പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വശത്താക്കി; നഗ്ന ചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി 35 പവന്‍ തട്ടി: 25കാരന്‍ അറസ്റ്റില്‍

 


മയ്യഴി: പതിനഞ്ചുകാരിയെ പ്രണയംനടിച്ച് വശത്താക്കിയ ശേഷം ഭീഷണിപ്പെടുത്തി 35 പവന്‍ സ്വര്‍ണം തട്ടിയ പ്രതി അറസ്റ്റില്‍. തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാര്‍ച്ചി ഹൗസില്‍ പി. ഫഹീം അഹമ്മദ് (25) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പലപ്പോഴായി സ്വര്‍ണം തട്ടിയ പ്രതിയെ മാഹി പോലീസ് ആണ് പിടികൂടിയത്. ചെമ്പ്ര സ്വദേശിയുടെ മകളാണ് കബളിപ്പിക്കപ്പെട്ടത്. 2024ലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയെങ്കിലും വ്യാജ പരാതിയെന്ന് പറഞ്ഞ് പോലിസ് കേസ് എഴുതി തള്ളി. എന്നാല്‍ പുതുതായി വന്ന പോലിസ് ഉദ്യോഗസ്ഥനാണ് കേസ് തെളിയിച്ചതും 15കാരിയുടെ പ്രണയ കഥ പുറത്ത് കൊണ്ടു വന്നതും.

പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയാണ് പ്രതി സ്വര്‍ണം കൈക്കലാക്കിയത്. പെണ്‍കുട്ടിക്കൊപ്പം കണ്ണൂരിലും കോഴിക്കോട്ടും പ്രതി സിനിമക്ക് പോയിരുന്നു. ഇതിനിടെ നഗ്‌നഫോട്ടോ കൈവശപ്പെടുത്തി. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് കുറേശ്ശെയായി ആഭരണങ്ങള്‍ തട്ടിയെടുത്തിരുന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. 2024 ജൂലായിയിലായിരുന്നു സംഭവം. എന്നാല്‍ യുവാവിന്റെ ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. മോഷണം നടന്നതാണെന്നാണ് വീട്ടുകാരും കരുതിയത്.

സ്വര്‍ണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വ്യാജ പരാതി നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് പള്ളൂര്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന് പിതാവിനെതിരെ കേസും എടുത്തു. ഈ കേസ് മാഹി കോടതിയില്‍ നടന്നുവരികയാണ്. അപ്പോഴും പെണ്‍കുട്ടി വിവരം തുറന്ന് പറഞ്ഞില്ല. മാഹിയില്‍ സ്ഥലം മാറിവന്ന പുതിയ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും യഥാര്‍ഥ പ്രതി പിടിയിലായതും

  ആഭരണം നഷ്ടപ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി അന്നത്തെ പള്ളൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷണ്‍മുഖമാണ് അന്വേഷിച്ചത്. എന്നാല്‍ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. മാസങ്ങള്‍ക്കു മുന്‍പ് പി.എ. അനില്‍കുമാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി മാഹിയില്‍ ചുമതലയേറ്റതോടെയാണ് കേസിന്റെ ഗതിമാറിയത്. എഴുതിത്തള്ളിയതും അന്വേഷണം അവസാനിപ്പിച്ചതുമായ കേസ് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ പള്ളൂരിലെ ഈ കേസില്‍ അദ്ദേഹത്തിന് പന്തികേടുതോന്നി. തുടര്‍ന്ന് പരാതിക്കാരനെ വിളിച്ച് അന്വേഷണം നടത്തി. ആഭരണം നഷ്ടപ്പെട്ടത് സത്യമാണെന്ന് പരാതിക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പുനരന്വേഷണം തുടങ്ങിയത്.

അന്ന് 15 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഫഹീം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി സത്യങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെപേരില്‍ സമാനമായ കേസ് കൊടുങ്ങല്ലൂരിലുമുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. പോലീസിനോട് തുറന്നുപറഞ്ഞ കാര്യങ്ങള്‍ പെണ്‍കുട്ടി കോടതിയിലും ആവര്‍ത്തിച്ചു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഭയപ്പെടുത്തി സ്വര്‍ണം കൈക്കലാക്കിയതിനും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതി വില്പന നടത്തിയ 21 പവന്‍ തലശ്ശേരി വാധ്യാര്‍പീടികക്കടുത്ത മൂന്ന് സ്വര്‍ണക്കടകളില്‍നിന്നായി പിടിച്ചെടുത്തു. കോഴിക്കോട്ടും ആഭരണം വിറ്റിട്ടുണ്ട്. ഇത് കണ്ടെടുക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പോണ്ടിച്ചേരിയിലെ പോക്‌സോ കോടതിയില്‍ ഇയാളെ തിങ്കളാഴ്ച ഹാജരാക്കും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items