ഏറ്റവും അപകടകരമായ ചര്‍മ്മത്തിലെ കാന്‍സര്‍ യു കെയില്‍ വ്യാപകമാകുന്നു; മെലനോമ സ്‌കിന്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ഷത്തില്‍ 20,000 കടന്നു; അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ശരീരത്തില്‍ ഏല്‍ക്കുന്നതാണ് കാരണമെന്ന് വിദഗ്ധര്‍

 


ലണ്ടന്‍: പ്രതിവര്‍ഷം മെലനോമ സ്‌കിന്‍ കാന്‍സര്‍ കണ്ടെത്തുന്നവരുടെ എണ്ണം 20,000 കടന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സൂര്യനില്‍ നിന്നോ സണ്‍ബെഡുകളില്‍ നിന്നോ അമിതമായ അളവില്‍ അള്‍ട്രാവയലറ്റ് (യു വി) രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതാണ് ഇതിനു ഒരു കാരണമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയ മെലനോമ സ്‌കിന്‍ കാന്‍സര്‍ കേസുകളില്‍ 10 ല്‍ ഒമ്പതെണ്ണവും ഒഴിവാക്കാമായിരുന്ന കേസുകളാണെന്നും ചാരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത വേനലില്‍ കൂടുതല്‍ കരുതലുകള്‍ എടുത്ത് സ്‌കിന്‍ കാന്‍സര്‍ വരുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുരുങ്ങിയ എസ് പി എഫ് 30 ഉള്ളതും നാലോ അഞ്ചോ സ്റ്റാറുകള്‍ ഉള്ളതുമായ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിച്ചോ, തണലുകളില്‍ വിശ്രമിച്ചോ ഇത് സാധ്യമാക്കാവുന്നതാണ്. ചര്‍മ്മത്തിന് ഇരുണ്ട നിറമുള്ളവര്‍ ഉള്‍പ്പടെ ആര്‍ക്കും സണ്‍ബേണ്‍ ബാധിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ, താപനില ഉയരുന്ന ഈ ബാങ്ക് ഹോളിഡെ വാരാന്ത്യത്തില്‍ സുരക്ഷിതരായി ഇരിക്കണമെന്നും ചാരിറ്റി പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു

 സണ്‍ബേണ്‍ ബാധിച്ചാല്‍ അതിനര്‍ത്ഥം നിങ്ങളുടെ ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടായിരിക്കുന്നു എന്നാണ്. അതിന് ശരീരത്തില്‍ പൊള്ളലേല്‍ക്കുകയോ, അതല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള പാടുകള്‍ വരുകയോ ചെയ്യണമെന്നില്ല. അതുകൊണ്ടു തന്നെ ചര്‍മ്മത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസാധാരണത്വം കണ്ടെത്തിയാല്‍ ഉടനടി ജി പിയുടെ സേവനം ആവശ്യപ്പെടണമെന്നാണ് കാന്‍സര്‍ റിസര്‍ച്ച് യു കെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ മിറ്റ്ച്ചല്‍ പറയുന്നത്. ഒരു കുരുവോ  തടിപ്പോ ചര്‍മ്മത്തിനു പുറത്ത് പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ഒരു ഭാഗം അസാധാരണമാം വിധം കാണപ്പെടുകയോ ചെയ്താല്‍ നിര്‍ബന്ധമായും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. അത് കാന്‍സര്‍ ആകണമെന്നില്ല. എന്നിരുന്നാലും നേരത്തേ അത്തരം ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നത് തീര്‍ച്ചയായും കാന്‍സര്‍ തടയുന്നതില്‍ ഫലപ്രദമായിരിക്കും.

2022 ല്‍ 20,980 മെലനോമ ബാധിതര്‍ യു കെയില്‍ ഉണ്ടായിരുന്നു എന്നാണ് ചാരിറ്റിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും മാരകമായ ഈ സ്‌കിന്‍ കാന്‍സര്‍ ഇത്രയധികം പേരില്‍ ഒരു വര്‍ഷത്തില്‍ കാണപ്പെടുന്നത് ഇതാദ്യമായാണ്. സണ്‍ ബാത്തിംഗ്, സണ്‍ബെഡ് ഉപയോഗം എന്നിവ കാരണം ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഇത് അധികമായി കാണപ്പെടുന്നത്. അതേസമയം, പുരുഷന്മാരില്‍ ഇത് കൂടുതലായി കാണപ്പെടുന്നത് മദ്ധ്യവയസ്‌കരിലാണ്. കൂടുതല്‍ സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ സണ്‍ബെഡുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടെങ്കിലും, കോണ്‍ടാക്റ്റ് ലെസ് പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് 8 വയസ്സില്‍ താഴെയുള്ളവരും ഇത് വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. വില്പന ശാലകളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടാതെയാണ് ഇത് നടക്കുന്നത്. അതുകൊണ്ടു തന്നെ സണ്‍ബെഡുകള്‍ വാങ്ങുമ്പോള്‍ ഐ ഡി പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items