തിരുവനന്തപുരം: ജനപ്രിയ നയങ്ങളുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വന്‍ പണപ്പിരിവ് തട്ടിപ്പ്. 'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്, മുഖ്യമന്ത്രിയുടെ പോസ്റ്റുകളും വിശേഷങ്ങളും കാണണമെങ്കില്‍ മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.
ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണമുണ്ടാക്കുന്ന വലിയൊരു ഓണ്‍ലൈന്‍ മാഫിയ തന്നെ അണിയറയില്‍ സജീവമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. രാഷ്ട്രീയ ഉന്നതരുടെ പേരില്‍ നടക്കുന്ന ഈ വെട്ടിപ്പ് അതീവ ഗുരുതരമായി കണ്ട്, തട്ടിപ്പ് മാഫിയയെ എത്രയും വേഗം കണ്ടെത്താനും പൂട്ടാനുമുള്ള നീക്കത്തിലാണ് സൈബര്‍ പോലീസ്.
ഫെയ്സ്ബുക്കില്‍ വി.ഡി. സതീശന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ അക്കൗണ്ടുകള്‍ കാണാം. ഇതില്‍ അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം (5,89,000) ഫോളോവേഴ്സുള്ള ഒരു പേജാണ് സബ്സ്‌ക്രിപ്ഷന്‍ തുകയായി പ്രതിമാസം 89 രൂപ ആവശ്യപ്പെടുന്നത്. ഇത്രയധികം ഫോളോവേഴ്സുള്ള പേജായതിനാല്‍ ലക്ഷക്കണക്കിന് രൂപ ഇതിനകം തന്നെ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ പേജ് വഴി എത്രപേര്‍ പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തു എന്ന വിവരങ്ങള്‍ പേജ് അഡ്മിന്‍മാര്‍ ബോധപൂര്‍വ്വം 'ഹൈഡ്' ചെയ്തു വെച്ചിരിക്കുകയാണ്.
സാധാരണയായി വലിയ തരംഗമുണ്ടാക്കുന്ന ചലച്ചിത്ര താരങ്ങളും ഇന്‍ഫ്‌ലുവന്‍സര്‍മാരുമാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്യുന്ന ആരാധകര്‍ക്ക് മാത്രമായി പ്രത്യേക പോസ്റ്റുകളും ലൈവ് വീഡിയോകളും നല്‍കുന്ന രീതിയാണിത്. ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്താണ് മാഫിയ സംഘം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ പേരില്‍ ഒരൊറ്റ വെരിഫൈഡ് ഔദ്യോഗിക ഫെയ്സ്ബുക് പേജ് മാത്രമേയുള്ളൂവെന്നും സബ്സ്‌ക്രൈബ് ചെയ്യാന്‍ പണം ആവശ്യപ്പെടുന്ന ഇത്തരം പേജുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചിട്ടുണ്ട്.
വീഡിയോ
ഉള്ളടക്കം റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും ലക്ഷക്കണക്കിന് ലൈക്കുകള്‍
വാരിക്കൂട്ടുന്ന രാഷ്ട്രീയ നേതാക്കളുടെ പേരില്‍ സമാനമായ നിരവധി 'ഉടായിപ്പ്' അക്കൗണ്ടുകളാണ് ഇന്‍സ്റ്റാഗ്രാമിലും
ഫെയ്സ്ബുക്കിലും ദിവസേന പൊങ്ങിവരുന്നത്. പ്രമുഖരുടെ ചിത്രങ്ങളും വീഡിയോകളും
എഡിറ്റ് ചെയ്ത് കയറ്റി ഫോളോവേഴ്സിനെ കൂട്ടിയ ശേഷം, പിന്നീട്
ഇത്തരം സബ്സ്‌ക്രിപ്ഷന്‍ വഴിയും വ്യാജ പരസ്യങ്ങള്‍ വഴിയും പണമുണ്ടാക്കുകയാണ് ഈ
മാഫിയയുടെ രീതി. പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും
അറിയിപ്പുകള്‍ സൗജന്യമായി ലഭിക്കേണ്ടയിടത്താണ്, പണം നല്‍കിയാല്‍
മാത്രമേ വിവരങ്ങള്‍ കാണാന്‍ സാധിക്കൂ എന്ന രീതിയില്‍ സൈബര്‍ തട്ടിപ്പുകാര്‍
വലവിരിച്ചിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്
നേരിട്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. മെറ്റാ (Meta) അധികൃതരുമായി ബന്ധപ്പെട്ട് ഈ വ്യാജ പേജുകള്‍ എത്രയും വേഗം പൂട്ടിക്കാനും,
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈബര്‍ ക്രിമിനലുകളുടെ ബാങ്ക്
അക്കൗണ്ടുകളും ഐപി അഡ്രസ്സും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുമാണ് പോലീസിന്റെ
നീക്കം. രാഷ്ട്രീയ നേതാക്കളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം
വ്യാജ പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ്
ആഭ്യന്തര വകുപ്പ് നല്‍കുന്ന സൂചന.
