറാത്തി ചിത്രങ്ങളിലും നിരവധി നാടകങ്ങളിലും സജീവമായിരുന്ന ഇയാള്‍ 'സ്പന്ദന്‍ മോദി' എന്ന പേരില്‍ സിനിമാ സെറ്റുകളില്‍ സുരക്ഷിതനായി ജീവിച്ചുപോന്നു.
വര്‍ഷങ്ങള്‍ ഒട്ടേറെ കഴിഞ്ഞതിനാലും തന്റെ മുഖവും രൂപവും മാറിയതിനാലും പോലീസ് തന്നെ മറന്നുകാണുമെന്ന അമിത ആത്മവിശ്വാസത്തിലാണ് 2025-ല്‍ ഹേമന്ത് തിരികെ അഹമ്മദാബാദില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഘീകാന്ത മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു വീട്ടിലായിരുന്നു താമസം. എന്നാല്‍, സിനിമയിലും സീരിയലുകളിലും ഇയാളുടെ മുഖം കണ്ട് സംശയം തോന്നിയ ഒരാള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് സിറ്റി പോലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) റെയ്ഡ് നടത്തി ഇയാളെ പൊക്കുകയായിരുന്നു.
ഹേമന്ത് ഒളിവില്‍
പോയ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ കേസിലെ മറ്റ് പ്രതികളെല്ലാം (ഇയാളുടെ
സഹോദരന്‍ ഉള്‍പ്പെടെ) ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതരായിരുന്നു.
എന്നാല്‍ പരോള്‍ ലംഘിച്ച് ഒളിവില്‍ പോയി സിനിമയില്‍ അഭിനയിച്ച ഹേമന്തിന് ഇനി
ശിഷ്ടകാലവും ജയിലിനുള്ളില്‍ തന്നെ കഴിയേണ്ടി വരും. ഒരു കൊലക്കേസ് പ്രതി പോലീസിനെ
വെട്ടിച്ച് വര്‍ഷങ്ങളോളം സിനിമാ സെറ്റുകളില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ചു
നടന്ന വാര്‍ത്ത ഇപ്പോള്‍ സിനിമാ ലോകത്തെയും ഒപ്പം ജനങ്ങളെയും ഒരേപോലെ
ഞെട്ടിച്ചിരിക്കുകയാണ്.
.png)