തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ വന്ദേമാതര വിവാദം; ഗവര്‍ണ്ണര്‍ ആര്‍ലേക്കര്‍ക്കറിന് വന്ദേമാതരം നിര്‍ബന്ധം; വിജയ് സത്യപ്രതിജ്ഞാ ദിന വിവാദത്തിന് പിന്നാലെ സതീശന്‍ സര്‍ക്കാരിന്റെ ചടങ്ങിലേക്കും കണ്ണ് നട്ട് രാഷ്ട്രീയ കേരളം; കേന്ദ്രത്തിന്റെ പുതിയ വന്ദേമാതര പ്രോട്ടോക്കോള്‍ കേരളത്തിലും നടപ്പാക്കിയേക്കും; തമിഴകത്തെ 'അര്‍ലേര്‍ക്കര്‍ മോഡല്‍' സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കും?

 


തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്കൊടുവില്‍ പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ തര്‍ക്കത്തോടെയാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ പുതുതായി അധികാരമേറ്റ വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി ഉയര്‍ന്ന കടുത്ത രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ 'വന്ദേമാതരം' മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് വാരന്തകളിലെ പ്രധാന ചര്‍ച്ചാവിഷയം.

കേരള ഗവര്‍ണ്ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് നിലവില്‍ തമിഴ്നാടിന്റെയും അധിക ചുമതല വഹിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ വെച്ച് നടന്‍ സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ടി.വി.കെ. സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങ് പരമ്പരാഗത ശൈലികളെല്ലാം കാറ്റില്‍പ്പറത്തി 'വന്ദേമാതരം' ആലപിച്ചുകൊണ്ടാണ് ആരംഭിച്ചത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ചടങ്ങുകള്‍ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' പാടി ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാല്‍ വന്ദേമാതരം ഒന്നാമതായും, ദേശീയഗാനം രണ്ടാമതായും ആലപിച്ചപ്പോള്‍ സംസ്ഥാന ഗാനം മൂന്നാമതായി തള്ളിപ്പോയത് ഡി.എം.കെ. ഉള്‍പ്പെടെയുള്ള കക്ഷികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി.

തമിഴ്നാട്ടില്‍ വന്ദേമാതരത്തെച്ചൊല്ലിയുള്ള ഈ രാഷ്ട്രീയ പുകിലിന് വഴിവെച്ച അതേ ഗവര്‍ണ്ണര്‍ തന്നെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വി.ഡി. സതീശനും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് എന്നത് ചടങ്ങിന്റെ പ്രോട്ടോക്കോളിനെ അതീവ ശ്രദ്ധേയമാക്കുന്നു. എന്നാല്‍ തമിഴ്നാട്ടിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങിലെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നിട്ട് കൂടി, വന്ദേമാതരത്തിന്റെ ജന്മനാടായ ബംഗാളില്‍ അത് ആലപിച്ചതേയില്ല. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നടന്ന ആ ചടങ്ങില്‍ ടാഗോറിന്റെ ചിത്രത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ബംഗാളില്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ പ്രോട്ടോക്കോള്‍ ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ, ദേശീയഗാനത്തിന് (ജനഗണമന) നല്‍കുന്ന അതേ ബഹുമാനവും പദവിയും വന്ദേമാതരത്തിനും നല്‍കുന്ന രീതിയില്‍ ഭേദഗതി വരുത്താനും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാകും.

കേന്ദ്രത്തിന്റെ പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണ്ണറുടെ സാന്നിധ്യത്തിലുള്ള സംസ്ഥാന ചടങ്ങുകള്‍ക്ക് കടുത്ത നിബന്ധനകളാണ് ഉള്ളത്. ഗവര്‍ണ്ണര്‍ ഔദ്യോഗികമായി ചടങ്ങിലേക്ക് എത്തുമ്പോഴും ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം നിര്‍ബന്ധമായും ആലപിച്ചിരിക്കണം. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 'ആനന്ദമഠം' എന്ന നോവലില്‍ നിന്നുള്ള വന്ദേമാതരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഊര്‍ജ്ജമായിരുന്നു. തുടര്‍ന്ന് 1950 ജനുവരി 24-നാണ് ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗീതമായി പ്രഖ്യാപിച്ചത്. ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട അതേ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും ബാധകമായതിനാല്‍, ഗാനം ആലപിക്കുന്ന സമയം മുഴുവന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ട്. ഔദ്യോഗിക സെറിമോണിയല്‍ ബാന്‍ഡുകളാണ് ഗാനം അവതരിപ്പിക്കുന്നതെങ്കില്‍, അതിന് മുന്നോടിയായി ഏഴു ചുവടുകള്‍ വേഗത കുറച്ചു വെക്കുന്ന തരത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനെല്ലാ പുറമെ, ഔദ്യോഗിക യോഗങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ വന്ദേമാതരമായിരിക്കണം ഒന്നാമത് വരേണ്ടത് എന്നും, അതിന് ശേഷമേ ദേശീയഗാനം ആലപിക്കാന്‍ പാടുള്ളൂ എന്നും പുതിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ഔദ്യോഗിക ഭരണ ചടങ്ങുകള്‍ സാധാരണയായി ദേശീയഗാനത്തോടെയാണ് ആരംഭിക്കാറുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ പുതിയ പ്രോട്ടോക്കോളും, തമിഴ്നാട്ടില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ നടപ്പിലാക്കിയ അതേ മാതൃകയും മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിക്കണമെന്ന് കേരള ലോക്ഭവന്‍ (രാജ്ഭവന്‍) പുതിയ യു.ഡി.എഫ്. സര്‍ക്കാരിനോട് ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ഭവനിലെ ഭാരതമാതാവിന്റെ ചിത്രത്തിനെതിരെ രംഗത്തുവന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ രാജ്ഭവന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വന്ദേമാതര നിര്‍ദ്ദേശം വന്നാല്‍ യു.ഡി.എഫ്. എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന എല്‍.ഡി.എഫ്. ഇതിനെതിരെ ശക്തമായി രംഗത്തുവരുമെന്നുറപ്പാണ്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ഔദ്യോഗിക ചടങ്ങ് വന്ദേമാതരത്തെച്ചൊല്ലിയുള്ള ഒരു പുതിയ രാഷ്ട്രീയ യുദ്ധത്തിന് വഴിവെക്കുമോ എന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items