ധരംശാല: ഐപിഎല്ലിൽ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ലക്ഷ്യമിട്ട്
ഇറങ്ങുന്ന പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും. ആവേശപ്പോരിൽ ടോസ് നേടിയ
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. ധരംശാലയിലെ മനോഹരമായ
സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ്
അയ്യരുടെ നൂറാം മത്സരമെന്ന പ്രത്യേകതയുമുണ്ട്. സീസണിൽ തുടർച്ചയായ ആറ് വിജയങ്ങൾക്ക്
ശേഷം, കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തുടർച്ചയായ പരാജയങ്ങൾ
ഏറ്റുവാങ്ങിയാണ് ശ്രേയസ് അയ്യരും സംഘവും വരുന്നത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ
പഞ്ചാബിന് ഇന്ന് വിജയം അനിവാര്യമാണ്. പതിവ് നായകൻ രജത് പാട്ടിദാറിന്റെ
അസാന്നിധ്യത്തിൽ ജിതേഷ് ശർമ്മയാണ് ഇന്ന് ആർസിബിയെ നയിക്കുന്നത്. ടോസിന് ശേഷം
ക്യാപ്റ്റന്മാർ പറഞ്ഞത്: ശ്രേയസ് അയ്യർ (പഞ്ചാബ് കിങ്സ്): "ഞങ്ങൾ ആദ്യം ബൗൾ
ചെയ്യാനാണ് തീരുമാനിച്ചത്. സ്റ്റാറ്റിസ്റ്റിക്സ് നോക്കിയല്ല, കളി എങ്ങനെ പോകുന്നു എന്ന് കണ്ടറിഞ്ഞാണ് തീരുമാനം. നന്നായി ബാറ്റ്
ചെയ്യാനും ബൗൾ ചെയ്യാനും സാധിച്ചാൽ ടോസ് ഒരു ഘടകമേയല്ല. ക്യാപ്റ്റനെന്ന നിലയിൽ ഇത്
എന്റെ നൂറാം മത്സരമാണെന്ന് എനിക്ക് അറിയില്ലായിരുന്നു, വലിയ
സന്തോഷം തോന്നുന്നു. ഈ നൂറാം മത്സരം വിജയത്തോടെ ആഘോഷിക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷ. ഞങ്ങളുടെ ബൗളിങ് മികച്ചതാണ്, എങ്കിലും
സമ്മർദ്ദഘട്ടങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കേണ്ടതുണ്ട്. കഴിഞ്ഞ കാര്യങ്ങളെ
മാറ്റാനോ ഭാവിയെ മുൻകൂട്ടി കാണാനോ കഴിയില്ല. ഈ നിമിഷത്തിൽ ജീവിക്കുക, കളി ആസ്വദിക്കുക എന്നതാണ് പ്രധാനം. ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്; ഹർപ്രീത് ബ്രാർ ലോക്കി ഫെർഗൂസനും പ്ലേയിങ് ഇലവനിലേക്ക്
തിരിച്ചെത്തി."
ജിതേഷ് ശർമ്മ (ആർസിബി ക്യാപ്റ്റൻ): "ആദ്യം ബൗൾ
ചെയ്യാനായിരുന്നു ഞങ്ങൾക്കും താല്പര്യം. എങ്കിലും വിക്റ്റ് മികച്ചതാണ്, 40 ഓവറിലും ഇത് നന്നായി കളിക്കാൻ പാകത്തിലുള്ളതാണ്. രജത് പരിക്കിൽ നിന്ന്
മികച്ച രീതിയിലാണ് സുഖം പ്രാപിച്ചുവരുന്നത്, ഹൈദരാബാദിനെതിരെയുള്ള
മത്സരത്തിൽ അദ്ദേഹം ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.. ഓരോ മത്സരവും ഞങ്ങൾക്ക്
പ്രധാനപ്പെട്ടതാണ്. ഈ ഒരു വിജയം ഞങ്ങൾക്കും മറ്റ് ടീമുകൾക്കും വലിയ മാറ്റങ്ങൾ
ഉണ്ടാക്കും. രജതിന് പകരം സുയാഷ് ശർമ്മയും ജേക്കബ് ഡഫിക്ക് പകരം റൊമാരിയോ ഷെപ്പേർഡും
ടീമിലിടം നേടി." ടീം ലൈനപ്പ്: പഞ്ചാബ് കിങ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), കൂപ്പർ
കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ്
ഷെഡ്ഗെ, ശശാങ്ക് സിങ്, അസ്മത്തുള്ള
ഒമർസായ്, ഹർപ്രീത് ബ്രാർ, ലോക്കി
ഫെർഗൂസൻ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര
ചഹൽ. ഇംപാക്ട് പ്ലേയർ: മാർക്കസ് സ്റ്റോയിനിസ്, സേവ്യർ
ബാർട്ട്ലെറ്റ്, വിഷ്ണു വിനോദ്, മുഷീർ
ഖാൻ, പ്രവീൺ ദുബെ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ജേക്കബ് ബെഥേൽ,
വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, വെങ്കിടേഷ് അയ്യർ, ജിതേഷ് ശർമ്മ
(ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ. ഇംപാക്ട് പ്ലേയർ: റസിഖ് സലാം ദാർ, ജോർദാൻ
കോക്സ്, അഭിനന്ദൻ സിങ്, സ്വപ്നിൽ സിങ്,
കനിഷ്ക് ചൗഹാൻ.
