ചെന്നൈ: സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന ചിത്രം തിയറ്ററുകളിൽ വൻ പ്രേക്ഷക
പ്രശംസയോടെ പ്രദർശനം തുടരുകയാണ്. റിലീസ് ദിനത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം
ആദ്യ ഷോകൾ മുടങ്ങിയെങ്കിലും, തടസ്സങ്ങളെല്ലാം നീങ്ങി
ഇന്നലെയോടെ ചിത്രം എല്ലാ തിയറ്ററുകളിലും പ്രദർശനത്തിനെത്തി. ആദ്യ ദിനം തന്നെ
മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ആഗോളതലത്തിൽ 15 കോടിയോളം
രൂപ കളക്ട് ചെയ്ത് ബോക്സ് ഓഫീസിലും കരുത്തുറ്റ തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ടു
പതിറ്റാണ്ടുകൾക്ക് ശേഷം തെന്നിന്ത്യൻ താരം തൃഷ സൂര്യയുടെ നായികയായി
തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിൽ നിന്ന്
ഇന്ദ്രൻസ്, സ്വാസിക, അനഘ രവി എന്നിവരും
ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരുടെ മികച്ച പ്രകടനത്തെ പ്രശംസിച്ച്
സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. അതിനിടെ, ചിത്രത്തിലെ
താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ
നടന്നിരുന്നു. സൂര്യയ്ക്ക് 40 കോടിയും തൃഷയ്ക്ക് 5 കോടിയും സംവിധായകൻ ആർ.ജെ. ബാലാജിക്ക് 4 കോടിയും
ലഭിച്ചെന്നും, മലയാള താരങ്ങളായ ഇന്ദ്രൻസിന് 80 ലക്ഷവും സ്വാസികയ്ക്ക് 40 ലക്ഷവുമാണ്
പ്രതിഫലമെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ, ഈ
വാർത്തകളിൽ വ്യക്തത വരുത്തി നടി സ്വാസിക തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് താഴെ "അയ്യോ എനിക്കൊന്നും
ഈ പ്രതിഫലം കിട്ടിയില്ലേ" എന്ന് സ്വാസിക കമന്റ് ചെയ്തതോടെ, പ്രതിഫലത്തെക്കുറിച്ച് പ്രചരിച്ച കണക്കുകൾ തെറ്റാണെന്ന് വ്യക്തമായി.
യുവ സംഗീത പ്രതിഭ സായ് അഭ്യങ്കർ ഈണമിട്ട ഗാനങ്ങളും ജി.കെ.
വിഷ്ണുവിന്റെ മികച്ച ദൃശ്യാവിഷ്കാരവും ചിത്രത്തിന് കൂടുതൽ തിളക്കം കൂട്ടുന്നുണ്ട്.
കലൈവാനൻ എഡിറ്റിംഗും പ്രമുഖ സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്ന് ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ
പ്രധാന ആകർഷണങ്ങളാണ്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ്
ചിത്രത്തിന് വേണ്ടി ഗംഭീരമായ സെറ്റുകൾ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക തികവോടെയും
മികച്ച താരനിരയോടെയും എത്തിയ 'കറുപ്പ്' സൂര്യയുടെ കരിയറിലെ വലിയൊരു വിജയത്തിലേക്കാണ് കുതിക്കുന്നത്.
